- Chinju MA
- 07 Sep 2026
ബാത്ത്റൂം ടൈൽ തിരഞ്ഞെടുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; കേരളത്തിലെ വീടുകൾക്ക് അനുയോജ്യമായ ടൈൽ ഏതെല്ലാം എന്നറിയാം
വീടിന്റെ ഇന്റീരിയർ മനോഹരമാക്കുന്നതിൽ ബാത്ത്റൂമിനും വലിയ പ്രാധാന്യമുണ്ട്. മനോഹരമായ സാനിറ്ററി ഫിറ്റിങ്സും മികച്ച ലൈറ്റിങ്ങും മാത്രമല്ല ശരിയായ ടൈൽ തിരഞ്ഞെടുപ്പാണ് ബാത്ത്റൂമിന്റെ ഭംഗിയെയും സുരക്ഷയെയും ദീർഘകാല ഉപയോഗത്തെയും ഒരുപോലെ സ്വാധീനിക്കുന്നത്. പ്രത്യേകിച്ച് കേരളം പോലുള്ള ഉയർന്ന ഈർപ്പവും ശക്തമായ മഴയും ലഭിക്കുന്ന പ്രദേശങ്ങളിൽ ബാത്ത്റൂമിനായി ടൈൽ തിരഞ്ഞെടുക്കുമ്പോൾ ഭംഗിക്കൊപ്പം ചില പ്രായോഗിക കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
ബാത്ത്റൂമിലെ ഫ്ലോറിന് ടൈൽ തിരഞ്ഞെടുക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് വഴുക്കൽ പ്രതിരോധം ആണ്. വെള്ളം സ്ഥിരമായി വീഴുന്ന സ്ഥലമായതിനാൽ വളരെ സ്മൂത്തായതോ ഹൈ-ഗ്ലോസ് ഫിനിഷുള്ളതോ ആയ ടൈലുകൾ ഫ്ലോറിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതണ് സുരക്ഷിതം. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും വീട്ടിലുണ്ടെങ്കിൽ ഈ കര്യം കൂടുതൽ ഗൗരവമായി പരിഗണിക്കണം. കുറച്ച് ടെക്സ്ചറുള്ളതോ മാറ്റ് ഫിനിഷുള്ളതോ ആയ ആന്റി സ്കിഡ് ടൈലുകൾ ബാത്ത്റൂം ഫ്ലോറിന് കൂടുതൽ അനുയോജ്യമാണ്.
കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ വെള്ളം വേഗത്തിൽ ഒഴുകിപ്പോകുന്നത് വളരെ പ്രധാനമാണ്. അതിനാൽ ടൈലിനൊപ്പം ഫ്ലോറിന്റെ സ്ലോപ്പ്നും ശ്രദ്ധ നൽകണം. മികച്ച ആന്റി സ്കിഡ് ടൈൽ ഉപയോഗിച്ചാലും വെള്ളം കെട്ടിനിൽക്കുന്ന രീതിയിലാണ് ഫ്ലോർ ചെയ്തിരിക്കുന്നതെങ്കിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാം. ടൈൽ ഇടുന്നതിന് മുമ്പ് ശരിയായ സ്ലോപ്പ് ഉറപ്പാക്കുകയും വെള്ളം ഡ്രൈനിലേക്ക് എളുപ്പത്തിൽ ഒഴുകുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
ടൈലിന്റെ വലുപ്പവും ബാത്ത്റൂമിന്റെ ആയുസിനെ ബാധിക്കുന്ന ഘടകമാണ്. വലിയ ടൈലുകൾക്ക് ജോയിന്റ് കുറവായതിനാൽ വൃത്തിയാക്കാൻ എളുപ്പമാണ്. എന്നാൽ വളരെ ചെറിയ ബാത്ത്റൂമുകളിൽ അധികം വലിയ ടൈലുകൾ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും മികച്ച തിരഞ്ഞെടുപ്പാകണമെന്നില്ല. മുറിയുടെ വലുപ്പവും ലേഔട്ട്ഉം കണക്കിലെടുത്ത് ടൈൽ സൈസ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ചെറിയ ബാത്ത്റൂമുകളിൽ വലിയ ടൈലുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കട്ടിങ് ആവശ്യമായി വരാനും ഡിസൈനിന്റെ ഭംഗി കുറയാനും സാധ്യതയുണ്ട്.
വൃത്തിയാക്കാനുള്ള എളുപ്പവും ടൈൽ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കണം. വളരെ ആഴത്തിലുള്ള ടെക്സ്ചറുള്ള ടൈലുകൾ കാഴ്ചയിൽ മനോഹരമായിരിക്കാം, എന്നാൽ അവയിൽ സോപ്പിന്റെ അവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ദിവസേന വൃത്തിയാക്കുന്ന ബാത്ത്റൂമിന് പരിപാലനം എളുപ്പമുള്ള ഫിനിഷാണ് കൂടുതൽ പ്രായോഗികം. അതുപോലെ വളരെ വെളുത്ത ടൈലുകളിൽ വെള്ളക്കറയും സോപ്പ് പാടുകളും പെട്ടെന്ന് ശ്രദ്ധയിൽപ്പെടാം. അതിനാൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സ്വഭാവവും വൃത്തിയാക്കുന്ന രീതിയും കൂടി കണക്കിലെടുക്കുന്നത് നല്ലതാണ്.
വാൾ ടൈലിനും ഫ്ലോർ ടൈലിനും ഒരേ മാനദണ്ഡം ആവശ്യമില്ല. ഫ്ലോറിന് പ്രധാന പരിഗണന സുരക്ഷയും ഗ്രിപ്പും ആണെങ്കിൽ, വാളിൽ ഡിസൈനിനും എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന ഫിനിഷിനും കൂടുതൽ പ്രാധാന്യം നൽകാം. അതിനാൽ വാൾ ടൈലായി ഗ്ലോസി ഫിനിഷ് തിരഞ്ഞെടുക്കുന്നതിൽ വലിയ പ്രശ്നമില്ലെങ്കിലും, ഷവർ ഏരിയ പോലുള്ള വെള്ളം കൂടുതലായി നേരിട്ട് പതിക്കുന്ന ഭാഗങ്ങളിൽ പരിപാലനം എളുപ്പമുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നത് പ്രായോഗികമാണ്.
കേരളത്തിലെ വീടുകളിൽ ബാത്ത്റൂം ഡിസൈൻ ചെയ്യുമ്പോൾ വെന്റിലേഷൻ കൂടി മറക്കരുത്. നല്ല ടൈൽ മാത്രം ഉപയോഗിച്ചതുകൊണ്ട് ഈർപ്പം സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ല. ജനൽ, എക്സോസ്റ്റ് ഫാൻ തുടങ്ങിയവയിലൂടെ ബാത്ത്റൂമിൽ വായുസഞ്ചാരം ഉറപ്പാക്കുന്നത് ഈർപ്പം കുറയ്ക്കാനും ദുർഗന്ധവും പൂപ്പലും നിയന്ത്രിക്കാനും സഹായിക്കും. ടൈലുകൾ തിരഞ്ഞെടുക്കുമ്പോഴും ബാത്ത്റൂമിന്റെ ഈർപ്പം നിലനിർത്തുന്ന രീതിയിലുള്ള ഡിസൈൻ ഒഴിവാക്കുന്നതാണ് നല്ലത്.
ടൈലിന്റെ നിറവും പാറ്റേണും ബാത്ത്റൂമിന്റെ വലുപ്പം തോന്നുന്നതിലും വലിയ സ്വാധീനം ചെലുത്തും. ചെറിയ ബാത്ത്റൂമുകൾക്ക് ലൈറ്റ് ഷേഡുകളായ ഓഫ്-വൈറ്റ്, ബീജ്, ലൈറ്റ് ഗ്രേ തുടങ്ങിയ നിറങ്ങൾ കൂടുതൽ വിശാലമായ തോന്നൽ നൽകും. എന്നാൽ മുഴുവൻ ബാത്ത്റൂമും ഒരേ നിറത്തിൽ ചെയ്യുന്നതിനുപകരം ഷവർ ഏരിയയിലോ ഒരു പ്രത്യേക വാളിലോ വ്യത്യസ്ത ടെക്സ്ചറോ ഡാർക്ക് ഷേഡോ ഉപയോഗിച്ചാൽ ഡിസൈനിന് കൂടുതൽ ആകർഷണം ലഭിക്കും.
ടൈൽ തിരഞ്ഞെടുക്കുമ്പോൾ ഗുണനിലവാരവും പരിശോധിക്കണം. ടൈലിന്റെ പുറംഭംഗി മാത്രം നോക്കി വാങ്ങുന്നതിന് പകരം അത് ഏത് ഉപയോഗത്തിനാണ് നിർദേശിച്ചിരിക്കുന്നതെന്ന് പരിശോധിക്കണം. പ്രത്യേകിച്ച് ഫ്ലോർ ടൈൽ വാൾ ടൈലിന് പകരം ഉപയോഗിക്കുന്നതും തിരിച്ചും ചെയ്യുന്നതും ശരിയായ തിരഞ്ഞെടുപ്പല്ല. ടൈലിന്റെ ടെക്നിക്കൽ സ്പെസിഫിക്കേഷനുകൾ, വെള്ളം ആഗിരണം ചെയ്യുന്ന തോത്, ഫ്ലോറിനുള്ള സ്യുട്ടബിലിറ്റി , സ്ലിപ്,റെസിസ്റ്റൻസ് തുടങ്ങിയ കാര്യങ്ങൾ ഡീലറിൽ നിന്നോ നിർമ്മാതാവിൽ നിന്നോ മനസ്സിലാക്കുന്നത് നല്ലതാണ്.
ജോയിന്റുകൾക്കും ഗ്രൗട്ടിനും ടൈലിനോളം തന്നെ പ്രാധാന്യമുണ്ട്. വെള്ളം കൂടുതലായി ലഭിക്കുന്ന ബാത്ത്റൂമിൽ സാധാരണ ഗ്രൗട്ട് പെട്ടെന്ന് കറപിടിക്കുകയോ കേടാകുകയോ ചെയ്യാം. അതിനാൽ ഈർപ്പം കൂടുതലുള്ള ഭാഗങ്ങളിൽ അനുയോജ്യമായ ഗുണമേന്മയുള്ള ഗ്രൗട്ട് ഉപയോഗിക്കുകയും ജോയിന്റുകൾ ശരിയായി സീൽ ചെയ്യുകയും വേണം. ടൈൽ സ്ഥാപിക്കുന്ന ജോലിയുടെ ഗുണനിലവാരം മോശമാണെങ്കിൽ മികച്ച ടൈൽ ഉപയോഗിച്ചാലും പിന്നീട് ചോർച്ചയും മറ്റ് പ്രശ്നങ്ങളും ഉണ്ടാകാം.
അതുകൊണ്ട് ബാത്ത്റൂം ടൈൽ തിരഞ്ഞെടുക്കുമ്പോൾ ട്രെൻഡിനേക്കാൾ നിങ്ങളുടെ വീടിന്റെ ആവശ്യത്തിനാണ് പ്രധാന്യം നൽക്കേണ്ടത്. സോഷ്യൽ മീഡിയയിലോ ഡിസൈൻ മാഗസിനുകളിലോ കണ്ട ഒരു ടൈൽ അതേപടി വീട്ടിൽ ഉപയോഗിക്കുന്നതിന് മുമ്പ് കേരളത്തിലെ കാലാവസ്ഥ, കുടുംബത്തിലെ അംഗങ്ങളുടെ പ്രായം, ബാത്ത്റൂമിന്റെ വലുപ്പം, വെള്ളത്തിന്റെ ഉപയോഗം, വൃത്തിയാക്കാനുള്ള സൗകര്യം എന്നിവ കൂടി പരിഗണിക്കണം. ഭംഗിയുള്ള ടൈൽ തിരഞ്ഞെടുക്കുന്നതിനെക്കാൾ പ്രധാനമാണ് വർഷങ്ങളോളം സുരക്ഷിതമായും എളുപ്പത്തിൽ പരിപാലിച്ചും ഉപയോഗിക്കാൻ കഴിയുന്ന ടൈൽ തിരഞ്ഞെടുക്കുന്നത്.