• Vinisha M
  • 30 Dec 2025

സ്റ്റെയർകെയ്സ് പണിഞ്ഞ് ലക്ഷങ്ങൾ കളയല്ലേ, ചെലവ് പകുതിയായി കുറയ്ക്കാൻ ഈ മാർഗങ്ങൾ പരീക്ഷിക്കൂ

വീടിന് മികച്ച ഭംഗി നൽകുന്നതിൽ ഗോവണിയുടെ സ്ഥാനവും രൂപകൽപ്പനയും വളരെ പ്രധാനമാണ്, എന്നാൽ ഈ ഘടകത്തിൻ്റെ നിർമ്മാണച്ചെലവ് പലപ്പോഴും നമ്മുടെ ബഡ്ജറ്റിനെ താളം തെറ്റിക്കാറുണ്ട്; അതുകൊണ്ടുതന്നെ, പോക്കറ്റിനിണങ്ങിയ ഒരു ഗോവണി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന ചില കാര്യങ്ങൾ ഇനി പരിചയപ്പെടുത്താം.

കൃത്യമായ അളവുകൾ പണനഷ്ടം ഒഴിവാക്കും 


ഒരു പടിയുടെ അടിസ്ഥാന ഘടകങ്ങളായ റൈസ്, ത്രെഡ്/റൺ, നോസിങ് എന്നിവയുടെ കൃത്യമായ അളവുകൾ പണനഷ്ടം ഒഴിവാക്കാൻ അത്യന്താപേക്ഷിതമാണ്. ഒരു പടിയിൽ നിന്ന് അടുത്തതിലേക്ക് കാലെടുത്തു വയ്ക്കാനുള്ള ഉയരമാണ് റൈസ്, ഇത് 15-17 സെ.മീ ആയി നിലനിർത്തുന്നത് ഉചിതമാണ്. കാരണം, റൈസിൻ്റെ അളവ് കുറയുമ്പോൾ പടികളുടെ എണ്ണം കൂടുകയും അതുവഴി കയറാനുള്ള പ്രയാസവും ചെലവും വർധിക്കുകയും ചെയ്യും. ചവിട്ടുന്ന ഭാഗമായ ത്രെഡിന് 10-12 ഇഞ്ച് നീളവും 90-105 സെ.മീ വരെ വീതിയും നൽകണം, ത്രെഡിൻ്റെ വീതി കുറയുകയാണെങ്കിൽ നോസിങ് കൂട്ടി നൽകേണ്ടി വരും.

കൈവരികൾ പണിയാം ശ്രദ്ധയോടെ


സുരക്ഷ ഉറപ്പാക്കുന്ന കൈവരികൾക്ക് 90 സെ.മീ ഉയരവും, അഴികൾ തമ്മിലുള്ള അകലം 10 സെ.മീ കൂടാതെയും ശ്രദ്ധിച്ചാൽ ഗോവണി നിർമ്മാണത്തിലെ അബദ്ധങ്ങൾ ഒഴിവാക്കാം.

മെറ്റൽ ഫ്രെയിം ഗോവണികൾ


ഇന്ന് കോൺക്രീറ്റ് ഗോവണികളേക്കാൾ മെറ്റൽ ഫ്രെയിമിലുള്ള ഗോവണികളാണ് കൂടുതൽ ഉപയോഗിക്കുന്നത്, ഇതിന് താരതമ്യേന ചെലവ് കുറവാണ്.

 

പടികൾക്ക് ചെലവ് കുറഞ്ഞ മെറ്റീരിയലുകൾ 


ഗ്രാനൈറ്റ്, പ്ലൈവുഡ്, തടി, ടൈൽ തുടങ്ങിയവ പടി നിർമ്മാണത്തിൽ  ഉപയോഗിക്കാമെങ്കിലും, പഴയ തടിപ്പലകകൾ ഉപയോഗിക്കുന്നത് ചെലവ് വീണ്ടും കുറയ്ക്കാൻ സഹായിക്കും; അല്ലെങ്കിൽ പടികളുടെ സ്ഥാനത്ത് തടിയുടെ ഫിനിഷിലുള്ള ടൈലോ മെറ്റലോ കൊടുക്കുന്നതും ചെലവ് കുറയ്ക്കും.

വിലകൂടിയ കൈവരികൾ ഒഴിവാക്കുക


ഗോവണിയുടെ കൈവരികളും ചെലവ് കൂട്ടുന്ന ഒരു ഘടകമാണ്. തടി, ഗ്ലാസ്, കാസ്റ്റ് അയൺ എന്നിവയെല്ലാം ചെലവ് വർദ്ധിപ്പിക്കുമ്പോൾ, മുള, മെറ്റൽ പൈപ്പ്, മെറ്റൽ സ്ട്രിങ് എന്നിവ ഉപയോഗിക്കുന്നത് ചെലവ് കുറയ്ക്കാൻ സഹായിക്കും.

ലളിതമായ കൈവരി ഡിസൈനുകൾ


വലിയ ഡിസൈൻ വർക്കുകൾ ഒഴിവാക്കി ലളിതവും നേർരേഖയിലുള്ളതുമായ കൈവരികൾ നൽകാം, അല്ലെങ്കിൽ ഒരു വശത്ത് മാത്രം ഹാൻഡ്റെയിൽ നൽകേണ്ട വിധത്തിൽ ഡിസൈൻ ചെയ്യുന്നതും ചെലവ് കുറയ്ക്കാൻ നല്ലതാണ്.

അലുമിനിയം കൈവരികൾ നൽകും ഭംഗിയും ലാഭവും


കാസ്റ്റ് അയണിന് പകരം അലുമിനിയം കൈവരി ഉപയോഗിച്ചാൽ അതേ ഭംഗിയിൽ കുറഞ്ഞ ചെലവിൽ ഇഷ്ടപ്പെട്ട ഡിസൈൻ നൽകാൻ സാധിക്കും. വീടിനൊരു എലഗെന്റ്  ലൂക്കും ഇതുവഴി ലഭിക്കും.

ഫെറോസിമൻ്റ് ഗോവണി നൽകും 25% വരെ ലാഭം


ഫെറോസിമൻ്റ് ബീം കാസ്റ്റ് ചെയ്ത് നിർമ്മിക്കുന്ന ഗോവണി ചെലവ് കുറയ്ക്കുന്ന മറ്റൊരു മാർഗ്ഗമാണ്, റൈസും ത്രെഡും ഉൾപ്പെടെയുള്ള വിധത്തിലും ത്രെഡ് മാത്രം കൊടുത്തും ഈ ഗോവണി നിർമ്മിക്കാം. ഒപ്പം കമ്പിയുടെ ആവശ്യം കുറവായതിനാൽ കോൺക്രീറ്റ് ഗോവണിയേക്കാൾ 20-25 ശതമാനം വരെ ചെലവ് കുറവാണ് ഈ ഗോവണിക്ക്.

ഫെറോസിമൻ്റ് സ്ലാബിനു മുകളിൽ തടിയോ ടൈലോ പ്ലൈവുഡോ ഒട്ടിച്ച് ഭംഗി കൂട്ടാം, അല്ലെങ്കിൽ ചെലവ് വീണ്ടും കുറയ്ക്കാനായി വെറുതെ പെയിൻ്റ് അടിച്ചാലും മതി.

ഇക്കോഫ്രണ്ട്ലി മുള ഗോവണി


ട്രെഡീഷനൽ, ഇക്കോഫ്രണ്ട്ലി വീടുകളിൽ മുള കൊണ്ടുള്ള ഗോവണി നൽകി ചെലവ് 25-30 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും, നന്നായി ട്രീറ്റ് ചെയ്ത മുള കൊണ്ട് ഫ്രെയിം ഉണ്ടാക്കി മെറ്റൽ ക്ലാംപ് ഉപയോഗിച്ച് പടികൾ ഘടിപ്പിക്കാവുന്നതാണ്. റൈസും ത്രെഡും മുള കൊണ്ട് തന്നെ ചെയ്തെടുക്കാം.


Share this post