- Chinju MA
- 19 Jan 2026
വീടിന്റെ ഇന്റീരിയർ സുന്ദരമാക്കും ചെലവും കുറവ്, വാർഡ്രോബുകൾ പണിയുന്നവർ ഈ മൂന്ന് മെറ്റീരിയലുകൾ ഉറപ്പായും മറക്കരുത്
സ്വപ്നഭവനം യാഥാർത്ഥ്യമാക്കുമ്പോൾ പലരെയും കുഴപ്പിക്കുന്ന ഒന്നാണ് ഇന്റീരിയർ ചെലവ്. പ്രത്യേകിച്ച് ഓരോ മുറിയിലും അത്യന്താപേക്ഷിതമായ വാർഡ്രോബുകൾ പണിയുമ്പോൾ പോക്കറ്റ് ചോരാതെ നോക്കണം. സൗന്ദര്യവും ഈടും ഒട്ടും കുറയാതെ, എന്നാൽ മരത്തേക്കാൾ വലിയ ലാഭത്തിൽ വാർഡ്രോബുകൾ നിർമ്മിക്കാൻ സഹായിക്കുന്ന മൂന്ന് മെറ്റീരിയലുകളെ പരിചയപ്പെടാം.
ഫെറോസിമന്റ് (Ferrocement)
ചെലവ് കുറഞ്ഞതും എന്നാൽ ഏറ്റവും ആയുസ്സുള്ളതുമായ രീതിയാണിത്. സിമന്റ് സ്ലാബുകൾ ഉപയോഗിച്ച് വാർഡ്രോബിന്റെ ഉൾഭാഗം ഒരുക്കുന്ന രീതിയാണിത്. വയർമെഷ്, മണൽ, സിമന്റ് എന്നിവ ചേർത്താണ് ഫെറോസിമന്റ് സ്ലാബുകൾ നിർമ്മിക്കുന്നത്. ആവശ്യമുള്ള അളവിൽ സ്ലാബുകൾ വാർത്തെടുക്കാം. ചിതൽ ശല്യമോ ഈർപ്പമോ ഭയപ്പെടേണ്ടതില്ല. ഉൾഭാഗം ഫെറോസിമന്റ് സ്ലാബ് നൽകി പുറത്ത് അലുമിനിയം ഫാബ്രിക്കേഷൻ വഴിയോ ലാമിനേറ്റഡ് ഷീറ്റുകൾ വഴിയോ വാതിലുകൾ പിടിപ്പിച്ചാൽ വളരെ കുറഞ്ഞ ചെലവിൽ സുന്ദരമായ വാർഡ്രോബ് റെഡി.
മൾട്ടിവുഡ്
ഇന്റീരിയർ രംഗത്ത് ഇന്ന് വിപ്ലവം സൃഷ്ടിച്ച ഒന്നാണ് മൾട്ടിവുഡ്. ഇത് പൂർണ്ണമായും പിവിസി ഉൽപ്പന്നമായതിനാൽ ഈർപ്പമുള്ള സ്ഥലങ്ങളിൽ പോലും ധൈര്യമായി ഉപയോഗിക്കാം. ഇതിന് മുകളിൽ ലാമിനേഷൻ ചെയ്യേണ്ട ആവശ്യമില്ല. നല്ല മിനുസമുള്ള പ്രതലമായതിനാൽ ഇഷ്ടമുള്ള നിറത്തിൽ പെയിന്റ് ചെയ്യാം. വെള്ളം വീണാലും ചീർക്കില്ല, ചിതൽ പിടിക്കില്ല. തീ പിടിക്കാനുള്ള സാധ്യതയും കുറവാണ്. 5 mm മുതൽ 25 mm വരെയുള്ള കനത്തിൽ ഇവ ലഭ്യമാണ്. ചതുരശ്രയടിക്ക് ഏകദേശം 180 രൂപ മുതൽ വില ആരംഭിക്കുന്നു.
ഡബ്ല്യു.പി.സി
തടിയുടെ ഭംഗിയും പ്ലാസ്റ്റിക്കിന്റെ ഈടും ഒത്തുചേരുന്ന മെറ്റീരിയലാണ് ഡബ്ല്യു.പി.സി. പ്രകൃതിദത്തമായ അവശിഷ്ടങ്ങളും പോളിമറുകളും ചേർത്താണ് ഇത് നിർമ്മിക്കുന്നത്. കാണാൻ തടിയുടെ ഫിനിഷിംഗ് ലഭിക്കുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. കാലാവസ്ഥാ വ്യതിയാനങ്ങൾ ഇതിനെ ബാധിക്കില്ല. മരത്തെ അപേക്ഷിച്ച് പരിപാലനം വളരെ എളുപ്പമാണ്. റണ്ണിങ് ഫീറ്റിന് ഏകദേശം 140 രൂപ മുതൽ വിപണിയിൽ ലഭ്യമാണ്. കനം കൂടുന്നതനുസരിച്ച് വിലയിൽ മാറ്റം വരാം.