• Hasna
  • 31 May 2022

എന്താണ് കാർപറ്റ് ഏരിയ/ ബിൽറ്റ് അപ്പ് ഏരിയ/സൂപ്പർ ബിൽറ്റ് അപ്പ് ഏരിയ- ഇനി കൺഫ്യൂഷൻ വേണ്ട

ഒരു പുതിയ വീട് വാങ്ങാനൊരുങ്ങുമ്പോൾ ഒരുപാട് കേൾക്കുന്ന പദപ്രയോഗങ്ങളാണ് കാർപറ്റ് ഏരിയ/ ബിൽട്ട് അപ്പ് ഏരിയ/സൂപ്പർ ബിൽട്ട് അപ്പ് ഏരിയ എന്നിവ. കെട്ടിട നിർമ്മാതാക്കളും ഏജന്‍റുമാരും ഉപഭോക്താക്കളെ ആകർഷിക്കാൻ ഇവയുടെ വലിപ്പവും വിസ്തതൃതിയും എടുത്ത് പറയാറുണ്ട്. എന്താണ് അത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഏതൊക്കെ ഭാഗങ്ങളാണ് ഈ പദപ്രയോഗങ്ങളിൽ ഉൾപ്പെടുന്നതെന്നും വീട് വാങ്ങാനൊരുങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

കാർപെറ്റ് ഏരിയ

പേര് സൂചിപ്പിക്കുന്നത് പോലെ, വീടിനുള്ളിൽ കാർപെറ്റ്  ഇടാൻ കഴിയുന്ന പ്രദേശമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. പുറത്തെ ഭിത്തികളുടെ കട്ടി, ബാൽക്കണി ഏരിയ, യൂട്ടിലിറ്റി ഏരിയ, ലിഫ്റ്റ്, ലോബി മുതലായവ ഇതിൽ ഉൾപ്പെടുന്നില്ല. എന്നാൽ അപ്പാർട്ട്മെന്‍റിന്‍റെ അകത്തെ വേർതിരിക്കുന്ന ചുമരുകൾ ഇതിൽ പെടും. വീടിനുള്ളിൽ  യഥാർത്ഥത്തിൽ താമസയോഗ്യമായ ഇടമാണ് കാർപെറ്റ് ഏരിയ.  

ഇക്കാലത്ത് പല ബിൽഡർമാരും കാർപെറ്റ് ഏരിയയെക്കുറിച്ച് മുൻ‌കൂട്ടി പരാമർശിക്കാറില്ലെന്ന് കാണാം. മാത്രമല്ല  ബിൽറ്റ്-അപ്പ് ഏരിയ അല്ലെങ്കിൽ സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയയെ അടിസ്ഥാനമാക്കി ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കുകയും ചെയ്യും. സാധാരണയായി, ബിൽറ്റ്-അപ്പ് ഏരിയയുടെ 70% കാർപെറ്റ് ഏരിയ ആയിരിക്കണം. അത് കൊണ്ടൊക്കെ തന്നെ പ്രോപ്പർട്ടി തിരഞ്ഞെടുക്കുമ്പോൾ ഈ ഏരിയയുടെ വലിപ്പവും അളവും ശ്രദ്ധാപൂർവ്വം പരിഗണിക്കണം.

ബിൽറ്റ്-അപ്പ് ഏരിയ

 ബാൽക്കണി / യൂട്ടിലിറ്റി റൂം / മറ്റ് ഏരിയകൾ/ ചുമരുകൾ എന്നിവയും കാർപെറ്റ് ഏരിയയും കൂടുന്നതാണ്  ബിൽറ്റ്-അപ്പ് ഏരിയ.  വീടിന്റെ 'മൊത്തം വിസ്തീർണ്ണം' കണക്കാക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയ

നമ്മുടെ കെട്ടിടഭാഗവും കോമൺ ഏരിയകളും ചേർന്നതാണ് സൂപ്പർ ബിൽറ്റ് അപ്പ് ഏരിയ. ടെറസ്, ബാൽക്കണി, ബിൽറ്റ് അപ്പ് ഏരിയ, ലിഫ്റ്റ്,  പടികൾ എല്ലാം ഇതിൽ ഉൾപ്പെടുന്നു. ചിലയിടത്ത് നീന്തൽക്കുളം, പൂന്തോട്ടം, ക്ളബ്ബ് ഹൗസ്, വാക്ക് വേ തുടങ്ങി സൗകര്യങ്ങളും ഉണ്ടാകും.

റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ നിർവചനം (RERA) അനുസരിച്ച്, കാർപെറ്റ് ഏരിയ, ബിൽറ്റ്-അപ്പ് ഏരിയ, കെട്ടിടത്തിലെ മുഴുവന്‍ താമസ്സക്കാർക്കും ഉപയോഗിക്കാവുന്ന  പടികൾ, ലോബികൾ, പൊതുവായി പങ്കുവയ്ക്കപ്പെടുന്ന ഏരിയകൾ എല്ലാം ചേരുന്നതാണ് സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയ.

നിലവിലെ RERAയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്  പ്രൊജക്‌റ്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളിലും യൂണിറ്റിന്റെ കാർപെറ്റ് ഏരിയ പ്രസിദ്ധീകരിക്കാനും/വെളിപ്പെടുത്താനും ബിൽഡർമാരും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും ബാധ്യതയുണ്ട്. ഇത് ഏതാണ്ടൊക്കെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ സഹായിക്കും. എങ്കിലും ഈ ഏരിയകൾ തമ്മിലുള്ള വ്യത്യാസം അറിയാത്ത ഉപഭോക്താക്കൾ ചതിക്കുഴിയിൽ വീഴാൻ സാധ്യത ഏറെയാണ്. പ്രോപ്പർട്ടി വാങ്ങും മുമ്പ് പദപ്രയോങ്ങൾ, നിയമങ്ങൾ തുടങ്ങിയവയെ കുറിച്ചൊക്കെ കൃത്യമായ ധാരണയുണ്ടാക്കുക മാത്രമാണ് പരിഹാരം.
Share this post