- Hasna
- 15 Jun 2022
വീടുണ്ടാക്കുമ്പോൾ പോക്കറ്റ് കീറാതിരിക്കാൻ ചില ടിപ്പുകൾ
കയ്യിലെത്ര പണമുണ്ട്, സ്ഥലത്തിന് എത്ര രൂപ വരെ ചിലവാക്കും? വീടിന് പരമാവധി എത്ര രൂപ വരെ പോകാം? ലോണോ വായ്പകളോ ആയി എടുക്കാന്‍ ഉദ്ദേശിക്കുന്ന തുക എത്ര? ഇവയൊക്കെ വീട് നിർമ്മാണം ആരംഭിക്കും മുമ്പേ കണക്കു കൂട്ടി വെയ്‌ക്കണം. വലിയ കടക്കെണിയിൽ പെടാതെ സ്വരുക്കൂട്ടാവുന്ന പണം, വീട്ടിൽ വേണ്ട മുറികൾ, ആകെ ഏരിയ, സൗകര്യങ്ങൾ, ഇന്‍റീരിയർ അലങ്കാരങ്ങൾ, ഡിസൈന്‍ തുടങ്ങിയവയെല്ലാം ആലോചിച്ച് തീരുമാനിക്കുകയും വേണം.
- അനാവശ്യമായി വീട് പണിക്കിടെ പൈസ ചിലവാക്കരുത്. ലോൺ എടുക്കുന്ന തുകയിലേക്ക് മാത്രമായി പ്രതീക്ഷ മുഴുവന്‍ വെക്കരുത്. ആദ്യഘട്ട കാര്യങ്ങള്‍ക്കുള്ള തുകയെങ്കിലും കയ്യിൽ കരുതി വേണം വീടിനുള്ള കാര്യങ്ങള്‍ നീക്കേണ്ടത്.
- ഇന്‍റീരിയർ, കിണർ, മതിൽ, ഗേറ്റ് എന്നിവക്കുള്ള തുക ആദ്യമേ മാറ്റി വെക്കുക. ഫിനിഷിങ്ങ് വർക്കിലേക്ക് എത്തുമ്പോഴാണ് പലരും പൈസ തികയാതെ നിൽക്കുന്നത്.
- റിവേഴ്സ് കാൽക്കുലേറ്റർ സമ്പ്രദായം പരീക്ഷിക്കുക. ആദ്യം നമുക്ക് ചിലവാക്കാവുന്ന പരമാവധി തുക തീരുമാനിക്കുക. അതിനെ ഒരു സ്ക്വയർ ഫീറ്റിന് നിലവിൽ ചിലവാകുന്ന ശരാശരി തുക എത്രയാണോ അത് കൊണ്ട് ഹരിക്കുക. ഇതാണ് വീടിനുള്ള സ്‌ക്വയർഫീറ്റ്. ഈ അളവിൽ നിന്ന് കൊണ്ട് പ്ളാൻ മുതല്‍ തയ്യാറാക്കിയാൽ പോക്കറ്റ് കാലിയാകില്ല.
- വീട് നിർമ്മാണത്തിന്‍റെ കാലാവധി തീരുമാനിച്ച് അതിനുള്ളിൽ പണി തീർക്കുക. അല്ലെങ്കില്‍ നിർമ്മാണ സാമഗ്രികളുടെ വിലയിൽ വരുന്ന വ്യത്യാസം ബജറ്റിനെ ബാധിക്കും. ഡിസൈനർക്കും ആർക്കിടെക്റ്റിനുമുള്ള തുക ബജറ്റിൽ ചേർക്കണം.
- പരിചയ സമ്പന്നരായ ആർക്കിടെക്റ്റിനെയോ ഡിസൈനറെയോ സമീപിക്കണം.
- പൂര്‍ണ്ണമായും തൃപ്തിയാകും വരെ പ്ളാനിൽ മാറ്റങ്ങൾ വരുത്താം. പ്ളാൻ അന്തിമമായി തയ്യാറായിട്ട് മാത്രം നിർമ്മാണം ആരംഭിക്കുക. പണി തുടങ്ങിയാൽ പ്ളാനിൽ വ്യത്യാസങ്ങൾ വരുത്താത്തതാണ് നല്ലത്.
- കണക്ക് പുസ്തകം എപ്പോഴും കയ്യിൽ കരുതണേ. വരവ് ചിലവ് കണക്കുകൾ കൃത്യമായി രേഖപ്പെടുത്തി വെക്കണം. ചിലവ് അമിതമായാൽ പെട്ടെന്ന് ശ്രദ്ധയിൽ പെടാനും ഈ ശീലം സഹായിക്കും.
- പുതിയ ട്രെൻഡുകൾ പരീക്ഷിക്കുമ്പോൾ അതിന് പൊതുസമ്മതി ഉണ്ടോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ ഭാവിയിൽ റീസെയിൽ വാല്യൂ കുറയാൻ ഇടയുണ്ട്.
- ആവശ്യമാണെന്ന് തോന്നുന്ന അഭിപ്രായങ്ങൾ മാത്രം സ്വീകരിക്കുക. എല്ലാ സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും നിർദ്ദേശങ്ങൾ കണക്കിലെടുത്താൽ ചിലവ് വിചാരിച്ചിടത്ത് നിൽക്കില്ല.
Share this post