• Chinju MA
  • 07 Jul 2025

"10 ലക്ഷത്തിന് സ്വപ്നഭവനം" ലോ കോസ്റ്റ് വീടുകളുടെ പരസ്യം കണ്ട് കെണിയിൽ പെടരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

"വെറും 10 ലക്ഷം രൂപയ്ക്ക് നിങ്ങളുടെ സ്വപ്നഭവനം"  സോഷ്യൽ മീഡിയ തുറന്നാൽ ഇങ്ങനെ ഒരു പരസ്യം കാണാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല അല്ലേ. സമൂഹത്തിലെ ഭൂരിഭാഗം ആളുകളുടെ സാമ്പത്തിക അവസ്ഥയും അവരുടെ വീട് എന്ന മോഹവും മുൻകൂട്ടി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇത്തരം പരസ്യങ്ങളുടെ പ്രചാരം ഇന്ന് വർദ്ധിക്കുന്നത്. എന്നാൽ ഇത്തരം പരസ്യങ്ങൾ കണ്ട്  ഒരു മുൻ ആലോചനയും ഇല്ലാതെ എടുത്തുചാടി ചെല്ലുന്നവർ  ഒരുപക്ഷേ വലിയൊരു ചതിക്കുഴികളിൽ ആകാം അകപ്പെടുന്നത്. വീടുപണിക്കുള്ള കോൺട്രാക്ട് കൊടുത്തു കഴിഞ്ഞാൽ പിന്നെ പരസ്യത്തിൽ കണ്ടതൊന്നും ആയിരിക്കില്ല നമുക്ക് നേരിൽ കാണാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ വിശദവിവരങ്ങൾ മനസ്സിലാക്കി  വിവേചന ബുദ്ധിയോടെ വേണം ഇത്തരം കച്ചവടക്കാരെ സമീപിക്കാൻ. ലോ ബജറ്റ് പരസ്യങ്ങൾ കണ്ട് വീട്  കോൺട്രാക്ട് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒരു വീട് വയ്ക്കുമ്പോൾ കൂടുതൽ പണം ലാഭിക്കാൻ ചെയ്യേണ്ട  കാര്യങ്ങളും ഇനി പറയാം. 

 പരസ്യങ്ങളിൽ കാണിക്കുന്ന ചെറിയ ബജറ്റ് വീടു കണ്ട് അന്വേഷണങ്ങൾ നടത്തുമ്പോൾ ആ വീടിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും കൃത്യമായി ചോദിച്ചു മനസ്സിലാക്കാൻ ശ്രമിക്കണം. നിർമ്മാണ ടീം വീട് പണിക്ക് ഉപയോഗിച്ചിരിക്കുന്ന നിർമ്മാണ സാമഗ്രികൾ അതിന്റെ ഗുണമേന്മ,വാറന്റി എന്നീ കാര്യങ്ങൾ കൃത്യമായി ചോദിച്ചു മനസ്സിലാക്കുക. 

ലോ ബജറ്റ്‌ വീടുനിർമാണവുമായി ബന്ധപ്പെട്ട റീലോ യൂട്യൂബ് വിഡിയോയോ കാണുമ്പോള്‍ പൂർണമായി കാണുക. മിക്ക പേജുകളും ഡിസ്ക്രിപ്ഷനിൽ നിർമാണസാമഗ്രികളുടെയും ബജറ്റിന്റെയും വിവരങ്ങൾ കൊടുത്തിട്ടുണ്ടാകും. അപൂർണമായ വിവരങ്ങളാണെങ്കിൽ ശ്രദ്ധിച്ചു വേണം മുന്നോട്ടു നീങ്ങാൻ. 

 ഓരോ പ്രദേശത്തു ലഭ്യമായ വസ്തുക്കൾകൊണ്ടു നിർമിച്ച ബജറ്റ് വീടുകണ്ട് മറ്റൊരു സ്ഥലത്ത് അതേ ബജറ്റിൽ വീടുവയ്ക്കുക പ്രായോഗികമല്ല. നമ്മൾ സമീപിക്കുന്ന ടീം  സത്യസന്ധരായ ടീമാണെങ്കിൽ ക്ലയന്റിന്റെ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കി ഒരു പ്രദേശത്തെയും ചെലവ് അനുസരിച്ച് എത്ര രൂപയിൽ വീടുപണി പൂർത്തിയാക്കാമെന്നു പറഞ്ഞു തരും. അതുകൊണ്ടുതന്നെ വീട് പണിക്കായി സമീപിക്കുമ്പോൾ നിങ്ങളുടെ പ്രദേശത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ അവരോട് പങ്കുവച്ച് പരസ്യത്തിൽ കണ്ട അതേ ബജറ്റ് വീട് നമ്മുടെ സ്ഥലത്ത് സാധ്യമാണോ എന്ന് ചോദിക്കണം.

 കുറഞ്ഞ ബജറ്റിൽ വീട് നിർമ്മിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രവൃത്തി പരിചയമുള്ള ആർക്കിടെക്ടിനെയോ ഡിസൈനറെയോ കോൺട്രാക്ടറെയോ കണ്ടെത്തുക. അവർ ചെയ്ത വീടുകൾ കാണുക.ആ വീട്ടുകാരോടു നേരിട്ടു സംസാരിക്കുക. അതു കൃത്യമായ നിഗമനങ്ങളിലേക്കെത്താൻ സഹായിക്കും.

വലിപ്പം കുറയുന്നതിനനുസരിച്ച് വീടിന്റെ ബജറ്റും കുറയും. കുടുംബത്തിലെ ആളുകളുടെ എണ്ണവും ആവശ്യമായ മറ്റു സൗകര്യങ്ങളും മനസ്സിലാക്കിക്കൊണ്ടുള്ള ഡിസൈനിനു പ്രഫഷനൽ സഹായം തന്നെ സ്വീകരിക്കുക. വലുപ്പം തീരുമാനിക്കുമ്പോൾ വീട്ടിലെ ആളുകളുടെ എണ്ണവും പ്രായവുമെല്ലാം പരിഗണനയിലെടുക്കണം. ഇതും ബജറ്റ് നിർണയിക്കുന്നതില്‍ പ്രധാനമാണ്. ലേബർ കോണ്‍ട്രാക്റ്റ് കൊടുക്കുന്നതും ബജറ്റ് തെറ്റാതെ സഹായിക്കും.

Share this post