- Chinju MA
- 14 Jul 2025
കൊച്ചിയിൽ വീട് വാങ്ങാൻ പ്ലാനുണ്ടോ? ഇതാണ് പറ്റിയ സമയം; രാജ്യത്തെ നഗരങ്ങളിൽ വില കൂടുമ്പോൾ കൊച്ചിയിൽ താഴുന്നുവെന്ന് റിപ്പോർട്ട്
കൊച്ചിയിൽ ഒരു വീട് വാങ്ങിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ പറ്റിയ സമയം ഇതാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ ഭവന വില ഒരു പിടിയും തരാതെ മുന്നോട്ടു കുതിക്കുന്നതിനിടെ കൊച്ചിയിൽ ഭവന വില താഴേക്ക്. റിസർവ് ബാങ്ക് പുറത്തു വിട്ട ഭവനവില സൂചികയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ ഭവനവിലയിൽ 2025ലെയും 2024ലെയും ജനുവരി-മാർച്ച് കാലയളവുകൾ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ രാജ്യമാകെ ഭവനവിലയിൽ 3.12% വർധനയുണ്ടായി. എന്നാൽ കൊച്ചിയിൽ 2.3 ശതമാനത്തിന്റെ ഇടിവാണുണ്ടായത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലവര്‍ധനയുള്ളത് കൊല്‍ക്കത്തയിലാണ്, 8.82 ശതമാനം. ചെന്നൈയാണ് രണ്ടാംസ്ഥാനത്ത്. ഇവിടെ വിലവര്‍ധന 7.2 ശതമാനമാണ്. ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ അടക്കം 10 നഗരങ്ങളിലെ വീടുകളുടെയും അപ്പാർട്മെന്റുകളുടെയും വിൽപന ഇടപാടുകൾ വിലയിരുത്തിയാണ് ഓരോ പാദത്തിലും റിസർവ് ബാങ്ക് ഭവനവില സൂചിക പ്രസിദ്ധീകരിക്കുന്നത്.കൊച്ചിക്കു പുറമേ ഡൽഹിയും (- 0.86%) കാൻപുരും (-1.6%) ഒഴിച്ചു നിർത്തിയാൽ ബാക്കി 7 നഗരങ്ങളിലും വില കൂടിയിട്ടുണ്ട്.
രാജ്യത്തെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയുടെ ട്രെന്റ് മനസിലാക്കാനാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.2010-11 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ഭവന വില സൂചിക കണക്കാക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവർഷമാകെ കൊച്ചിയിലെ ഭവനവില കുറയുന്ന ട്രെൻഡാണ് പൊതുവേ കാണുന്നത്.
2024-25ലെ ആദ്യ പാദത്തിനെ (ഏപ്രിൽ -ജൂൺ) അപേക്ഷിച്ച് നാലാം പാദത്തിൽ (ജനുവരി-മാർച്ച്) 4.15 ശതമാനത്തിന്റെ ഇടിവുണ്ടായി. മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) സൂചിക അൽപം ഉയർന്നെങ്കിലും നാലാം പാദത്തിൽ വീണ്ടും ഇടിഞ്ഞു.ഭവന വില ഇങ്ങനെ കുറയുന്നത് കൊച്ചിയിൽ വീട് സ്വപ്നം കാണുന്നവർക്കെല്ലാം ഏറെ ഗുണം ചെയ്യും. ഭാവിയിൽ വില ഇരട്ടിക്കും എന്ന കാര്യത്തിൽ സംശയവും വേണ്ട.
Share this post