• Sudheesh B
  • 20 Oct 2022

പ്രളയത്തെ പേടിക്കേണ്ട, പുഴക്ക് ഒഴുകാന്‍ വഴിയിട്ട് 'സാംഖ്യപുരി '

' റൂം ഫോര്‍ റിവര്‍' എന്ന ആശയത്തില്‍ നിര്‍മിച്ച വീടിന്റെ വിശേഷങ്ങള്‍ 

കരകവിഞ്ഞ പുഴ വീട്ടിലൂടെ ഒഴുകിയാല്‍ എന്തു ചെയ്യും. ദുരിതം തന്നെ. വീട് നശിക്കുന്നതുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍. എന്നാല്‍ പുഴക്ക് ഒഴുകാന്‍ വീട്ടിലൂടെ ഒരു വഴി വെട്ടിയാലോ. പുഴ ഒഴുകുകയും ചെയ്യും, വീട് സുരക്ഷിതമാകുകയും ചെയ്യും. കൊച്ചിയിലെ വ്യവസാസ മേഖലയായ ഏലൂരില്‍ പെരിയാറിന് ഒഴുകാന്‍ വഴി തുറന്നിട്ടിരിക്കുകയാണ്  '   സാംഖ്യപുരി ' എന്ന വീട്. റൂം ഫോര്‍ റിവര്‍ എന്ന ആശയത്തില്‍ പില്ലറില്‍ ഉയര്‍ന്നു നില്‍ക്കുന്ന വീടിനെ കുറിച്ചു പറയാന്‍ ഏറെയുണ്ട് വിശേഷങ്ങള്‍. 

കേരളം കണ്ട ഏറ്റവും വലിയ പ്രളയമുണ്ടായ 2018ല്‍ എട്ട് അടി ഉയരത്തിലാണ് ഏലൂരില്‍ വെള്ളം ഉയര്‍ന്നത്. ദിവസങ്ങള്‍ നീണ്ടു നിന്ന കാലവര്‍ഷത്തില്‍ പെരിയാറും പമ്പയും ഭാരതപുഴയും ചാലക്കുടി പുഴയും കരകവിഞ്ഞൊഴുകി. നോക്കി നില്‍ക്കെ ജീവനുകള്‍ ചുഴികളിലേക്കമര്‍ന്നു. വീടുകളും കൂരകളും പ്രളയജലത്തില്‍ അലിഞ്ഞില്ലാതായി. പതിറ്റാണ്ടുകളായി പെരിയാറിന്റെ സംരക്ഷണത്തിനായി സമര രംഗത്തിറങ്ങിയ പുരുഷനെയും പെരിയാര്‍ വെറുതെ വിട്ടില്ല. പുരുഷന്റെ വീടും പ്രളയത്തില്‍ അമര്‍ന്നു.  ഗൃഹാതുരത്വം തുളുമ്പുന്ന വീട് പ്രളയത്തില്‍ നാശമായി. ഇതോടെയാണ് പുതിയൊരു വീടെന്ന സ്വപ്‌നം പുരുഷനും കുടുംബവും കണ്ടത്. കരകവിഞ്ഞ പെരിയാറില്‍ നിന്നുള്ള പുനര്‍ജന്മമാണ് പുരുഷന്‍ ഏലൂര്‍ മണ്ണില്‍ ചാലിച്ചെടുത്ത ഈ മണ്‍പുര.ഇനിയും വെള്ളം ഉയര്‍ന്നാല്‍ ആ വെള്ളം ഒഴുകാന്‍ വഴിയിട്ടാണ് പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. അകലെ നിന്നുള്ള കാഴ്ചയില്‍ ഉയര്‍ന്നു നില്‍ക്കുന്ന പുരുഷന്‍ ഏലൂരിന്റെ വീട് അത്ഭുതം തന്നെയാണ്. എട്ട് അടി ഉയര്‍ന്ന പെരിയാറിന് ഒഴുകാന്‍ 10 അടി  ഉയരത്തില്‍ പില്ലര്‍ ഉയര്‍ത്തി കെട്ടിയെടുത്തു. 13 ഓളം പില്ലറിന്റെ മുകളിലാണ് മുറികള്‍ തീര്‍ത്തിരിക്കുന്നത്. പെരിയാര്‍ ഇനിയും കരകവിഞ്ഞ് വരും. പക്ഷേ, ഒന്നുറപ്പാണ് പുരുഷന്‍ ഏലൂര്‍ ഒരുക്കിയ വഴിയിലൂടെ പുഴ തട്ടും തടവുമില്ലാതെ കടന്നു പോകും. വെള്ളത്തെ ഒഴുകാന്‍ അനുവദിച്ചു കൊണ്ടു വീടിനെ സംരക്ഷിക്കുകയാണിവിടെ. വീട്ടിലേക്ക് കടന്നു വരുന്ന പുഴവെള്ളം മുറികളിലേക്ക് കയറാതെ അടിയില്‍ കൂടി കടന്നു പോകുകയും ചെയ്യും. ഗ്രൗണ്ട് ഫ്‌ളോര്‍ 1850 ഉള്‍പ്പെടെ 2850 സ്്ക്വയറിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. 




കേരളത്തിലെ അറിയപ്പെടുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകനാണ് പുരുഷന്‍ ഏലൂര്‍. പ്രകൃതിചൂഷണം പരമാവധി കുറച്ചാണ് വീട് നിര്‍മിച്ചത്. പാഴ്‌സ്തുക്കളും മണ്ണും മുളയുമൊക്കെയാണ് മനോഹരമായ ഈ വീടിനായി ഉപയോഗിച്ച അസംസ്‌കൃതവസ്തുക്കള്‍. ജൈവ സംപുഷ്ടമായ വീടിനെ മണ്‍പുരയെന്നു വിശേഷിപ്പിക്കാം. പ്രളയത്തില്‍ മുങ്ങിപ്പോയ പഴയ വീട് പൊളിച്ചപ്പോള്‍ കിട്ടിയ അവശിഷ്ടങ്ങളെല്ലാം ഉപയോഗപ്പെടുത്തി. സിമിന്റിനെക്കാളുപരി ചെങ്കല്ലാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പൊടിച്ച ചെങ്കല്ല് അരിച്ചെടുത്താണ് ഭിത്തിയുടെയും തറകളുടെയും നിര്‍മാണം. ആറ് ലോഡ് ചെങ്കല്ലിന്റെ മണ്ണ് ഉപയോഗിച്ചു. വൈക്കോല്‍, ഉമി, ചകിരി, മണ്ണ്, എം സാന്റ്, സിമിന്റ് ചേരുവകളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു ചാക്ക് സിമിന്റ് ഉപയോഗിക്കുന്നതിന്റെ ഇരട്ടിയാണ് മണ്ണ് ഉപയോഗിച്ചത്. പില്ലറുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന വീട്ടിലേക്ക് നടകള്‍ പിന്നിട്ടു വേണം കയറി ചെല്ലാന്‍. 


ആദ്യമെത്തുക സന്ദര്‍ശക മുറിയിലേക്കാണ്. മരങ്ങള്‍ക്കിടയിലേക്കു ചെന്ന അനുഭവമാണിവിടെ നിന്നും ലഭിക്കുക. തടിച്ചീളുകള്‍ മിനുക്കിയെടുത്ത ടൈലുകള്‍ ഭംഗിയോടെ തറയില്‍ വിരിച്ചിരിക്കുന്നു. സന്ദര്‍ശക മുറിയെയും ഹാളിനെയും വേര്‍തിരിക്കുന്നതിനായി വമ്പന്‍ മുളകള്‍ ഉപയോഗിച്ചിരിക്കുന്നു. വയനാടന്‍ കാടുകളില്‍ മാത്രം കാണപ്പെടുന്ന പ്രത്യേക ഇനം മുളകള്‍ 14 ദിവസം ബോറിക് ബാര്‍ ആസിഡില്‍ ട്രീറ്റ് ചെയ്ത ശേഷമാണ് ഉപയോഗിച്ചിരിക്കുന്നത്. 
പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ ഭിത്തി നിര്‍മിക്കാന്‍ ഇഷ്ടികയ്ക്ക് പകരമായി ഉപയോഗിച്ചിരിക്കുന്നു. നെറ്റ് അടിച്ച ശേഷം അതിലേക്ക് മണ്ണും ചകിരിയും എംസാന്റും സിമിന്റിം കലര്‍ത്തിയ മിശ്രിതം തേച്ചാണ് ഭിത്തിയുടെ നിര്‍മാണം. പിന്നീട് മണ്ണ് ഉപയോഗിച്ച് തേച്ച് മിനുക്കിയെടുത്തു. ഭിത്തി നിര്‍മാണത്തിന് തടി കഷ്ണങ്ങള്‍ വരെ ചേര്‍ത്തിട്ടുണ്ട്. ജൈവ വസ്തുക്കള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഓരോ മുറികളിലും ചൂട് തീരെ കുറവാണ്.


ശുദ്ധ വായുവും ലഭിക്കുന്നു. ഫാനോ, എസിയോ ഈ വീട്ടില്‍ ഉപയോഗിക്കേണ്ടതില്ല. വായു സഞ്ചാരത്തിലായി ഒട്ടേറെ മാര്‍ങ്ങള്‍ സ്വീകരിച്ചിരിക്കുന്നു. ഓപ്പന്‍ ജനാലകളാണ് ഏറ്റവും വലിയ പ്രത്യേകത. മറ്റൊന്ന് റൗണ്ട് എര്‍ത്ത് എന്ന സംവിധാനവും ഉപയോഗിച്ചിരിക്കുന്നു. ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്നും മുകളിലേക്ക് വായു സഞ്ചാരത്തിനായാണ് ഇത്തരത്തില്‍ റൗണ്ട് എര്‍ത്ത് സംവിധാനം ഒരുക്കിയിരിക്കുന്നത്. നാം തള്ളി കളയുന്ന പാഴ്മരങ്ങള്‍ ട്രീറ്റ് ചെയ്ത് നിര്‍മിച്ചതാണ് വീട്ടിലെ ഓരോ ഫര്‍ണിച്ചറുകളും. ഈ പുരയില്‍ എത്തിയാല്‍ മനസിനും ശരീരത്തിനും കുളിര്‍മയേകുമെന്ന് ഉറപ്പാണ്.

Share this post