- Chinju MA
- 08 Jun 2026
വീട് വാങ്ങൽ നഷ്ടക്കച്ചവടമോ..?! ഇൻഫ്ലുവൻസറുടെ റെന്റ് തിയറിയും ഓഹരി നിക്ഷേപവുമാണോ ശരി? പുതിയ തലമുറയുടെ വലിയ കൺഫ്യൂഷൻ!
റിയൽ എസ്റ്റേറ്റ് മേഖല എന്നും സുരക്ഷിതമായ നിക്ഷേപങ്ങളിൽ മുൻനിരയിലാണ്. എന്നാൽ മാറുന്ന സാമ്പത്തിക സാഹചര്യത്തിൽ, സ്വന്തമായി ഒരു വീട് വാങ്ങുന്നതാണോ അതോ വാടകയ്ക്ക് താമസിക്കുന്നതാണോ കൂടുതൽ ലാഭകരം എന്ന ചർച്ചകൾ സജീവമാണ്. ചില ഫിനാൻഷ്യൽ ഇൻഫ്ലുവൻസർമാർ വീട് വാങ്ങുന്നത് സാമ്പത്തിക നഷ്ടമാണെന്നും ആ തുക മറ്റ് ബിസിനസ്സുകളിൽ നിക്ഷേപിച്ച് വാടകവീട്ടിൽ കഴിയുന്നതാണ് ബുദ്ധിയെന്നും വാദിക്കുന്നു. എന്നാൽ നമ്മുടെ മാതാപിതാക്കളും വീട്ടുകാരും കാലങ്ങളായി വിശ്വസിക്കുന്നത് കടം വാങ്ങിയാണെങ്കിലും സ്വന്തമായി ഒരുതുണ്ട് മണ്ണും വീടും സമ്പാദിക്കുന്നതാണ് ഏറ്റവും വലിയ സുരക്ഷ എന്നാണ്. ഇതിൽ ഏതു വഴി പിന്തുടരുന്നാലാണ് മികച്ച ജീവിതം സാധ്യമാവുക എന്ന കൺഫ്യൂഷനിലാണ് പുതിയ തലമുറ.
വീട് വാങ്ങാൻ മുടക്കുന്ന തുക ഓഹരി വിപണിയിലോ മറ്റോ നിക്ഷേപിച്ചാൽ വലിയ ലാഭം കിട്ടുമെന്ന് സാങ്കേതികമായി പറയാമെങ്കിലും, നിക്ഷേപങ്ങളിൽ കൃത്യമായ അച്ചടക്കം പുലർത്താൻ ഭൂരിഭാഗം ആളുകൾക്കും സാധിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
ഇവിടെയാണ് റിയൽ എസ്റ്റേറ്റ് നിക്ഷേപത്തെ ഒരു 'നിർബന്ധിത സമ്പാദ്യമായി' കാണാൻ സാമ്പത്തിക വിദഗ്ധനായ റിച്ചാർഡ് താലർ നിർദ്ദേശിക്കുന്നത്. അദ്ദേഹം മുന്നോട്ടുവെക്കുന്ന 'പ്രീ-കമ്മിറ്റ്‌മെന്റ്' എന്ന ആശയമനുസരിച്ച് ഒരു വീട് വാങ്ങാനെടുക്കുന്ന ലോണിന്റെ ഇ.എം.ഐ കൃത്യമായി അടച്ചുപോകുന്നത് വഴി അനാവശ്യ ചിലവുകൾ ഒഴിവാക്കാനും ദീർഘകാലാടിസ്ഥാനത്തിൽ ഒരു വലിയ ആസ്തി കെട്ടിപ്പടുക്കാനും നമുക്ക് സാധിക്കുന്നു. കേവലം ഒരു സാമ്പത്തിക നിക്ഷേപം എന്നതിലപരി നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ സ്വന്തമായൊരു വിലാസം വലിയൊരു അംഗീകാരമാണ്. വിവാഹാലോചനകൾ മുതൽ ബിസിനസ്സ് ഇടപാടുകൾ വരെ നീളുന്ന വിശ്വാസ്യതയും പദവിയും വർദ്ധിപ്പിക്കൻ റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം സഹായിക്കുന്നു.
സാമ്പത്തിക ലാഭനഷ്ടങ്ങൾക്കപ്പുറം ഒരു വീട് കുടുംബത്തിന് നൽകുന്ന മാനസികമായ സമാധാനവും സുരക്ഷിതത്വവും തുല്യതയില്ലാത്തതാണ്.
എങ്കിലും വീട് വാങ്ങുമ്പോൾ കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണ്. നിങ്ങളുടെ മാസവരുമാനത്തിന്റെ 35 ശതമാനത്തിൽ കൂടുതൽ തുക ഇ.എം.ഐ ആയി പോകാതിരിക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ വീടിന്റെ ആകെ മൂല്യം നിങ്ങളുടെ വാർഷിക വരുമാനത്തിന്റെ 8 മുതൽ 10 മടങ്ങ് വരെയായി നിശ്ചയിക്കുന്നതാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ സുരക്ഷിതമായ രീതി. അമിതമായ കടബാധ്യതകൾ ഇല്ലാതെ മാതാപിതക്കളുടെ കൂടി ഉപദേശങ്ങൾ സ്വീകരിച്ച് കൃത്യമായ പ്ലാനിംഗോടെ ഒരു വീട് സ്വന്തമാക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിക്ഷേപമായിരിക്കും.