• Hasna
  • 15 Jun 2022

എത്ര ഏരിയ വേണം ഒരു വീടിന്?

വീട്ടുകാരുടെ എണ്ണവും പ്രത്യേകം ആവശ്യങ്ങളും കണക്കിലെടുത്താണ് വീടിന്‍റെ ഏരിയ തീരുമാനിക്കേണ്ടത്. നമുക്ക് ഇഷ്ടപ്പെട്ട ഒരു വീടിന്‍റെ ഡിസൈനോ അയൽപക്കത്തെ വീടോ ഒന്നും അത് പോലെ പകർത്തരുത്. അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന് അഞ്ച് കിടപ്പുമുറികളുള്ള വീട് ആവശ്യമില്ല. വല്ലപ്പോഴും വരുന്ന അതിഥികൾക്കായി ഒരു റൂം ഉണ്ടാക്കേണ്ടതില്ല.

ബജറ്റ്, വീട്ടിലെ ആളുകളുടെ എണ്ണം, ജീവിത രീതി എന്നിവയൊക്കെ ഏരിയ തീരുമാനിക്കുന്നതിലെ പ്രധാന ഘടകങ്ങളാണ്. വലിയ ഏരിയ വൃത്തിയായി കൊണ്ട് നടക്കാൻ ജോലിത്തിരക്ക് ഉള്ളവരാണെങ്കിൽ അതിനനുസരിച്ചുള്ള ഏരിയ മതി. അനാവശ്യമായുള്ള നിർമ്മാണങ്ങൾ ചിലവ് കൂട്ടുകയേ ഒള്ളൂ. 

ഇടത്തരം കുടുംബത്തിന് 1350 മുതല്‍ 2000 സ്ക്വയർ ഫീറ്റ് വരെയുള്ള വലിപ്പത്തിൽ മനോഹരമായ മൂന്നോ നാലോ കിടപ്പുമുറികളുള്ള വീട് ഉണ്ടാക്കാം. കൃത്യമായ പ്ളാനിങ്ങോടെ സ്റ്റോറേജ് സൗകര്യങ്ങളും ഇവിടെ ഒരുക്കാം. 

 കാർപോർച്ചിനുള്ള ഏരിയ നൽകുമ്പോൾ വീടിനോട് ചേർന്നിരിക്കാതെ നൽകാം. വീടിന്‍റെ ഏരിയ കുറയാതിരിക്കാനും നിർമ്മാണ ചിലവ് കുറക്കാനും ഇത് സഹായിക്കും. 

കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പണിയാൻ ആഗ്രഹിക്കുന്ന വീടിനെ കുറിച്ച് ചർച്ച ചെയ്യാം. ഓരോരുത്തരുടേയും ആവശ്യങ്ങളും അഭിരുചികളും  കാഴ്ചപ്പാടുകളുമൊക്കെ പരിഗണിച്ച് വേണം വീടിന്‍റെ പ്രാഥമികമായ ആശയത്തിലേക്ക് എത്തിച്ചേരാൻ.

ഓരോ സ്പേസിനും എന്തൊക്കെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് വിശകലനം ചെയ്യുക. വെറുതെ ഒന്നും നിർമ്മിക്കേണ്ടതില്ല. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും വിധം ഓരോ മുറിയും നിർമിക്കുക.

മുറികളുടെ വലിപ്പം കുറച്ചാൽ മൊത്തം വിസ്തീർണ്ണത്തിൽ മാറ്റം ഉണ്ടാകുമെങ്കിലും ചിലവിൽ കാര്യമായ കുറവുണ്ടാകില്ല. ചിലവ് കുറക്കാൻ മുറികളുടെ എണ്ണത്തിലാണ് വ്യത്യാസം വരുത്തേണ്ടത്.
Share this post