• Hasna
  • 26 Jun 2022

ടെറസിലെ പൂന്തോട്ടം, വീടിന് കോട്ടമില്ലാതെ

പുതിയ കാലത്ത് മുറ്റമില്ലായ്മയാണ് പലരുടേയും പൂന്തോട്ടം ഉണ്ടാക്കാനുള്ള ആഗ്രഹത്തിന് വിലങ്ങിടുന്നത്. നഗരങ്ങളിൽ പ്രത്യേകിച്ചും. മുറ്റമില്ലെങ്കിലും സാരമില്ല. ടെറസിൽ നല്ലൊരു ഗാർഡൻ സെറ്റ് ചെയ്യാവുന്നതാണ്. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ മതി.

കെട്ടിടം പരിശോധിച്ച് മതിയായ ബലം ഉള്ളതാണെന്ന് ആദ്യമേ ഉറപ്പുവരുത്തണം. ചുമര്‍, പ്ലിന്ത്, കോളം, ബീം എന്നിവയില്‍ വിള്ളലുകള്‍ ഉണ്ടെങ്കിൽ ആദ്യം അത് പരിഹരിക്കാം. സ്ലാബിന്‍റെ ബലവും ഉറപ്പുവരുത്തണം. വെള്ളം സ്ലാബില്‍ കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. സാധിക്കുമെങ്കില്‍ ഒരു സിവില്‍, സ്ട്രക്ചറല്‍ എഞ്ചിനീയറുടെ നിര്‍ദ്ദേശം തേടാവുന്നതാണ്. 

മിക്കവാറും  ആര്‍ സി സി സ്ലാബുകള്‍ പൂന്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നത് കണക്കിലെടുത്ത് ഡിസൈന്‍ ചെയ്തതാകില്ല. അങ്ങനെയാണെങ്കിൽ വാട്ടര്‍പ്രൂഫിങ് ട്രീറ്റ്മെന്‍റിനു ശേഷം തോട്ടങ്ങള്‍ നിര്‍മ്മിക്കുക. ഫെറോ സിമന്‍റ് സാങ്കേതികവിദ്യ ഉപയോഗിച്ച് സാധാരണ സ്ലാബുകള്‍ ബലപ്പെടുത്താനും വാട്ടര്‍പ്രൂഫ് ചെയ്യാനും സാധിക്കും. 

ഫെറോ സിമന്‍റ് ഉപയോഗിച്ച് വാട്ടര്‍പ്രൂഫിങ് ചെയ്യാൻ ആദ്യം വയര്‍ ബ്രഷ് ഉപയോഗിച്ച് പ്രതലം വൃത്തിയാക്കുക. വിള്ളലുകള്‍ ഉണ്ടെങ്കില്‍ അവ നന്നാക്കുകയോ, ക്രാക്ക് ഫില്ലറുകള്‍ ഉപയോഗിച്ച് അടയ്ക്കുകയോ വേണം. സ്ലാബ് വെള്ളമുപയോഗിച്ച് നനവ് വരുത്തണം. പ്രതലം ഉണങ്ങിയതിനുശേഷം സിമന്‍റ് സ്ലറി ബോണ്ടിങ് കോട്ടായി ഉപയോഗിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും ബോണ്ടിങ് കോട്ട് ഉപയോഗിക്കാം. സിമന്‍റ് സ്ലറിയില്‍, ഒരു പാക്കറ്റ് സിമന്‍റിന് 20 ഗ്രാം വാട്ടര്‍പ്രൂഫിങ് മിശ്രിതം ചേര്‍ക്കാം. ബേസ് കോഴ്സായി സിമന്‍റ് മോര്‍ട്ടാര്‍, 1 : 3 അനുപാതത്തില്‍ സ്ലാബിന്‍റെ ചെരിവിനനുസരിച്ച് 6-25 ഗ്രാം കനം വരെ ഉപയോഗിക്കാം. ചൂലുകൊണ്ട് പ്രതലം പരുപരുത്തതാക്കണം. 8-10 മണിക്കൂറിനു ശേഷം ചാക്ക് അല്ലെങ്കില്‍ വൈക്കോല്‍ ഉപയോഗിച്ച് സ്ലാബ് മുഴുവന്‍ മൂടുക. 24 മണിക്കൂറിനു ശേഷം 3 ദിവസം സ്ലാബില്‍ വെള്ളം കെട്ടി നിര്‍ത്തണം. അതിനുശേഷം 20 ഗേജ് ഗാല്‍വനൈസ്ഡ് വയര്‍ മെഷ് ഉറപ്പിക്കുക. ഫ്രെയിമിങ് സ്റ്റീലായി 5 മി.മീറ്ററുള്ള ബാറുകള്‍ 30 സെ.മീ. അകലത്തില്‍ വയ്ക്കാം. സ്ക്വയര്‍ മെഷിനു മുകളില്‍ ബോണ്ടിങ് കോട്ടായി സിമന്‍റ് സ്ലറി സ്പ്രേ ചെയ്യുക. 1 : 3 അനുപാതത്തിലുള്ള സിമന്‍റ് മോര്‍ട്ടാര്‍ വീണ്ടും ഉപയോഗിക്കാം. ചെറിയ വിള്ളലുകള്‍ ഒഴിവാക്കാനായി പോളിമര്‍ ഇതില്‍ ചേര്‍ക്കാം. ആദ്യ പ്ലാസ്റ്ററിങ് കോട്ട് ചെയ്ത് 8-10 മണിക്കൂറിനു ശേഷം സ്ലാബ് മുഴുവന്‍ മൂടുക. 24 മണിക്കൂറിനു ശേഷം 7 ദിവസമെങ്കിലും വെള്ളം കെട്ടി നിര്‍ത്തണം. എക്സ്പാന്‍ഷന്‍ ജോയിന്‍റ് നിലനിര്‍ത്തുക. ഗ്രൂവുകളില്‍ പോളി സള്‍ഫൈഡ് സീലന്‍റുകള്‍ ഉപയോഗിക്കാം. അതിനു ശേഷം ടൈല്‍ ഉറപ്പിക്കാം. ചെടിച്ചട്ടികളെല്ലാം നേരിട്ട് ടെറസില്‍ വയ്ക്കുന്നത് നല്ലതല്ല.

 തോട്ടം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മഴക്കാലത്തിനു മുമ്പ് ടെറസ് വൃത്തിയാക്കുകയും വൈറ്റ് സിമന്‍റ് (ഫില്ലര്‍ കോട്ടായി പശ ചേര്‍ക്കാം) അടിക്കുകയും വേണം. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ടെറസിന്‍റെ ബലം 15 ശതമാനമെങ്കിലും കൂട്ടാനാവും. വലിയ ബാരലുകളും ഫലവൃക്ഷങ്ങളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ സ്ലാബ് ഡബിള്‍ ലെയര്‍ റീഇന്‍ഫോഴ്സ്മെന്‍റ് ഉപയോഗിച്ച് ഡിസൈന്‍ ചെയ്യണം. കെട്ടിടങ്ങള്‍ അതിന്‍റെ പ്രശ്നങ്ങൾ പെട്ടെന്നു തന്നെ കാണിക്കുകയില്ല. എന്നാല്‍ കാലക്രമേണ സ്ലാബുകള്‍ നശിക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്യും. അത് ഒഴിവാക്കാൻ ആദ്യമേ മാർഗങ്ങൾ സ്വീകരിക്കുന്നതാണ് ഉത്തമം.
Share this post