• Hasna
  • 04 Jul 2022

മികവോടെ പണിയണം ടോയ്ലറ്റുകളും

കുളിമുറി-ശുചിമുറി എന്നീ ആവശ്യങ്ങൾക്കപ്പുറം പുതിയ വീടുകളിൽ ടോയ്ലറ്റുകൾക്ക് പ്രാധാന്യമുണ്ട്. വീട്ടിലെ മറ്റുഭാഗങ്ങൾക്കുള്ള ശ്രദ്ധ തന്നെ ടോയ്ലറ്റുകള്‍ക്കും നൽകാൻ വീടുണ്ടാക്കുന്നവർ തയ്യാറുമാണ്. കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ കടന്നുവന്നതോടെ വീട്ടിലെ മറ്റു മുറികളെപ്പോലെ ടോയ്ലറ്റുകളും സുഖപ്രദവും ഉപയോഗപ്രദവും സൗകര്യപ്രദവുമായി രൂപകല്‍പന ചെയ്യേണ്ടതായുണ്ട്. നിറങ്ങൾ, ആക്സസറികള്‍, ബാത്ത്റൂം ഫിറ്റിങുകള്‍ തുടങ്ങിയവയുടെ ശരിയായ സമ്മിശ്രണമാണ് ഇതിന് ആവശ്യം.

 ടോയ്ലറ്റുകൾ ഡിസൈന്‍ ചെയ്യുമ്പോൾ അവയെ ഒരു പ്രത്യേക മുറിയായി കണക്കാക്കാതെ കിടപ്പുമുറിയുടെ മറ്റൊരു ഭാഗമായോ പരിഗണിക്കണം. എങ്കിൽ മാത്രമേ ടോയ്ലറ്റ്   വീടിന്‍റെ ഡിസൈനിനോട് ചേര്‍ന്നു നില്‍ക്കുകയൊള്ളൂ.

കേവലം ഒരു വാഷ്ബേസിനും ബാത്ത്ടബും ഷവര്‍ ക്യൂബിക്കിളും ക്ലോസറ്റും മാത്രമല്ല ടോയ്ലറ്റ്. ബ്ലോവറുകള്‍, ഹൈഡ്രോജെറ്റുകളോടു കൂടിയ ഷവര്‍ സ്റ്റാളുകള്‍, സ്പാ, ജാകുസി, സോന, ഷവര്‍ സ്റ്റൂളുകള്‍, വേള്‍പൂളുകള്‍, എയര്‍ ടബുകള്‍, ഭിത്തിയില്‍ തൂക്കിയിടുന്ന ലാവറ്ററി, കണ്ണാടികള്‍ തുടങ്ങി പല സൗകര്യങ്ങളും  പുതിയതരം ടോയ്ലറ്റുകളുടെ ഭാഗമാണ്. ടോയ്ലറ്റിന്‍റെ തറയിലെയും ഭിത്തികളിലെയും ടൈലുകളുടെയും മറ്റ് ആക്സസറികളുടെയും രൂപകല്‍പനയ്ക്ക് അനുസൃതമായി വേണം ടോയ്ലറ്റിലേയ്ക്കുള്ള ഫര്‍ണിച്ചര്‍ രൂപകല്‍പന ചെയ്യാന്‍. ഇതോടൊപ്പം മുറിയുടെ കളര്‍ സ്കീം, ഫര്‍ണിച്ചറിന്‍റെ ടെക്സ്ചര്‍, മുറി ഊഷ്മളമായ നിറത്തിലുള്ളതാണോ അതോ ഏതെങ്കിലും ഡിസൈനറുടെ ആശയത്തിനനുസരിച്ച് ഒരുക്കിയതാണോ തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. ടോയ്ലറ്റ് ഫര്‍ണിച്ചര്‍ മറ്റ് ആക്സസറികളുമായി ചേര്‍ന്നു നില്‍ക്കുന്നതുമാകണം.

 ഇത്രയും കാര്യങ്ങള്‍ പരിഗണിച്ചാല്‍ ബാത്ത്റൂമിലെ ഫര്‍ണിച്ചര്‍ ബോള്‍ഡാകണോ യുണീക്കാകണോ അതോ സുഖപ്രദവും ലളിതവുമായ രൂപത്തില്‍ വേണോ എന്നു ചിന്തിക്കാം. മിനിമലിസ്റ്റിക് രൂപകല്‍പനയിലുള്ള ടോയ്ലറ്റുകള്‍ക്കുള്ളില്‍ ചെടികള്‍ വെച്ചാല്‍ മുറിയിലെ ലളിതമായ രേഖകള്‍ കൂടുതല്‍ ഇഴുകിച്ചേരാന്‍ സഹായിക്കും.ഒരേ നിറത്തിന്‍റെ മൂന്ന് ഷേഡുകള്‍ ഉപയോഗിച്ച് ബാത്ത്റൂമിന്‍റെ കളര്‍സ്കീം ആകര്‍ഷകമാക്കാം.ബാത്ത്റൂമിലെ ഫ്ളോറിങിലൂം  താഴെപ്പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. ടോയ്ലറ്റിലെ ഫ്ളോറിങ് നനവിനെ പ്രതിരോധിക്കുന്നതും ഈര്‍പ്പം വലിച്ചെടുക്കാത്തതുമാകണം. ഈടുനില്‍ക്കുന്നതും പാദരക്ഷയില്ലാതെ ചവിട്ടാന്‍ സുഖമുള്ളതുമാകണം. ശുചീകരണം അനായാസമാകണം. പെട്ടെന്ന് തെന്നിവീഴാതിരിക്കാന്‍ നിലത്തിന് ആവശ്യത്തിന് പരുപരുപ്പുണ്ടാകണം. ഭിത്തിയുടെ ഫിനിഷുമായി ചേര്‍ന്നു നില്‍ക്കണം. സെറാമിക് ടൈലുകള്‍, പോഴ്സലൈന്‍ ടൈലുകള്‍, സ്റ്റോണ്‍  ടൈലുകള്‍, കോണ്‍ക്രീറ്റ് ടൈലുകള്‍, ട്രാവെര്‍ട്ടൈന്‍ ടൈലുകള്‍, വിനൈല്‍ ടൈലുകള്‍ എന്നിവ ഫ്ളോറിങിന് ഉപയോഗിക്കാം.

ബാത്ത്റൂമിലെ ലൈറ്റിങ്വീട്ടിലെ മറ്റു മുറികളുമായി താരതമ്യം ചെയ്യുമ്പോള്‍ ബാത്ത്റൂമുകളിലെ ലൈറ്റിങിന് ആരും വലിയ പ്രാധാന്യം കൊടുക്കാറില്ല. എന്നാല്‍ ബാത്ത്റൂമുകള്‍ക്ക് വലുപ്പം കൂടുകയും കൂടുതല്‍ പ്രാധാന്യം കൈവരുകയും ചെയ്തതോടെ ലൈറ്റിങിന്‍റെ പ്രാധാന്യവും വര്‍ദ്ധിച്ചു.സീലിങ് ലൈറ്റുകളും വാനിറ്റി ലൈറ്റുകളുംബാത്ത്റൂം മൊത്തത്തില്‍ പ്രകാശിപ്പിക്കുന്നതിന് സീലിങില്‍ ഘടിപ്പിച്ച ലൈറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ വാനിറ്റി ഏരിയയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട ലൈറ്റിങ് നല്‍കേണ്ടതുണ്ട്. ഇതു കൂടാതെ ബാത്ത് ടബിന്‍റെയും ഷവറിന്‍റെയും സമീപത്തും ലൈറ്റ് നല്‍കേണ്ടതുണ്ട്. ഇതിനു പുറമെ ഭിത്തികളിലും ക്യാബിനറ്റുകളുടെ അടിയിലും എല്‍ഇഡി സ്ട്രിപ്പുകളും നല്‍കാം. നേരിട്ടുള്ള ലൈറ്റിങും ക്രമമല്ലാത്ത ലൈറ്റിങ് സംവിധാനവും ഒഴിവാക്കാം. തലയ്ക്കു മുകളിലേയ്ക്ക് നേരിട്ട് കൊടുക്കുന്ന ലൈറ്റുകള്‍ ഭംഗിയില്ലാത്തതും വിരസവുമാണ്. വാക്ക് വേ ഏരിയയില്‍ സീലിങ് ലൈറ്റ് നല്‍കുന്നതാണ് ഉചിതം. ഇതോടെ പിന്നില്‍ നിന്നോ വാനിറ്റി ഏരിയയുടെ തൊട്ടു മുന്നിലോ പ്രധാന ലൈറ്റ് നല്‍കുന്നത് ഒഴിവാക്കാം. ക്രമമില്ലാത്ത ലൈറ്റുകളും ഒഴിവാക്കണം. കണ്ണാടിയുടെ ഒരു വശത്തു മാത്രം പ്രകാശം ലഭിക്കുന്നതുപോലുള്ള ലൈറ്റിങ് ഉപയോഗപ്രദമല്ല. കണ്ണാടിയുടെ ഒരു വശത്ത് എന്തെങ്കിലും ഒരു വസ്തു പ്രതിഷ്ഠിച്ചാലും ഇതേ പ്രശ്നമുണ്ടാകും. 

വായുസഞ്ചാരം ഉറപ്പുവരുത്താന്‍ ആവശ്യമായ വെന്‍റിലേഷനുകളും എക്സോസ്റ്റ് ഫാനുകളും ടോയ്ലറ്റിൽ ചേർക്കണം. വെന്‍റിലേഷനിലൂടെയോ ചെറുജനലിലൂടെയോ കടന്നു വരുന്ന സ്വാഭാവിക സൂര്യപ്രകാശം ബാത്ത് റൂമിന് ജീവന്‍ പകരും. സാധിക്കുമെങ്കില്‍ പര്‍ഗോള ഉപയോഗിച്ച് സൂര്യപ്രകാശം കുളിമുറിയിലേയ്ക്ക് നേരിട്ട് കടക്കാനും വഴിയൊരുക്കാം.



Share this post