- 21 Jul 2022
വീടുണ്ടാക്കും മുമ്പ് പെർമിറ്റ് നേടാൻ എന്തൊക്കെ വേണം?
വീടു നിർമ്മിക്കുമ്പോൾ അത് സംബന്ധിച്ച നിയമങ്ങളെ കുറിച്ച് ധാരണയുണ്ടാകേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പല ഘട്ടങ്ങളിലായി സാമ്പത്തിക നഷടവും നിയമക്കുരുക്കുകളുമൊക്കെ നേരിടേണ്ടി വന്നേക്കാം. കെട്ടിടം നിർമ്മിക്കും മുമ്പേ അതിനായുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വാങ്ങേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ ആ കെട്ടിടത്തിന് നിയമസാധുതയുണ്ടാകൂ. പെർമിറ്റ് എടുക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.
1999 ലാണ് ‘കേരള മുൻസിപ്പൽ ബിൽഡിങ്ങ് റൂൾ’ നിലവിൽ വന്നത്. ആദ്യ ഘട്ടത്തിൽ ഇതു കേരളത്തിലെ കോർപ്പറേഷനുകളിലും മുൻസിപ്പാലിറ്റികളിലുമാണ് പ്രാബല്യത്തിലായിരുന്നത്. ഇപ്പോള്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളും നിലവിലുണ്ട്. കെട്ടിടങ്ങള്‍ക്കുള്ള സ്ഥാനം ഉപയോഗിക്കുന്നത് നിയന്ത്രിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും കെട്ടിടനിര്‍മാണം നിയന്ത്രിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്യുന്നതിനും കെട്ടിട നിർമ്മാണ ചട്ടങ്ങൾ ഉപയോഗിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായതോ, അപായകരമായതോ ആയ യാതൊരു സ്ഥലങ്ങളിലും കെട്ടിട നിര്‍മാണം പാടില്ലയെന്നും ഈ ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.
നഗരസഭ, മുനിസിപ്പാലിറ്റി അതിര്‍ത്തിയില്‍ സ്വന്തമായി ഭൂമിയുള്ള ഏതൊരാള്‍ക്കും അവിടെ കെട്ടിടം നിര്‍മിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വഭരണ സ്ഥാപനങ്ങളില്‍ നിന്നും കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ആവശ്യമാണ്. അത് കൊണ്ട് തന്നെ വീടുണ്ടാക്കാനുള്ള
ഡിസൈൻ തീരുമാനിച്ചു കഴിഞ്ഞാൽ അടുത്ത ഘട്ടം സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും പെർമിറ്റ് വാങ്ങിക്കുക എന്നതാണ്.
സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധരെ (ആര്‍ക്കിടെക്ക്റ്റ് , എന്‍ജിനിയേഴ്സ്, ബില്‍ഡിങ് ഡിസൈനേഴ്സ്, സൂപ്പര്‍വൈസേര്‍സ് തുടങ്ങിയവരെ) സമീപിച്ച് അവര്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ക്ക് വിധേയമായി നിങ്ങളുടെ കൈവശമുള്ള ഭൂമിയില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കെട്ടിട നിര്‍മ്മാണത്തിനായി തയ്യാറാക്കിയ പ്ളാനിനൊപ്പമാണ് അപേക്ഷ നൽകേണ്ടത്.
കേരള കെട്ടിട നിർമ്മാണ ചട്ടം (കെ.എം.ബി.ആർ) അനുശാസി ക്കുന്ന രീതിയിൽ സൈറ്റ് പ്ളാൻ, സർവ്വീസ് പ്ളാൻ, ഫ്ളോർ പ്ളാൻ, എലിവേഷൻ, സെക്ഷൻ, (മതി ൽ, മഴവെള്ള സംഭരണി, കിണർ എന്നിവ ആവശ്യമെങ്കിൽ അതും) എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡ്രോയിങ്ങ്, ഭൂനികുതിയടച്ച രസീത്, കൈവശാവകാശ രേഖ എന്നിവ നിശ്ചിത അപേക്ഷയോടൊപ്പം വെക്കണം. മേൽപ്പറഞ്ഞ സാങ്കേതിക വിദഗ്ധർ വഴിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മുമ്പാ കെ സമർപ്പിക്കേണ്ടത്. വസ്തുവിന്റെ പ്രമാണം ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുമ്പാകെ പരിശോധ നയ്ക്ക് ഹാജരാക്കി തിരികെ വാങ്ങാം. കെട്ടിടത്തിന്റെ വലിപ്പം അനുസരിച്ച് നിശ്ചിത ഫീസ് അടക്കുകയും വേണം. ഇത് ചതുരശ്രമീറ്ററിനു കോർപ്പറേഷനുകളിൽ 150 ചതുരശ്രമീറ്റർ വിസ്തീർണ്ണം വരെ ഉള്ള കെട്ടിടങ്ങൾക്ക് 2 രൂപയും, പഞ്ചായത്തുകളിൽ 1.50 രൂപയുമാണ്.
ബിൽഡിങ്ങ് ഇൻസ്പെക്ടർ (ഓവർസീയർ, ബന്ധപ്പെട്ട ഉദ്യോഗ്സ്ഥൻ) സ്ഥലം സന്ദർശിച്ച് നിയമാനുസൃതമാണോ നിങ്ങൾ സമർപ്പിച്ച പ്ളാൻ എന്ന് പരിശോധിക്കുകയും അദ്ദേഹത്തിന്റെ റിപ്പോർട്ട് കൂടി അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും നിർമ്മാണാനുമതി ലഭിക്കുന്നു. അപ്രൂവ് ചെയ്ത പ്ളാനും രേഖകളും തപാൽ വഴി അയച്ചുതരുന്നതായിരിക്കും. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ നിർമ്മാണാനുമതി നൽകിയില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി നിർമ്മാണം തുടങ്ങാവുന്നതാണ്.
കെട്ടിട നിര്‍മാണ ചട്ടത്തിന്‍റെ പ്രയോജനം ജനങ്ങളില്‍ എത്തുന്നതിനും , നിര്‍മാണ അപേക്ഷയിലെ കാലതാമസം , അഴിമതി, ഇവ അവസാനിപ്പിച്ച് വേഗത്തില്‍ നിര്‍മാണ അനുവാദപത്രം ലഭിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ “ ഏകദിന പെര്‍മിറ്റ്’’സമ്പ്രദായവും, സാധാരണ പെര്‍മിറ്റ് സമ്പ്രദായവും കൊണ്ട് വന്നിട്ടുണ്ട്. എന്നാൽ നിയമം ലംഘിച്ച് നിർമ്മാണം നടത്തിയാൽ അത് പൊളിച്ച് മാറ്റുന്നതടക്കം ഉള്ള നടപടികൾ നേരിടേണ്ടി വരും.
Share this post