- Chinju MA
- 22 Jul 2024
രാജ്യത്തെ മികച്ച ബിൽഡർമാരിൽ മൂന്നുപേർ കേരളത്തിൽ; ഹുറൂണ്‍ ലിസ്റ്റ് പുറത്ത്
രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച സ്ഥാനം ഉറപ്പിച്ച് കേരളം. ഹുറൂണ്‍ ഗ്രോഹെ പുറത്തിറങ്ങിയ ഇന്ത്യയിലെ ഏറ്റവും മികച്ച 100 റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ പട്ടികയിൽ കേരളത്തിലെ മൂന്ന് കമ്പനികളായ സ്കൈലൈൻ ബിൽഡേഴ്സ്, എസ്. എഫ്. എസ് ഹോംസ്, അസെറ്റ് ഹോംസ് എന്നിവയാണ് മികച്ച സ്ഥാനം നേടിയത്.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ റിയൽ എസ്റ്റേറ്റ് കമ്പനികളെ മൂല്യത്തിന് അനുസരിച്ച് റാങ്ക് ചെയ്യുന്ന പട്ടികയിൽ 67-ാം സ്ഥാനവുമായി കേരളത്തിൽ ഒന്നാമത് എത്തിയിരിക്കുന്നത് സ്കൈലൈൻ ബിൽഡേഴ്സാണ്. എസ്.എഫ്.എസ് ഹോംസ് 73-ാം സ്ഥാനവും അസറ്റ് ഹോംസ് 96-ാം സ്ഥാനവുമാണ് നേടിയത്. കെ വി അബ്‌ദുൾ അസീസ് നേതൃത്വം നൽകുന്ന 35 വർഷമായി രംഗത്തുള്ള സ്കൈലൈന് 2410 കോടിയുടെ മൂല്യമാണുള്ളത്. ലവ കൃഷ്ണൻ നേതൃത്വം നൽകുന്ന 40 വർഷത്തെ പ്രവർത്തന ചരിത്രമുള്ള എസ്എഫ്എസിന് 2100 കോടിയുടെ മൂല്യമുണ്ട്. സുനിൽ കുമാർ വി. നേതൃത്വം നൽകുന്ന 17 വർഷം പൂർത്തിയാക്കിയ അസറ്റ് ഹോംസിന് 1370 കോടിയുടെ മൂല്യവുമാണ് ഹറൂൺ ലിസ്റ്റിലുള്ളത്.
ഡി.എല്‍.എഫാണ് 2,02,140 കോടി രൂപ മൂല്യത്തോടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് കമ്പനികളില്‍ ഒന്നാം സ്ഥാനത്തുള്ളത്. മാക്രോടെക് ഡെവലപ്പേഴ്സ് 1,36,730 കോടി രൂപയുമായി രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (താജ് ഗ്രൂപ്പ് ) 79,150 കോടി രൂപയുമായി മൂന്നാം സ്ഥാനത്തുമാണുള്ളത്.
ആദ്യ പത്തിൽ ഇടം പിടിച്ചിരിക്കുന്ന മറ്റ് കമ്പനികൾ ഗോദ്രേജ് പ്രോപ്പർട്ടീസ്, ഒബെറോയ് റിയാൽറ്റി, പ്രെസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ്, അദാനി റിയാൽറ്റി, ദ ഫീനിക്‌സ് മിൽസ്, കെ റഹേജ ഗ്രൂപ്പ്, എംബസ്സി ഓഫീസ് പാർക്ക്സ് ആർഇഐറ്റി എന്നിവയാണ്. ഈ കമ്പനികളിൽ 60 ശതമാനവും മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയാണ്. മറ്റ് രണ്ട് കമ്പനികൾ ബെംഗളൂരുവിലും, ഒരെണ്ണം അഹമ്മദാബാദിലെ ഗുരുഗ്രാം കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്.
പട്ടികപ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ റിയൽ എസ്റ്റേറ്റ് സംരംഭകൻ ഡി. എൽ. എഫ് ഉടമയായ രാജീവ് സിംഗ് തന്നെയാണ് ₹1,24,420 കോടിയുടെ സമ്പത്താണ് അദ്ദേഹത്തിന് ഉള്ളത്. മാക്രോട്ടെക് ഡെവലപ്പേഴ്‌സിൽ നിന്നുള്ള മംഗൾ പ്രഭാത് ലോഡാ ₹91,700 കോടി സമ്പത്തോടുകൂടി രണ്ടാം സ്ഥാനവും. ഗൗതം അദാനി കുടുംബം, അദാനി റിയാൽറ്റിയിൽ നിന്ന് ₹56,500 കോടി സമ്പത്തോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂരിഭാഗം കമ്പനികളും റസിഡൻഷ്യൽ പ്രോപ്പർട്ടി നിർമ്മാണത്തിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മാക്രോട്ടെക് ഡെവലപേഴ്സ്, ഗോദ്രെജ് പ്രോപ്പർട്ടീസ് എന്നീ കമ്പനികളാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഡിഎൽഎഫ്, കെ റാഹേജ ഗ്രൂപ്പ്, എംബസി ഓഫീസ് പാർക്സ ആർഇഐറ്റി തുടങ്ങിയ കമ്പനികൾ ഓഫീസ് സ്പേസ് നിർമ്മാണത്തിനാണ് മുൻഗണനനൽകുന്നത്.
കോവിഡിന് ശേഷമുള്ള ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയുടെ ശക്തമായ തിരിച്ചുവരവ് ഇപ്പോൾ പ്രകടമായി കാണാമെന്നും ലിസ്റ്റിലെ 86% കമ്പനികളും അവരുടെ മൂല്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും കമ്പനികളുടെ വരുമാനത്തിൽ ഉണ്ടായിരിക്കുന്ന കോടികളുടെ വർദ്ധനവ് ഈ മേഖലയുടെ പ്രകടമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും ഗവേഷകനുമായ അനസ് റഹ്മാൻ പറഞ്ഞു.
#grohe #hurunlist #realestate #india
Share this post