• Hasna
  • 07 May 2022

കേരളം ഭൂമി തട്ടിപ്പുകളോട് 'കടക്ക് പുറത്ത്' പറയാനൊരുങ്ങുന്നു; യൂണീക്ക് തണ്ടപ്പേര് മെയ് 16 മുതല്‍

ഭൂമി തട്ടിപ്പ് തടയാനും വിവരങ്ങൾ മറച്ചുവെച്ചുള്ള ഭൂമി ഇടപാടുകൾക്ക് തടയിടാനും  സംസ്ഥാനത്ത് പഴുതടച്ച സംവിധാനം വരുന്നു. റവന്യൂ വകുപ്പ് നടപ്പാക്കാനൊരുങ്ങുന്ന യുണീക്ക് തണ്ടപ്പേർ മെയ് 16 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ സംസ്ഥാനത്ത് ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള എല്ലാ ഭൂമിക്കും ഒരൊറ്റ തണ്ടപ്പേരാണ്  ഉണ്ടായിരിക്കുക. 

ഭൂമിയുമായി ബന്ധപ്പെട്ട രേഖകളുടെ ഓൺലൈൻ മ്യൂട്ടേഷനും മാനേജ്മെന്റിനുമായി റവന്യൂ വകുപ്പ് ഉപയോഗിക്കുന്ന  ReLIS (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം) എന്ന പോർട്ടലുമായി  ഭൂവുടമയുടെ മൊബൈൽ ഫോണും ആധാറും ബന്ധിപ്പിക്കും. ഇങ്ങനെ ലഭ്യമാകുന്ന 12 അക്ക തണ്ടപ്പേരാണ് ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകൾക്കും ഉപയോഗിക്കേണ്ടത്. ബിനാമി ഭൂമി വാങ്ങിക്കൂട്ടലും ക്രയവിക്രയങ്ങളും ഇതോടെ പൂര്‍ണ്ണമായും ഇല്ലാതാകുമെന്നതാണ് ഇതിന്‍റെ   മെച്ചമായി കണക്കാക്കുന്നത്. 
വസ്തു വിവരങ്ങൾ മറച്ച് വച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരും കുടുങ്ങും.

ഒറ്റ തണ്ടപ്പേർ വരുന്നത് വഴി ഒരു വ്യക്തിയുടെ കൈവശമുള്ള മൊത്തം ഭൂമി എത്രയെന്നും സർക്കാരിന് തിരിച്ചറിയാനാകും. അനുവദനീയമായ  പരിധിയേക്കാൾ കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നത് ഇതോടെ സാധ്യമല്ലാതാകും.
 രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം അവതരിപ്പിക്കപ്പെടുന്നത്. 
പന്ത്രണ്ടക്ക തണ്ടപ്പേര് വരുന്നതോടെ സംസ്ഥാനത്തെ തണ്ടപ്പേരുകളുടെ എണ്ണവും കുറയും. സംസ്ഥാനത്ത് എവിടെയും വസ്തുവിന്റെ കരം അടക്കാമെന്നതാണ് മറ്റൊരു സൗകര്യം. ഭൂമി വിവരങ്ങൾ ഡിജിലോക്കറിൽ സൂക്ഷിക്കാനുള്ള സംവിധാനവുമുണ്ടാകും.

നിലവിൽ, ഒരു വില്ലേജിൽ രണ്ട് ബ്ലോക്കുകളിലായി ഭൂമിയുള്ള ഒരാൾക്ക് രണ്ട് തണ്ടപ്പേരുകൾ ഉണ്ടായിരിക്കും. ഇത് ഒരു വില്ലേജ് ഓഫീസിന്റെ പരിധിയിൽ കൈമാറ്റം നടത്തുന്ന പട്ടയങ്ങൾക്ക് നൽകുന്ന ആദ്യ നമ്പറാണ്. ഒറ്റ തണ്ടപ്പേർ നടപ്പിലാക്കിക്കഴിഞ്ഞാൽ, ReLIS പോർട്ടൽ നൽകുന്ന 12 അക്ക നമ്പർ ആയിരിക്കും തണ്ടാപ്പേര്. പിന്നീട് ഏത് ഭൂമി ഇടപാടും ഈ നമ്പറിൽ രജിസ്റ്റർ ചെയ്യാം.

എന്താണീ തണ്ടപ്പേര്?

ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് പതിവായി കേൾക്കുന്ന കൗതുകമുണർത്തുന്ന ഈ വാക്ക് എന്താണെന്ന് അറിയാമോ? പട്ടയ രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പേരിനെയാണ് "തണ്ടപ്പേര്" എന്ന് വിളിക്കുന്നത്. വില്ലേജ് ഓഫീസുകളിൽ കരം പിരിക്കുന്നതിനായി തണ്ടപ്പേര് രേഖപ്പെടുത്തിയിരിക്കുന്ന രജിസ്റ്ററിനെ തണ്ടപ്പേര് രജിസ്റ്റർ എന്നും വിളിക്കാറുണ്ട്. ഒരു വില്ലേജ് ഓഫീസ് പരിധിയിൽ പോക്കു വരവ് ചെയ്യുന്ന ആധാരങ്ങൾക്ക് ഒന്നുമുതലുള്ള നമ്പരുകൾ  ഓരോ വില്ലേജിലും നൽകുന്നു. ഒരു വില്ലേജിൽ രണ്ടോ അതിലധികമോ ബ്ലോക്കുകൾ ഉണ്ടാകും. ബ്ലാക്കുകളായി തിരിച്ചാണ് സർവെ നമ്പരും മറ്റും രേഖപ്പെടുത്തി വയ്ക്കുന്നത്. ഓരോ ബ്ലോക്കിലും ഒന്നുമുതലുള്ള നമ്പരിലാകും തണ്ടപ്പേര്. ഒരു വില്ലേജിലെ തന്നെ രണ്ട് ബ്ലോക്കുകളിലും സ്ഥലമുള്ള വ്യക്തിക്ക് വ്യത്യസ്തമായ തണ്ടപ്പേരുകൾ ഉണ്ടാകും. യുണീക് തണ്ടപ്പേർ നമ്പർ കാർഡ് എന്ന പേരിൽ കേരളാ റവന്യൂ വകുപ്പ് തിരിച്ചറിയൽ കാർഡും നൽകുന്നുണ്ട്. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനു പുറമേ, തിരിച്ചറിയൽ അടയാളമായും ഉപയോഗിക്കാവുന്ന വിധത്തിലാണ് കാർഡ് വിഭാവനം ചെയ്തിരിക്കുന്നത്. 


യുണീക്ക് തണ്ടപ്പേര് ലഭിക്കാൻ

ReLIS പോർട്ടലിലെ പുതിയ മെനുവിൽ സ്വത്തിന്‍റെ  വിശദാംശങ്ങൾ, ആധാർ നമ്പർ, മൊബൈൽ ഫോൺ നമ്പർ എന്നിവ നൽകണം. രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ഫോണിൽ ലഭിക്കുന്ന ഒടിപി അപ്‌ലോഡ് ചെയ്

ഇങ്ങനെ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്ക് വില്ലേജ് ഓഫീസുകളിൽ വിരലടയാളം റെറ്റിന സ്കാൻ പോലുള്ള  ബയോമെട്രിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ലിങ്ക് ചെയ്യാവുന്നതാണ്. 

മെയ് 16 ന് കൽപറ്റയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
യുണീക് തണ്ടപ്പേര് സംവിധാനം ഉദ്ഘാടനം ചെയ്യും
Share this post