- Hasna
- 15 May 2022
സ്വപ്നഭവനത്തിന് സ്ഥലം അറിഞ്ഞ് വാങ്ങാം
വീടെന്നാൽ ഭൂരിഭാഗം മലയാളികൾക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം സാധ്യമാകുന്ന സ്വപ്ന സാക്ഷാത്കാരമാണ്. വീട് ഉണ്ടാക്കുന്നതിന്‍റെ ആദ്യ പടിയായി സ്ഥലം തിരഞ്ഞെടുക്കുന്നത് മുതല്‍ സൂക്ഷമത വേണം. വീട് വയ്ക്കാനുള്ള സ്ഥലം വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏറെയാണ്.
വീടിനുള്ള സ്ഥലത്തെ കുറിച്ച് വിശ്വാസപരമായി ഏത് വിഭാഗത്തിലാണോ, അവിടെ നിന്നുള്ള വിദഗ്ദ അഭിപ്രായങ്ങൾ ചോദിക്കണം. സ്ഥലത്തിന്‍റെ വാസയോഗ്യതയും ദിക്കും ദർശനവുമെല്ലാം കൃത്യമായി പരിശോധിക്കുക.
കഴിഞ്ഞ വർഷങ്ങളിലെല്ലാം കേരളം നേരിട്ട വെള്ളപ്പൊക്കം മനസ്സിലുണ്ടാകണം. സ്ഥലം നോക്കുമ്പോൾ വെള്ളപ്പൊക്ക സാധ്യത അന്വേഷിച്ച് ഉറപ്പാക്കണം. ഗൂഗിളിൽ ഫ്ളഡ് മാപ്പ് നോക്കിയാൽ ഓരോ സ്ഥലത്തും മഴക്കാലത്ത് വെള്ളം കയറുന്ന ലെവൽ മനസ്സിലാക്കാം. ചില സ്ഥലത്ത് വെള്ളം പൊങ്ങില്ല. പക്ഷേ വഴിയില്‍ വെള്ളം നിറയാൻ ഇടയുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളം വീട്ടിലേക്കുള്ള യാത്ര തടസപ്പെടുത്താൻ സാധ്യതയുണ്ടെങ്കിൽ ആ സ്ഥലം ഒഴിവാക്കാം.
പ്രത്യക്ഷത്തിൽ വെള്ളം കെട്ടിക്കിടക്കാത്ത സ്ഥലങ്ങളിലും തറനിരപ്പിൽ വെള്ളം നിൽക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ മഴക്കാലത്ത് വീടിന്‍റെ തറ വെള്ളത്തിനടിയിലാകും. ഇവിടങ്ങളിൽ ഫൗണ്ടേഷൻ കൃത്യമായി ചെയ്തില്ലെങ്കിൽ വീടിന് വിള്ളൽ വന്നേക്കാം.
ജലലഭ്യതയെ കുറിച്ചും കൃത്യമായ ധാരണയുണ്ടാകണം. തൊട്ടടുത്ത വീടുകളിലെ കിണർ പരിശോധിച്ചാൽ വേനൽക്കാലത്ത് വരൾച്ചയുണ്ടാകുന്ന സ്ഥലമാണോ എന്നത് മനസ്സിലാകും.
സ്ഥലത്തെ കുറിച്ച് തിരക്കിയിറങ്ങുമ്പോഴാകും അവിടം മുമ്പ് എന്തായിരുന്നുവെന്ന് മനസ്സിലാകുക. പാറമടയോ കുളം മൂടിയതോ ഒക്കെ ആണെന്ന് പിൽക്കാലത്ത് അറിഞ്ഞ് അക്കിടി പറ്റി ഇരിക്കുന്നതിലും നല്ലത് സ്ഥലത്തിന്‍റെ 15 വർഷമെങ്കിലും മുമ്പുള്ള ചരിത്രം ആദ്യമേ തിരയുന്നതാണ്. തറയുണ്ടാക്കാനും മറ്റും ഇത്തരം സ്ഥലങ്ങളിൽ ചിലവേറും. മണ്ണിട്ട് നിരത്തിയ സ്ഥലത്ത് രണ്ടടി താഴെയെങ്കിലും ഉറപ്പുള്ള മണ്ണുണ്ടൊയെന്ന് നോക്കണം. ബഡ്ജറ്റ് കുറഞ്ഞവരാണെങ്കിൽ ആദ്യമേ ഇത്തരം സ്ഥലങ്ങൾ ഒഴിവാക്കാം.
ചരിഞ്ഞ തട്ടുകളായിട്ടുള്ള സ്ഥലത്തും ചിലവ് കൂടും. ഓരോ തട്ടിനും കരിങ്കല്ലിന്‍റെ റീട്ടെയിനിങ്ങ് വാൾ പണിത് മണ്ണ് തടഞ്ഞ് നിർത്തേണ്ടി വരുന്നതിനാലാണത്.
വിമാനത്താവളം, റെയില്‍വേ അതിർത്തി, സൈനികകേന്ദ്രങ്ങൾ, പുരാവസ്തു സംരക്ഷിത സ്മാരകങ്ങൾ തുടങ്ങിയവക്ക് അടുത്തുള്ള പ്ളോട്ട് ആണെങ്കിൽ ബന്ധപ്പെട്ട വകുപ്പിൻറെ എൻ.ഓ.സി വാങ്ങണം.
സ്ഥലമുടമ കരമടച്ച രസീതിയിൽ സ്ഥലത്തിന്‍റെ സ്വഭാവം പുരയിടം എന്നാണോ എഴുതിയിരിക്കുന്നതെന്ന് നോക്കുക. അതല്ലെങ്കിൽ വീട് പണിക്ക് അനുവാദം ലഭിക്കില്ല. ദേശീയ പാതയ്ക്ക് അഭിമുഖമായ സ്ഥലത്ത് പാതയുടെ മധ്യവരയിൽ നിന്ന് 40 മീറ്റര്‍ വിട്ടിട്ടേ വീട് പണിയാവൂ. രണ്ട് വശത്തും റോഡ് ഉള്ള സ്ഥലത്ത് റോഡിൽ നിന്ന് മൂന്ന് മീറ്റര്‍ അകത്തേക്ക് ആയിരിക്കണം വീട് നിർമ്മിക്കേണ്ടത്.
വീതി കുറഞ്ഞ സ്ഥലമാണെങ്കിൽ ഇങ്ങനെ ആകുമ്പോൾ വീട് പണിയാൻ കുറച്ച് സ്ഥലമേ ലഭിക്കൂ. പ്ളോട്ടിലേക്കുള്ള വഴിയുടെ വീതിയും കൃത്യമായി അറിഞ്ഞിരിക്കണം.
കരാറിൽ ഒപ്പിട്ട് കഴിഞ്ഞാൽ തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ സാധ്യമല്ല. അത് കൊണ്ട് ബിൽഡറോ ബ്രോക്കറോ എത്ര തിരക്ക് പിടിച്ചാലും ശ്രദ്ധയോടെ കരാര്‍ വായിക്കുക.
സ്ഥലം കരാറാക്കിയാൽ ഉടനേ മരങ്ങൾ പിഴുത് നിരപ്പാക്കരുത്. ആർക്കിടെക്ടിനെ കൊണ്ട് വന്ന് പരിശോധിച്ച് നിലനിര്‍ത്താവുന്ന മരങ്ങൾ നിർത്തി വീട് പണിയാം.
Share this post