• Hasna
  • 18 Jul 2022

കരിയർ വളർത്താം റിയൽ എസ്റ്റേറ്റിൽ

റിയൽ എസ്റ്റേറ്റ് മേഖലയിലെ ജോലി എന്നത് ഇന്നും നമ്മുടെ നാട്ടിൽ അവ്യക്തതയുള്ള ഒന്നാണ്. ഏറെ പരിചിതമായ ഏജന്‍റ് ജോലിക്കപ്പുറം ഈ മേഖല നൽകുന്ന തൊഴിൽസാധ്യതകളെ മനസ്സിലാക്കിയാൽ അവസരങ്ങളേറെ കൈപ്പിടിയിലൊതുങ്ങും. വസ്തുക്കൾ വാങ്ങലും വിൽക്കലും എന്ന് മാത്രം നമ്മൾ കരുതുന്ന റിയൽ എസ്റ്റേറ്റ് രംഗമാണ് ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

റിയൽ എസ്റ്റേറ്റ് രംഗത്തുള്ള ജോലി സാധ്യതകൾ

  • ‌ഗാർഹികാവശ്യങ്ങളോ കച്ചവട സംബന്ധമോ ആയ  ആവശ്യങ്ങൾക്കനുസരിച്ച് വീടുകൾ, കെട്ടിടങ്ങൾ എന്നിവ  കണ്ടെത്തുക, വിൽക്കാൻ നിൽക്കുന്നവരേയും ആവശ്യക്കാരേയും ബന്ധിപ്പിക്കുക തുടങ്ങിയ കർത്തവ്യങ്ങളാണ് ഒരു റിയൽ എസ്റ്റേറ്റ് ഏജന്‍റിനുള്ളത്. ഈ മേഖലയിൽ ഏറ്റവും സാധാരണമായി ആളുകള്‍ ചെയ്ത് വരുന്ന ജോലിയാണിത്.  നല്ല ബന്ധങ്ങൾ, മാർക്കറ്റ് തിരിച്ചറിയാനുള്ള ശേഷി, ആശയവിനിമയ ശേഷി തുടങ്ങിയവയൊക്കെ ഈ മേഖലയിൽ തിളങ്ങാൻ ആവശ്യമാണ്.
  • സെയിൽസ് മേഖലയിൽ പ്രാവീണ്യമുള്ളവരെ കാത്തിരിക്കുന്ന ജോലിയാണ് പ്രോപ്പർട്ടി മാനേജർ. റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ചോ സ്വതന്ത്രമായോ ഇവർക്കു ജോലിചെയ്യാം. ഇടപാടുകാരുടെ വസ്തുവകകൾ സംരക്ഷിക്കുക, അവ പരിപാലിക്കുക, കൃത്യമായ ഫീഡ്ബാക്കുകൾ നൽകുക എന്നീ ഉത്തരവാദിത്തങ്ങൾ ആണ് നിറവേറ്റേണ്ടത്.
  • ‌ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിച്ചു പരിചയം നേടിയ ആളുകൾക്ക് രണ്ടാമതൊന്ന് ആലോചിക്കാതെ റിയൽ എസ്റ്റേറ്റ് കൺസൽറ്റന്റ് ആകാനിറങ്ങാം. വസ്തുവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ ആവശ്യക്കാർക്ക് ഉപദേശങ്ങൾ നൽകേണ്ട ജോലിയാണിത്. അത് കൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ഭാവി ചലനങ്ങളുൾപ്പെടെ പ്രവചിക്കാൻ ശേഷിയുണ്ടാകണം.
  • ‌ അക്കൗണ്ട് മേഖലയിൽ നല്ല പരിജ്ഞാനമുള്ള, ഒരു വസ്തുവിന്റെ വിപണിമൂല്യം കണക്കാൻ പ്രാവീണ്യമുള്ളവർക്കുള്ള തൊഴിലാണ് റിയൽ എസ്റ്റേറ്റ് അപ്രൈസർ. വീട് വിൽപന, പണയം തുടങ്ങിയവയിൽ വരുന്ന നികുതിയുടെ മൂല്യനിർണ്ണയവും ഇവരാണ് നടത്തേണ്ടത്
  • ‌ പ്രോപ്പർട്ടി മാനേജർമാരുടെ സഹായത്തോടെ നല്ല വാടകക്കാരെ കണ്ടെത്തുന്ന സേവനം നൽകുന്നവരാണ് ലീസിങ് കൺസൽറ്റന്റ്. നല്ല    രീതിയിൽ മാര്‍ക്കറ്റിങ് നെഗോസേഷ്യൻ കഴിവുകൾ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ ആവശ്യമാണ്. കരാറുകൾ ഒപ്പ് വെക്കുന്നത് മുതല്‍ ഉടമയുടെ പ്രതിനിധിയായ ലാൻഡ്ലോർഡായി പ്രവർത്തിക്കുന്നത് വരെ ഇവരാണ്.





Share this post