• Chinju M A
  • 01 Sep 2025

റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ ട്രെൻഡ്; ബെംഗളൂരുവിൽ ഭൂമിക്ക് ഡിമാൻഡേറുന്നു, കുതിച്ചുയർന്ന് ഭവനവില!

ഐ.ടി. വ്യവസായത്തിനൊപ്പം റിയൽ എസ്റ്റേറ്റ് വിപണിയിലും തിളങ്ങി ബെംഗളൂരു. രാജ്യാന്തര റിയല്‍ എസ്റ്റേറ്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ  നൈറ്റ്ഫ്രാങ്ക് പുറത്തിറക്കിയ പ്രൈം ഗ്ലോബൽ സിറ്റീസ് ഇൻഡെക്‌സ് പ്രകാരം, 2024 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസക്കാലയളവിൽ  ഭവനവിലയിൽ 10.2 ശതമാനം വർധനവാണ് ബെംഗളൂരുവിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ നഗരം ലോകത്തെ പ്രധാന 46 നഗരങ്ങളിൽ നിന്ന് നാലാം സ്ഥാനത്തേക്ക് ഉയർന്നു.

കഴിഞ്ഞ സൂചികയിൽ അഞ്ചാം സ്ഥാനത്ത് നിന്നിരുന്ന ബെംഗളൂരു, ഇത്തവണ ക്വാലാലംപൂരിനെ മറികടന്നാണ് ഈ മുന്നേറ്റം നടത്തിയത്. ആഗോളതലത്തിൽ ശരാശരി ഭവനവില വർധന 2.3 ശതമാനമായപ്പോൾ, ഇന്ത്യയിൽ അത് 3.5 ശതമാനം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റ് രണ്ട് പ്രധാന നഗരങ്ങളായ മുംബൈ (8.7% – ലോകത്ത് ആറാം സ്ഥാനം) ഡൽഹി (3.9% – ലോകത്ത് പതിനഞ്ചാം സ്ഥാനം) എന്നിവയും മുൻനിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. 

  റിയൽ എസ്റ്റേറ്റ് മേഖലയിൽ പതിയുന്ന ബെംഗളൂരുവിന്റെ കൈയ്യൊപ്പ്

ഐ.ടി. മേഖലയുടെ വേഗതയേറിയ വളർച്ചയാണ് ബെംഗളൂരുവിനെ രാജ്യത്തെ ഏറ്റവും പ്രാധാന്യമുള്ള റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്. ഐ.ടി. പാർക്കുകൾ, മൾട്ടിനാഷണൽ കമ്പനികൾ, സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നിവയുടെ വളർച്ചയോടെ നഗരത്തിൽ താമസത്തിനുള്ള ആവശ്യകത ഗണ്യമായി വർധിച്ചു. തൊഴിലവസരങ്ങൾ തേടി എത്തുന്ന യുവജനങ്ങളും വിദേശ തൊഴിലാളികളും നഗരത്തിലെ വാടകയും ഭവനവിലയും സ്ഥിരമായി ഉയർത്തിക്കൊണ്ടിരിക്കുന്നതിന് പ്രധാന കാരണമാണ്. അതോടൊപ്പം, നഗരത്തിന്റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ — മെച്ചപ്പെട്ട റോഡ് ഗതാഗതം, മെട്രോ വികസനം, വിമാനത്താവള ബന്ധം, വിദ്യാഭ്യാസ-ആരോഗ്യ കേന്ദ്രങ്ങൾ — ഇവയെല്ലാം റിയൽ എസ്റ്റേറ്റിന്റെ മൂല്യം ഉയർത്തുന്നു. നഗരത്തിന്റെ സൗകര്യങ്ങളും ജീവിത നിലവാരവും ചേർന്നപ്പോൾ, ബെംഗളൂരു വിദേശ നിക്ഷേപകരെയും ഇന്ത്യയിലെ ഉയർന്ന വരുമാനക്കാരെയും ഒരുപോലെ ആകർഷിക്കുന്ന “ഹോട്ട്‌സ്പോട്ട്” ആയി മാറി

 ബെംഗളൂരുവിന്റെ  ഭാവി സാധ്യതകൾ

റിയൽ എസ്റ്റേറ്റ് വിദഗ്ധരുടെ അഭിപ്രായത്തിൽ, ബെംഗളൂരു ഭാവിയിലും ഇന്ത്യൻ ഭവനവിപണിയുടെ പ്രധാന ശക്തികേന്ദ്രമായി തുടരും. ഐ.ടി. മേഖലയുടെ സ്ഥിരമായ വളർച്ച,  യുവജനങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള താമസ പദ്ധതികൾ എന്നിവയെല്ലാം ചേർന്ന്, ബെംഗളൂരു ആഭ്യന്തരവും ആഗോളവുമായ നിക്ഷേപങ്ങൾക്ക് ഏറ്റവും സുരക്ഷിതവും ലാഭകരവുമായ കേന്ദ്രമായി മാറുന്നുവെന്നാണ് വിലയിരുത്തൽ.
ഭവനവിലയിൽ ലോകത്ത് നാലാം സ്ഥാനത്തെത്തിയ ബെംഗളൂരു, ഇനി “ടെക് സിറ്റി” മാത്രമല്ല, ഇന്ത്യൻ റിയൽ എസ്റ്റേറ്റിന്റെ ഭാവി നിർണയിക്കുന്ന കേന്ദ്രങ്ങളിൽ ഒന്നായും ഉടൻ മാറും.

Share this post