- Hasna
- 25 May 2022
മഴക്കാലത്ത് വേണം വീടിനും കരുതൽ
എല്ലാ കണക്ക്കൂട്ടലുകളും കാറ്റിൽ പറത്തി കാലം തെറ്റിപ്പെയ്യുന്ന മഴയിലാണ് ഇന്ന് കേരളം. കൃഷിനാശവും പകർച്ചവ്യാധികളും മാത്രമല്ല, വേണ്ട മുൻകരുതലുകളെടുത്തില്ല എങ്കിൽ വീടിനെ നശിപ്പിക്കാനും ഈ മഴയ്ക്ക് സാധിക്കും. വീടും വീട്ടുപകരണങ്ങളും മഴക്കാലത്ത് സംരക്ഷിക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം.
കുത്തിയൊലിക്കുന്ന മഴയിൽ വീടിന്റെ അടിത്തറ ഇളക്ക് സാരമായ കേടുപാടുകൾ സംഭവിക്കാം. ഫൗണ്ടേഷൻ ബലമുള്ളതാക്കാൻ പണിയുമ്പോഴേ ശ്രദ്ധിക്കണം. മഴവെള്ളം വീടിന്റെ തറഭാഗത്തേക്ക് താഴ്ന്നിറങ്ങാതിരിക്കാനുള്ള കരുതലും എടുക്കണം.ടെറസിലെ വെള്ളം വീട്ടില്‍ നിന്നും അഞ്ചടിയെങ്കിലും മാറിയാണ് പതിക്കുന്നതെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ വീടിനു ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ട് ഇതും തറയുടെ ബലക്ഷയത്തിന് കാരണമാകും.
ടെറസിൽ നിന്നുള്ള വെള്ളം പുറത്ത് കളയുന്ന പൈപ്പുകള്‍ ഇലകളും മാലിന്യങ്ങളും കയറി അടഞ്ഞിട്ടുണ്ടോയെന്ന് മഴ പെയ്ത് തുടങ്ങുമ്പോഴേ പരിശോധിക്കണം. വെള്ളം പുറത്ത് പോകാതെ കെട്ടി കിടന്നാല്‍ ഈര്‍പ്പം ചുമരുകളിലേക്ക് വ്യാപിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടാകും. വീട്ടിലെ വയറിങ്ങുൾപ്പെടെ താറുമാറാകാൻ ഇത് മതി.
ഭിത്തികൾക്കും മേൽക്കൂരയ്ക്കും മതിലുകൾക്കും വിള്ളലുകളുണ്ടെങ്കിൽ അവ സിമൻറും പുട്ടിയും അടിച്ച് നന്നാക്കണം. വിള്ളലുകളും ദ്വാരങ്ങളുമുള്ള മതിലുകളിലും മേൽക്കൂരകളിലും ചിതലും ഫംഗസും വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ക്ഷുദ്രജീവികളുടെ സുഖകരമായ വാസസ്ഥലമായും ഇത് മാറും. ഇത്തരം ദ്വാരങ്ങളിൽ വേരുപിടിച്ച് വളരുന്ന ചെടികളും വേരോടെ പിഴുത് കളയണം.
ഇലക്ട്രിക്കൽ കണക്ഷനുകൾ എല്ലാം ശരിയായ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് നനവും മഴയും ഒഴിഞ്ഞ് നിൽക്കുമ്പോൾ പരിശോധിക്കുക. വീടിനകത്തും പുറത്തുമുള്ള ഇലക്ട്രോണിക് സ്വിച്ചുകളും പരിശോധിക്കണം. ഇലക്ട്രിക് ഷോക്ക് അല്ലെങ്കിൽ ഷോർട്ട് സർക്യൂട്ട് സാധ്യത ഒഴിവാക്കാൻ പുറം ഭാഗത്തുള്ള കണക്ഷനുകളും സ്വിച്ചുകളും കവർ ചെയ്യാവുന്നതാണ്. എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ സ്വയം ചികിത്സക്ക് നിൽക്കരുത്. ഉടൻ തന്നെ ഇലക്ട്രീഷ്യനെ വിളിക്കുക.
മഴ കൊണ്ടാൽ മുറ്റത്തേ ടൈലുകൾ വഴുക്കലുള്ളതാകും. ഗ്രിപ്പ് ഉള്ള ടൈൽ ഇടുന്നതും ടൈലുകൾക്കിടയിൽ പുല്ല് പിടിപ്പിക്കുന്നതും വഴുക്കൽ കുറയ്ക്കും. ടൈലുകളിൽ ആന്റി ഫംഗൽ ക്ലിയർ കോട്ട് അടിച്ചിടുന്നതും നല്ല വഴിയാണ്. മഴക്കാലത്ത് ഇടയ്ക്കിടെ ബ്ലീച്ചിങ് പൗഡർ ഇട്ട് പായൽ കളയാനും പ്രഷർ വാഷ് ഉപയോഗിച്ച് കഴുകാനും മറക്കേണ്ട
മഴക്കാലം വൃത്തിയുടെ കാലം കൂടിയാകണം. കൃത്യമായ ഇടവേളകളിൽ ഡ്രെയിനേജുകൾ വൃത്തിയാക്കുക. വീടിനു ചുറ്റും വെള്ളം അടിഞ്ഞുകൂടുന്നത് ഒഴിവാക്കിയാൽ കൊതുകുശല്യം കുറയും. വെള്ളം കെട്ടിക്കിടക്കുന്ന ഒന്നും പരിസരങ്ങളിൽ ഇല്ലാതിരിക്കാനും ശ്രമിക്കണം. കുപ്പികളിൽ വെള്ളം നിറച്ച് ചെടികൾ വളർത്തുന്നുണ്ടെങ്കിൽ അതിലും കൊതുകുകൾ മുട്ടയിടും. കൃത്യമായ ഇടവേളകളിൽ അതിലെ വെള്ളം മാറ്റുക. കൂടാതെ ഇൻഡോർ സസ്യങ്ങൾ മഴക്കാലത്ത് വീടിനുള്ളിലെ നനവ് വർദ്ധിപ്പിക്കും. ഇവ വീടിന് പുറത്തു സൂക്ഷിക്കുന്നതാണ് നല്ലത്.
മഴക്കാലത്തെ ഈർപ്പം ഏറ്റവും ബാധിക്കുന്നതും തടി കൊണ്ടുള്ള ഉപകരണങ്ങളെയാണ്. കട്ടള ചെറുതായി വീർത്ത് വാതിലുകളും ജനലുകളും അടയാതാകുക പ്രധാന പ്രശ്നമാണ്. സീസൺ ചെയ്ത തടി ഉപയോഗിച്ചാണ് കട്ടളയുടെയും ജനൽ ഫ്രെയിമുകളുടെയും നിർമിതിയെങ്കിൽ പ്രശ്നം കുറയും. ഫർണിച്ചർ, മരം കൊണ്ടുള്ള വാതിലുകൾ, ജനാലകൾ, അലമാരകൾ, ഡ്രോയറുകൾ തുടങ്ങിയവയ്ക്ക് ചിതൽ, ഫംഗസ്, മറ്റ് ചെറുപ്രാണികൾ എന്നിവ മൂലവും കേടുപാടുകൾ സംഭവിക്കാം. മെഴുക് തടവുന്നതും ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ ചെറുക്കും. ഫർണിച്ചറിന്റെ കാലുകൾക്ക് ബുഷ് പിടിപ്പിച്ച് തറയിൽ തൊടാത്ത വിധത്തിൽ ഇടുന്നതും നല്ലതാണ്.
Share this post