- Chinju MA
- 07 Jul 2024
എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്; റിയൽ എസ്റ്റേറ്റ് വിപണിയിൽ മുന്നേറ്റം
വിദേശങ്ങളിലേക്ക് കുടിയേറുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ് നമ്മുടെ കൊച്ചു കേരളത്തിൽ. എന്നാൽ ഇതിലൊന്നും കൂസാതെ മുന്നോട്ടു കുതിക്കുകയാണ് കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് വിപണി. ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് നമ്മുടെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തിന്റെ റിയൽ എസ്റ്റേറ്റ് വളർച്ചയെയാണ്. 2024ന്റെ ആദ്യ പകുതിയായപ്പോൾ തന്നെ അപ്പാർട്ട്‌മെൻ്റ് രജിസ്‌ട്രേഷനിൽ മുൻകൈ നേടി കുതിക്കുകയാണ് തിരുവനന്തപുരം.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (K-RERA)യുടെ റിപ്പോർട്ട് പ്രകാരം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെ 1,946 ആപ്പാർട്ട്‌മെന്റ് യൂണിറ്റുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതേസമയം എറണാകുളത്ത് 1,285 യൂണിറ്റുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട്ട് 617ഉം.
കുതിച്ചു ചാട്ടത്തിന് പിന്നിൽ ദീർഘവീക്ഷണം?
ഒരു പ്രദേശത്തിന്റെ വികസനത്തിനുവേണ്ട ഒട്ടുമിക്ക ചേരുവകളും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒത്തിണങ്ങി വന്നിരിക്കുന്നുവെന്നതാണ് നിക്ഷേപകരെ തിരുവനന്തപുരത്തേക്ക് ആകർഷിക്കുന്ന മുഖ്യഘടകം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വികസന പദ്ധതികൾ. ഷോപ്പിംഗ് മാളുകൾ ഐ.ടി തുടങ്ങിയവയിൽ നടക്കുന്ന കോടികളുടെ സ്വകാര്യ നിക്ഷേപങ്ങൾ മുതൽ ബിസിനസുകൾ വളർത്താനും തൊഴിലുകൾ കണ്ടെത്താനും സൃഷ്ടിക്കുവാനും തുടങ്ങി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഇന്ന് തിരുവനന്തപുരത്തുണ്ട്. ഇതിനൊക്കെ പുറമെ വിഴിഞ്ഞം തുറമുഖം, ഔട്ടർ റിങ് റോഡ് തുടങ്ങിയ വരാനിരിക്കുന്ന പദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളുമാണ് തിരുവനന്തപുരത്തെ റിയൽ എസ്റ്റേറ്റ് കുതിച്ചുചാട്ടത്തിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ തിരുവനന്തപുരത്തെ പാർപ്പിട വിപണിയിലുണ്ടായിരിക്കുന്ന വളർച്ചയും എടുത്ത് പറയേണ്ടതാണ്.
മാറുന്നു നഗരത്തിന്റെ മുഖച്ഛായ!
സംസ്ഥാനത്തെ മികച്ച ഊർജ്ജസ്വലമായ നഗരമെന്ന പദവി ഇന്ന് തിരുവനന്തപുരത്തിന് സ്വന്തമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ഐ.ടി മേഖലകളിൽ നഗരം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളും അതോടൊപ്പം മാളുകളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും, പാർക്കുകളും ബീച്ചുകളുമെല്ലാം ബിസിനസുകാരെയും പ്രൊഫഷണലുകളെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽ മുഖ്യഘടകമായിട്ടുണ്ട്. ഈ പ്രവണത നഗരത്തിലെ അപ്പാർട്ട്മെൻ്റ്, വില്ല, പ്ലോട്ട് എന്നിവയുടെ ഡിമാൻഡും കൂട്ടിയിട്ടുണ്ട്. RERA-യുടെ കണക്കുകൾ പ്രകാരം, 2021 മുതൽ 2023 നവംബർ വരെ തിരുവനന്തപുരത്തെ പാർപ്പിട കെട്ടിട നിർമ്മാണത്തിൽ 44% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം
തമിഴ്നാടിന്റെ തെക്കൻ ഭാഗത്ത് നിന്നുള്ളവർക്കും തിരുവനന്തപുരത്തോട് പ്രിയമേറിയതോടെ നഗരത്തിൽ അപ്പാർട്ട്മെന്റുകളും വില്ലകളും വാങ്ങാനും വാടകയ്ക്ക് താമസിക്കുവാനും ആളുകൾ തമ്മിൽ മത്സരം നടത്തുന്നൊരുകാലം വിദൂരമാകില്ല.
കൊച്ചിക്കിനി രണ്ടാം സ്ഥാനം
കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനം മാത്രമായിരുന്ന തിരുവനന്തപുരം വളരെ ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ചിരിക്കുന്ന നേട്ടങ്ങൾ നോക്കുമ്പോൾ യുവാക്കളുടെയും ബിസിനസുകാരുടെയും പ്രിയകേന്ദ്രമായ കൊച്ചിക്ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടേണ്ടി വരും എന്നതിൽ ഒരു സംശയവുമില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും വിഭാവനം ചെയ്തിരിക്കുന്ന വന്‍ പദ്ധതികളുമാണ് തിരുവനന്തപുരത്തിന്റെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകരുന്നത്. ഈ വർഷം ഇതുവരെയുള്ള കണക്കുകൾ നോക്കുമ്പോൾ അപ്പാർട്ട്മെന്റ് രജിസ്ട്രേഷനിൽ തിരുവനന്തപുരത്തിനുണ്ടായിരിക്കുന്ന മുൻകൈ ജനങ്ങളുടെ ഈ തിരിച്ചറിവിന് ആക്കം പകരുന്നതാണ്. വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുന്നതോടെ ഈ വളർച്ച ഇനിയും വർധിക്കും.
#krera #realestate #kerala
Share this post