• Chinju MA
  • 04 Feb 2025

2025 കേന്ദ്രബജറ്റ്: റിയൽ എസ്റ്റേറ്റ് മേഖലയ്ക്കുമുണ്ട് നേട്ടങ്ങൾ, ഇത് സുരക്ഷിത നിക്ഷേപത്തിനും വരുമാനത്തിനും പറ്റിയ അവസരം


 2025ലെ കേന്ദ്ര ബജറ്റ്  വളരെ പ്രതീക്ഷയോടെ കൂടിയായിരുന്നു  ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല നോക്കി കണ്ടത്. മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ നിരവധി പ്രഖ്യാപനങ്ങൾ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നേരിട്ടുള്ള മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, നഗര അടിസ്ഥാന സൗകര്യങ്ങൾ, ഭവന നിർമ്മാണം, നിക്ഷേപം, നികുതിയിളവ് എന്നിങ്ങനെ റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെടുന്ന വിവിധ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായി എന്നു തന്നെ പറയാം.

 അതിൽ എടുത്തു പറയേണ്ടതാണ് വാടക വീടുകൾക്കുള്ള ടിഡിഎസ്  പരിധി വർധിപ്പിച്ച പ്രഖ്യാപനം. 
വാടകയ്ക്കുള്ള ടിഡിഎസിന്റെ വാർഷിക പരിധി 2.40 ലക്ഷത്തിൽ നിന്ന് ആറു ലക്ഷമായാണ് വർധിപ്പിച്ചിരിക്കുന്നത്. വാടക വരുമാനത്തിന്മേലുള്ള നികുതി ഭാരം കുറയുന്നതോടെ കൂടുതൽ ആളുകൾ ഈ മേഖലയിൽ നിക്ഷേപം നടത്തുവാനെത്തും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖല.  അതോടൊപ്പം അമിത വാടക ഈടാക്കുന്ന പ്രവണത കുറയുകയും കുറഞ്ഞ വാടകയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കുകയും ചെയ്യുന്നതോടെ  കൂടുതൽ പേർ  വീടുകൾ വാടകയ്ക്കെടുക്കാനും തയ്യാറാകും. ഇത് റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ മാറ്റത്തിന് തന്നെ കാരണമാകും എന്നാണ് പ്രതീക്ഷ.

 ബജറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കൂടുതൽ പ്രതീക്ഷ നൽകിയ മറ്റൊരു പ്രഖ്യാപനമാണ് 
സ്വന്തമായി രണ്ട് വീടുള്ളവർക്ക് നൽകിയ നികുതി ഇളവ്. നിലവിൽ ഒരു വീടിന് മാത്രമാണ് ഇളവ് ലഭിച്ചിരുന്നത്. ഈ പ്രഖ്യാപനം വഴി  രണ്ടാമത്തെ വീടിന്റെ സാങ്കൽപിക വാടക വരുമാനത്തിനുള്ള നികുതി ഒഴിവാക്കി  'സെൽഫ് ഒക്യൂപൈഡ് പ്രോപ്പർട്ടി' എന്ന് പ്രഖ്യാപിക്കുന്നതോടെ  വലിയൊരു നികുതി ഭാരത്തിൽ നിന്നായിരിക്കും ഉടമസ്ഥർ ഒഴിവാക്കുക. ഇതോടെ കൂടുതൽ പേർ വ്യക്തിഗത നിക്ഷേപത്തിനായി രണ്ടാമത്തെ വീട് വാങ്ങാനുള്ള സാധ്യതയുമുണ്ട്.
അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനവും വലിയ പ്രതീക്ഷയോടെയാണ് റിയൽ എസ്റ്റേറ്റ് മേഖല കാണുന്നത്.


ഹോം ലോൺ കിഴിവുകൾ, വസ്തുവിന്മേലുള്ള വിവിധ ടാക്സ് ഇളവുകൾ തുടങ്ങിയ ആവശ്യങ്ങളിൽ ഇപ്രാവശ്യത്തെ ബജറ്റ് പരിഗണന നൽകിയില്ല എങ്കിലും  വ്യക്തിഗത വരുമാന നികുതി പരിധി 12 ലക്ഷം രൂപയാക്കി ഉയർത്തിയതിലൂടെ ഇടത്തര കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക ആശ്വാസം ലഭിക്കുകയും ഈ ഇളവ് വീട്, ഭൂമി തുടങ്ങിയവ വാങ്ങുവാനുള്ള ഇ. എം. ഐ അടവിലേക്ക് മാറ്റി ചെലവഴിക്കാനുള്ള സാധ്യതയും ഉണ്ട്. ഇതും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഗുണകരമായ നീക്കമാണ്.

രാജ്യത്തെ പ്രധാന സാമ്പത്തിക നിക്ഷേപ നയങ്ങളിൽ വരുത്തിയിരിക്കുന്ന ഈ മാറ്റം വരും ദിവസങ്ങളിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിഫലിച്ച് തുടങ്ങും. വാടക വരുമാനവും രണ്ടു വീടുള്ളവർക്കുള്ള ഇളവും ലക്ഷ്യം വെച്ച് പ്രവാസികൾ ഉൾപ്പെടെയുള്ള സുരക്ഷിത വരുമാനം ലക്ഷ്യമിടുന്നവർ ഈ അവസരം കൃത്യമായി പ്രയോജനപ്പെടുത്തും എന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക വിദഗ്ധർ.
Share this post