- Chinju MA
- 12 Aug 2024
വീട് ബെസ്റ്റാകണമെങ്കിൽ മസ്റ്റാണ് സൺഷെയ്ഡ്
വിദേശ നാടുകളിൽ കാണുന്ന ആഡംബര വില്ലകളുടേതുപോലെ ബാഹ്യകാഴ്ചയുള്ള വീട്,
കണ്ടാൽ ആരും നോക്കി നിന്നുപോകണം. ഒരു വീട് പണിയുമ്പോൾ ഇത്തരം സങ്കൽപ്പങ്ങൾ മനസ്സിൽ വെച്ച് വീടിന്റെ പ്ലാൻ ഡിസൈനിങ് ചെയ്യിപ്പിക്കുന്നവരുടെ എണ്ണം ഇന്ന് നമ്മുടെ നാട്ടിൽ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. എന്നാൽ ഈ വിദേശ ഡിസൈനുകൾ നാട്ടിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് അവിടുത്തെ കാലാവസ്ഥ ഇങ്ങോട്ട് കൊണ്ടുവരാൻ സാധിക്കില്ലല്ലോ എന്ന തിരിച്ചറിവുണ്ടാവുന്നത് ഏറെ വൈകിയാവും. അപ്പോഴേക്കും കാലാവസ്ഥയുടെ എല്ലാവിധ മാറ്റങ്ങളും അതേപടി വീടിന്റെ അകത്തിരുന്ന് അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ടാകും വീട്ടുകാർ.
വീട് നിർമാണത്തിൽ വിദേശ ഡിസൈനുകൾ മാതൃകയാക്കുന്നതോടെ സൺ ഷെയ്ഡ് എന്നത് ഒരു അഭംഗിയായോ അധികപ്പറ്റായോ കാണുന്നവരാണ് ഭൂരിഭാഗം പേരും. അതിന്റെ വരും വരായികകളെക്കുറിച്ച് വിവരമുള്ളവർ പറഞ്ഞു കൊടുത്താലും കാര്യമാക്കാറില്ല. എന്നാൽ നമ്മുടെ നാട്ടിലെ വീടുകളെ സംബന്ധിച്ചിടത്തോളം സൺ ഷെയ്ഡ് എന്നത് വീടിന് ചുറ്റും ഉന്തി നിൽക്കുന്ന ഭിത്തി മാത്രമല്ല മാറിമാറി വരുന്ന കാലാവസ്ഥയിൽ നിന്ന് വീടിനെ കാക്കുന്ന ഒരു ലക്ഷ്മണരേഖ കൂടിയാണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
- എന്തിനാണ് സൺഷെയ്ഡ് ..?
കാറ്റും മഴയും വെയിലും ജനൽ വഴി നേരിട്ട് വീടിന്റെ അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ സഹായിക്കുക എന്നതാണ് സൺഷെയ്ഡിന്റെ ആദ്യ കർത്തവ്യങ്ങളിൽ ഒന്ന്. സൺഷെയ്ഡ് ഗ്ളാസ് ജനലിലൂടെ നേരിട്ട് റൂമിൽ പതിക്കുന്ന സൂര്യപ്രകാശത്തെ തടയുന്നു, അതുവഴി വീടിനകത്തെ ചൂട് കുറയുന്നു. മാത്രവുമല്ല പുറമേ നിന്നും വരുന്ന ചൂട് വായുവിനെ അൽപനേരം ആണെങ്കിലും സൺഷെയ്ഡ് തടഞ്ഞുനിർത്തി കൂളാക്കിയതിനുശേഷം ആകും ജനലിൽ വഴി അകത്തേക്ക് കടത്തിവിടുന്നത്. മഴ വന്നാൽ അത് മേൽക്കൂരയിൽ നിന്നും നേരിട്ട് ഒലിച്ചിറങ്ങി ജനലിലേക്ക് കടക്കാതെ വെള്ളമെല്ലാം തടഞ്ഞുനിർത്താനും സഹായിക്കും ഈ സൺഷേയ്ഡുകൾ.
- ജനലുകൾക്ക് മുകളിൽ മാത്രം മതിയോ സൺഷെയ്ഡ് ?
പോരാ... വീടിനു ചുറ്റുമുള്ള എല്ലാ ചുമരുകൾക്കും വേണം സൺഷൈഡിന്റെ കവറിംഗ്. ഇവ വെയിലും മഴയും നേരിട്ട് ഭിത്തിയിൽ അടിക്കാതെ സംരക്ഷിക്കുന്നതിനോടൊപ്പം അകത്തെ ചൂട് കുറയ്ക്കുവാനും ഭിത്തിയിൽ ഈർപ്പം തങ്ങിനിന്ന് അതിന്റെ ആയുസ്സ് കുറയുന്നത് തടയുവാനും വളരെയേറെ സഹായിക്കുന്നുണ്ട്. അതുമാത്രവുമല്ല റെയിൻ വാട്ടർ സ്റ്റോറേജ് ടാങ്കുകളായും ഇവയെ മാറ്റിയെടുക്കാം. സൺഷെയ്ഡുകളുടെ അഗ്രഭാഗത്ത് ചെറിയ ഇഷ്ടികകളുപയോഗിച്ച് ഒരു അതിരു കൂടി കെട്ടുന്നതോടെ പെയ്തിറങ്ങുന്ന മഴവെള്ളം രണ്ടിഞ്ച് വ്യാസമുള്ള പൈപ്പിലൂടെ പുറത്തെ ടാങ്കിലേക്ക് സംഭരിക്കാനുമാകും.
- പെയിന്റിംഗ് കാശും ലാഭം!
മഴയെയും വെയിലിനെയും വീടിനകത്തേക്ക് അടുപ്പിക്കാതെ അകത്തളത്തെ സംരക്ഷിക്കുന്നതിനോടൊപ്പം വീടിന്റെ പുറത്ത് അടിച്ചിരിക്കുന്ന പെയിന്റിന്റെ ആയുസ്സ് വർദ്ധിപ്പിക്കുവാനും സൺഷെയ്ഡുകൾ സഹായിക്കുന്നുണ്ട്. പൂർണമായി സൺഷെയ്ഡിനാൽ സംരക്ഷിക്കപ്പെട്ട ഒരു വീട് പെയിന്റ് ചെയ്യേണ്ടുന്ന ഇടവേളകൾ വളരെ കൂടുതലാണ്. സൺഷെയ്ഡ് ഇല്ലാത്ത വീടുകൾ ഇടയ്ക്കിടെ പെയിന്റ് ചെയ്യേണ്ടിവരുമ്പോൾ സൺഷെയ്ഡ് ഉള്ള വീടുകളുടെ പെയിന്റിംഗ് ഇരട്ടിനാൾ ലാസ്റ്റ് ചെയ്യും.
ഇത്രയേറെ ഉപകാരി ആയിട്ടും വീടിന്റെ ഭംഗി കെടുത്തുന്നവൻ എന്ന വിളിയാ ബാക്കി.... പാവം സൺഷെയ്ഡുകൾ!
Share this post