• Chinju MA
  • 18 Sep 2024

ഒറ്റ ദിവസത്തിൽ കിട്ടും ബിൽഡിംഗ് പെർമിറ്റും ഒക്യൂപെൻസി സർട്ടിഫിക്കറ്റും; ഇന്നും അറിയാത്തവർ നിരവധി

 സർക്കാർ സേവനങ്ങൾ പലതും ഡിജിറ്റൽവൽക്കരിച്ചിട്ടുണ്ട് എങ്കിലും  അവ എപ്രകാരം പ്രയോജനപ്പെടുത്തണമെന്ന പ്രായോഗിക അറിവ് നമ്മുടെ സമൂഹത്തിന് ഇന്നും ലഭിച്ചിട്ടില്ല എന്നത് ഒരു പരമമായ സത്യമാണ്. വീടുവയ്ക്കാൻ ചിന്തിക്കുമ്പോൾ തന്നെ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരുമെന്ന പഴയകാല ചിന്തകളിൽ നിന്ന് ഇന്നും ഭൂരിഭാഗം ജനങ്ങളും മോചിതരായിട്ടില്ല. അതുകൊണ്ടുതന്നെ  വീട് വയ്ക്കാൻ വേണ്ട പെർമിറ്റ് എടുക്കുന്നതിനും ഒക്യൂപെൻസി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനും എല്ലാം  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ ഇന്നും ഒരു കുറവുമില്ല. 
 നിയമപരമായ കാര്യങ്ങളെല്ലാം പാലിച്ചാണ് വീട് വയ്ക്കുന്നതെങ്കിൽ ഓഫീസുകൾ കയറിയിറങ്ങാതെ ഒറ്റക്ലിക്കിൽ ഓൺലൈനായി സർട്ടിഫിക്കറ്റുകൾ അനുവദിച്ചു കിട്ടാനുള്ള സംവിധാനം നമ്മുടെ നാട്ടിൽ നടപ്പാക്കിയിട്ട് നാളുകൾ ഏറെയായി. 

  • ആർക്കൊക്കെ ഈ സേവനം പ്രയോജനപ്പെടുത്താം 
 ലോ റിസ്ക് ഗണത്തിൽപ്പെട്ട നിയമപരമായി സാധുവായ സ്ഥലത്ത്  300 ചതുരശ്ര മീറ്റർ (3250 ചതുരശ്ര അടി) വരെ വലുപ്പമുള്ള വീടുകളും (അപ്പാർട്ട്മെൻ്റുകൾ ഉൾപ്പെടെ ) 200 ച.മീ വരെയുള്ള കച്ചവട ആവശ്യ കെട്ടിടങ്ങളും നിർമ്മിക്കുന്നവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.  
നിർമ്മാണം പൂർത്തീകരിച്ച ശേഷം ഒക്യുപൻസി സർട്ടിഫിക്കറ്റിനും ഇതേ സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. 

  • എങ്ങനെ അപേക്ഷിക്കാം 
 കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാർ വഴി സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ibpms.kerala.gov.in വഴി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണം. അപേക്ഷക്കൊപ്പം ആധാരത്തിന്റെ പകർപ്പ്, സ്ഥലത്തിന്റെ ടാക്സ്  റെസിപ്റ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്, നിർമാണവുമായി ബന്ധപ്പെട്ട ഏതെങ്കിലും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കേണ്ടതുണ്ടെങ്കിൽ അത് കൂടി ഉൾപ്പെടുത്തിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ചട്ടപ്രകാരമുള്ള ഫീസ്  തദ്ദേശസ്ഥാപനങ്ങളിലേക്ക് ഓൺലൈനായി അടക്കുകയും ചെയ്യാം. 

  •  പെർമിറ്റ് എടുക്കാൻ സമീപിക്കേണ്ടത് ആരെ 
സർക്കാർ അംഗീകൃത  യോഗ്യതയും ചട്ടങ്ങളെ കുറിച്ച് കൃത്യമായ അറിവുള്ള രജിസ്റ്റേർഡ് സൂപ്പർവൈസർമാർക്കും എൻജിനീയർമാർക്കുമാണ്  പെർമിറ്റും ഒക്യുപൻസി സർട്ടിഫിക്കറ്റും അനുവദിക്കാൻ അധികാരമുള്ളത്. പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പൂർണ ഉത്തരവാദിത്വം ഇവരിൽ നിക്ഷിപ്തമായതിനാൽ കൃത്യമായ വിശകലനത്തോടുകൂടി മാത്രമേ ഇവർ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കുകയുള്ളൂ.

  •  കബളിപ്പിച്ചാൽ പണി കിട്ടും  
 പെർമിറ്റ് കിട്ടി പണി തുടങ്ങിയാൽ  കെട്ടിടത്തിന്റെ അടിത്തറ നിർമാണം പൂർത്തീകരിച്ചതിന് ശേഷം പെർമിറ്റ് അനുവദിച്ച എം പാനൽഡ് എൻജിനീയർ പ്ലിന്ത് ലെവൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് സമർപ്പിക്കണം. നിർമ്മാണത്തിൽ അപാകത തോന്നിയാൽ ലൈസൻസിക്ക് പെർമിറ്റ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. കൂടാതെ  ഉദ്യോഗസ്ഥതല പരിശോധനയിൽ  ചട്ടലംഘനം കണ്ടെത്തിയാൽ 
 പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികളും ഉണ്ടാകും. 

 കാര്യങ്ങൾ വ്യക്തമായ സ്ഥിതിക്ക്  ഇനിയെങ്കിലും സമയം പാഴാക്കാതെ  ഡിജിറ്റൽ യുഗത്തിനൊപ്പം നടക്കാൻ നമ്മൾ പഠിക്കണം.  നിയമപരമായ മാർഗ്ഗനിർദേശങ്ങളെല്ലാം കൃത്യമായി പാലിച്ചുകൊണ്ടാണ് കെട്ടിട നിർമ്മാണം നടത്തുന്നതെങ്കിൽ  പിന്നെന്തിന് ഓഫീസുകൾ കയറിയിറങ്ങി അപേക്ഷ സമർപ്പിച്ച് സമയം കളയണം. അംഗീകൃത എംപാനൽഡ് ലൈസൻസികളെ കണ്ടെത്തി നമ്മുടെ രേഖകൾ നൽകിയാൽ നൊടിയിടയിൽ കാര്യം നടക്കും.

Share this post