• Chinju MA
  • 19 Sep 2024

വീട് പണി കെണിയാകരുത് ; ഭവന വായ്‌പയിൽ ആദ്യം അറിയേണ്ട കാര്യങ്ങൾ

 കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇന്ന് നിർമ്മാണ വസ്തുക്കളുടെ വിലയും കൂലി ചെലവും വർദ്ധിക്കുന്നത് ഈ സാഹചര്യത്തിൽ പുതിയ വീട് വയ്ക്കുക എന്നത് ഒട്ടുമിക്ക ആളുകൾക്കും അല്പം വലിയൊരു ടാസ്ക് തന്നെയാണ്.  പുതിയ വീട് എന്ന സ്വപ്നം സാധ്യമാകണമെങ്കിൽ ഒരു ഹോം ലോണ്‍ കൂടിയേ തീരൂ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി വർധിച്ചുവരികയാണ്. 
 എന്നാൽ ഭവന വായ്പകളെ കുറിച്ചുള്ള കൃത്യമായ ധാരണയില്ലായ്മ അധിക ചിലവിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകും. അതുകൊണ്ടുതന്നെ ഭവന വായ്പയെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ നമ്മുടെ വിപണിയിൽ ലഭ്യമായ വായ്പകളെ കുറിച്ചും മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തമായ അറിവ് നേടേണ്ടത് അത്യന്താപേക്ഷിതമാണ്.

ഭവന വായ്പ എന്തിന്, ആർക്കൊക്കെ അപേക്ഷിക്കാം? 

 പുതിയ വീട് വയ്ക്കുവാനും ഉള്ളത് പുതുക്കി പണിയുവാനും ഫ്ലാറ്റ്, വില്ല തുടങ്ങിയവ വാങ്ങിക്കുവാനും  ധനകാര്യ  സ്ഥാപനങ്ങളിൽ നിന്നും സ്വീകരിക്കുന്ന സാമ്പത്തിക സഹായത്തെയാണ്  ഭവന വായ്പ എന്ന് പറയുന്നത്. 
പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ള സ്ഥിര വരുമാനമുള്ളവർക്ക് ഭവന വായ്പയ്ക്കായി അപേക്ഷിക്കാവുന്നതാണ്. വായ്പ ലഭിക്കാനുള്ള പരമാവധി പ്രായം 60 വയസ്സാണ്.  ചില ബാങ്കുകൾ എഴുപത് വയസു വരെ അനുവദിക്കും.  വായ്പ തിരിച്ചടയ്ക്കാൻ 30 വർഷം വരെയുള്ള കാലാവധിയും ഒട്ടുമിക്ക ബാങ്കുകളും അനുവദിക്കുന്നുണ്ട്. 

ആദ്യം അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ 

സ്ഥിരവരുമാനം ഉണ്ടെങ്കിലും അപേക്ഷിച്ചാലുടനെ വേണ്ടത്ര തുക വായ്പയായി ലഭിക്കണമെന്നില്ല. ബാങ്കിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച് നമ്മളുടെ വരുമാനവും വായ്പാതുകയും  ഒത്തുചേർന്നാൽ മാത്രമേ നമുക്ക് ആവശ്യമുള്ളത്ര തുക ലോണായി ലഭിക്കുകയുള്ളൂ അല്ലാത്തപക്ഷം  അനുവദിക്കുന്നതുകയിൽ വലിയ കുറവ് തന്നെ ഉണ്ടാകും. അതുകൊണ്ടുതന്നെ പുതുതായി വീട് പണിയുവാനോ ഉള്ളത് പൊളിച്ചു പണിയുവാനോ ആലോചിക്കുമ്പോൾ തന്നെ ബന്ധപ്പെട്ട ബാങ്കിനെ സമീപിച്ച്  നമ്മുടെ വരുമാനത്തിനനുസരിച്ച് നമുക്ക് കിട്ടേണ്ട വായ്പാതുക മനസ്സിലാക്കിയതിനു ശേഷം നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് ഇറങ്ങുന്നത് ആയിരിക്കും കൂടുതൽ ഉചിതം. അല്ലാത്തപക്ഷം ചെലവിനായുള്ള ബാക്കി വിഹിതം കണ്ടെത്താനായി മറ്റ് ഉയർന്ന പലിശയുള്ള വായ്പ മാർഗങ്ങൾ നോക്കേണ്ടിവരും.  ബാങ്കുകളെ താരതമ്യം ചെയ്തു വേണം എവിടെ നിന്ന് ലോൺ എടുക്കണം എന്ന് തീരുമാനിക്കാൻ. ഓരോ ബാങ്കിലും ഓരോ രീതിയിലാണ് ഭവന വായ്‌പ. പ്രോസസിംഗ് ഫീസ്, പലിശ എന്നിവയിലെല്ലാം ബാങ്കുകൾ തമ്മിൽ വ്യത്യാസമുണ്ട്. ഓരോ ബാങ്കുകളുടെ ഓഫറുകളെ കുറിച്ച് അറിഞ്ഞുവെക്കാം. അവ തമ്മിൽ താരതമ്യം ചെയ്ത് ഉചിതമായത് കണ്ടെത്തണം. ഇതിനായി നേരിട്ട് സന്ദർശിക്കണമെന്നില്ല ബാങ്കുകളുടെ വെബ്സൈറ്റുകളിൽ വിവരങ്ങൾ ലഭ്യമാണ്.

എത്ര രൂപ വരെ വായ്പ കിട്ടും,  മാനദണ്ഡങ്ങൾ എന്തെല്ലാം ? 

 മറ്റ് പിടിക്കലുകൾ കഴിഞ്ഞ്  കയ്യിൽ കിട്ടുന്ന വരുമാനത്തിൽ നിന്ന്  വിവിധ ജീവിത ചെലവുകൾക്കുള്ള തുക കൂടി കുറച്ചതിനുശേഷം ഉള്ള  വരുമാനമാണ് ബാങ്കുകൾ വായ്പ നൽകുന്നതിനായി പരിഗണിക്കുന്നത്. ഈ തുക  ഭവന വായ്പയുടെ  മാസത്തവണ അടയ്ക്കുന്നതിന് പര്യാപ്തമായാൽ മാത്രമേ നമ്മുടെ അപേക്ഷിച്ച തുക ബാങ്ക് നൽകുകയുള്ളൂ.  അതായത് മാസ വരുമാനത്തിൽ നിന്ന് കുറഞ്ഞത് 40% എങ്കിലും കുറവ് ചെയ്തിട്ടുള്ള തുകയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ബാങ്ക് നമുക്ക് നൽകാനുള്ള വായ്പ നിശ്ചയിക്കുക. അപേക്ഷകന് മറ്റ് വാഹന/വിദ്യാഭ്യാസ ലോണുകൾ ഉണ്ടെങ്കിൽ ലഭിക്കുന്ന തുക വീണ്ടും കുറയും. 
 ഇതു മാത്രവുമല്ല വാങ്ങാൻ/ നിർമിക്കാൻ പോകുന്ന വീടിന്റെ മൂല്യത്തെ സംബന്ധിച്ച് ബാങ്കിന്റെ അംഗീകൃത എഞ്ചിനീയർ  നൽകുന്ന വാല്യൂഷൻ റിപ്പോർട്ടും വായ്പ തുക നിശ്ചയിക്കുന്നതിന് പ്രധാന ഘടകമാണ്. മതിപ്പ് വിലയുടെ 75-90%
 വരെയാണ് വായ്പ ലഭിക്കുക. 
 മെച്ചപ്പെട്ട ക്രെഡിറ്റ് സ്കോറും ഒരു പ്രധാന ഘടകം തന്നെയാണ്. ക്രെഡിറ്റ് സ്കോർ നല്ലതല്ലെങ്കിൽ വായ്പ നിരസിക്കപ്പെടും. അതേ സമയം തന്നെ ചില ബാങ്കുകൾ നല്ല ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ലോൺ എളുപ്പത്തിൽ പാസാക്കി നൽകുകയും ചെറിയ ശതമാനം പലിശ ഇളവും നൽകുകയും ചെയ്യും.

 വായ്പ കൂടുതൽ കിട്ടാൻ വഴിയുണ്ടോ?

 ഉണ്ട്. അപേക്ഷകന്റെ വരുമാനം വായ്പ തുകയ്ക്ക് യോജിക്കാതെ വന്നാൽ സഹ അപേക്ഷകനെ കൂടി ഉൾക്കൊള്ളിച്ചാൽ അർഹത കൂടും. വസ്തു ഒരാളുടെ പേരിലായാലും പ്രശ്നമല്ല എന്നാൽ വായ്പ രണ്ടാളിന്റെയും സംയുക്ത പേരിൽ ആകും അനുവദിക്കുന്നത്. നിലവിൽ ഒരു വീടുള്ളവർക്ക് ആ വീടിന്റെ വാടക വരുമാനം കാണിച്ചും പരമാവധി തുക നേടാം.

ആവശ്യമായി വരുന്ന രേഖകൾ 

ബാങ്കിനെ നമ്മുടെ വരുമാനം എത്രയാണെന്ന് ബോധിപ്പിക്കുന്നതിനായി അവസാന ആറ് മാസത്തെ ശമ്പള സ്ലിപ്പ്, രണ്ട്/ മൂന്ന് വർഷത്തെ ആദായ നികുതി രേഖകളും ആദ്യം തന്നെ ഹാജറാക്കണം. അതോടൊപ്പം അപേക്ഷകന്റെ തിരിച്ചറിയൽ രേഖ, വസ്തുവിന്റെ (കെട്ടിടം ഉണ്ടെങ്കിൽ അതിന്റെയും) രേഖകൾ, അതായത് ആധാരം, നികുതി രശീത്, കെട്ടിട നികുതി അടച്ച രേഖ, എൻകംബറൻസ് സർട്ടിഫിക്കറ്റ്, ലോക്കേഷൻ സർട്ടിഫിക്കറ്റ്,    എഞ്ചിനീയർ തയാറാക്കിയ പ്ലാനും എസ്റ്റിമേറ്റും, മുൻ ആധാരം ആവശ്യം വരുന്നെങ്കിൽ അതൊക്കെ  നൽകണം.   ഇവ ബാങ്കിന്റെ അംഗീകൃത അഡ്വക്കേറ്റ് പരിശോധിച്ച് ബാങ്ക് ശാഖാ മാനേജർക്ക് ലീഗൽ ഒപ്പിനീയൻ  നൽകും. ബാങ്കിനു ഈടായി സ്വീകരിക്കാൻ സാധുവായതാണോ എന്ന് ഇതിൽ വ്യക്തമാണെങ്കിൽ നിങ്ങളുടെ വായ്പ അപേക്ഷ പിന്നീടുള്ള പ്രോസസിങ്ങിലേക്ക് കടക്കും. 

 ബാങ്ക് ലോണിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങളാണ് ഇവയെല്ലാം. കാര്യങ്ങൾ മനസ്സിലാക്കി കൃത്യമായ പ്ലാനോടെ ഭവന വായ്പ എടുത്താൽ  ഭാവി കൂടുതൽ സുരക്ഷിതമാകും.
Share this post