• Chinju MA
  • 08 Apr 2025

വീടിനുള്ളിൽ ചൂട് സഹിക്കാൻ വയ്യേ...! എസിയില്ലാതെ വീട് തണുപ്പിച്ചാലോ; ഇതാ കുറച്ച് കിടിലൻ ടിപ്പുകൾ

 എന്തൊരു ചൂട്..... വീട്ടിലിരുന്നാൽ പോലും ചുട്ടുപൊള്ളുന്ന അവസ്ഥ. വേനൽ തുടങ്ങിയിട്ടേയുള്ളൂ   ഇനിയും ചൂട് കൂടുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ എസി കടകളില്‍ ഇപ്പോള്‍ തന്നെ തിരക്ക് തുടങ്ങി. എങ്ങിനെയെങ്കിലും ചൂടില്‍ നിന്ന് രക്ഷനേടാനും തണുപ്പിക്കാനും വീടുകളില്‍ എസി വയ്‌ക്കുന്ന തിരക്കിലാണ് പലരും. 
 എന്നാൽ വീടിന്റെ എല്ലാ ഭാഗങ്ങളിലും എസി വെച്ച് തണുപ്പിക്കാം എന്ന് വിചാരിച്ചാൽ ബജറ്റ് കയ്യിൽ ഒതുങ്ങില്ല. അതുകൊണ്ടുതന്നെ ഇനി പറയുന്ന  പൊടികൈകൾ ഒന്ന് പ്രയോഗിച്ചു നോക്കൂ  വീട് നല്ല സൂപ്പർ കൂളാക്കി മാറ്റാം. 

  •  പരമാവധി തുറന്നിടാം...

വീടിനകത്തെ ചൂടിൽ നിന്ന് രക്ഷ നേടാൻ ചെലവില്ലാത്തതും   എളുപ്പവുമായ ഒരു മാർഗ്ഗം  ജനലുകളും വാതിലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കുക എന്നുള്ളതാണ്. പുറത്തുനിന്നുള്ള വായു വീടിനുള്ളിൽ കൂടി കടന്ന് മറുഭാഗത്തേക്ക് പോകുന്ന വിധത്തിൽ ജനാലകൾ തുറന്നിടണം. 
 ഒപ്പം രാത്രികാലങ്ങളിൽ തണുത്ത വായു വീടിനകത്തേക്ക് പ്രവേശിപ്പിക്കുവാൻ  കൃത്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് രാത്രി ജനാലകൾ തുറന്നടുന്നതും നല്ലതാണ്. പ്രാണികൾ ഉള്ളിലേക്ക് കടന്നുകൂടാതിരിക്കാൻ പെസ്‌റ്റ് നെറ്റുകൾ ജനാലകളിൽ അടിക്കുന്നതും നല്ല ഒരു ഐഡിയ തന്നെയാണ്. 

  •  ഉപയോഗിക്കാം വായു സംസാരം ഉള്ള തുണിത്തരങ്ങൾ

സോഫയിലും കിടക്കയിലുമൊക്കെ അധികമായി ചൂട് വരുന്ന തുണിത്തരങ്ങൾ ഉപയോഗിക്കാതിരിക്കാം. പോളിസ്റ്റർ, ലെതർ, സാറ്റിൻ പോലുള്ള തുണികൾ എളുപ്പത്തിൽ ചൂടിനെ ആഗിരണം ചെയ്യുന്നവയാണ്. വായു കടന്നു പോകാൻ സാധിക്കുന്ന കട്ടികുറഞ്ഞ തുണികൾ വേണം ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ കിടക്കയിലും ഇരിപ്പിടങ്ങളിലും കോട്ടൺ പോലുള്ള തുണികൾ ഉപയോഗിക്കാം

  •  തെരഞ്ഞെടുക്കാം  ചൂടിനെ കടത്തിവിടാത്ത കർട്ടണുകള്‍ 

വീട്ടിലെ കർട്ടണുകള്‍ ഇളം നിറത്തിലുള്ളവ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. കറുപ്പ് പോലുള്ള കടുത്ത നിറങ്ങളുള്ള കർട്ടണുകള്‍ വീട്ടിനുള്ളിൽ ചൂട് തങ്ങി നിർത്താൻ കാരണമാകും. കൂടാതെ ചൂടിനെ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന നിറമാണ് വെള്ള. വെളുത്ത ടൈലുകൾ, ടെറാക്കോട്ട ടൈലുകൾ എന്നിവ ഇടുന്നത് ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകും.

  •  തണുപ്പിന് ബെസ്റ്റാണ് ചെടികൾ

വീടിനകവും പുറവും തണുപ്പിക്കാന്‍ നല്ലൊരു മാര്‍ഗമാണ് ചെടികള്‍ നട്ടുപിടിപ്പിക്കുന്നത്.  അരേക്ക പാം ട്രീ, കറ്റാർവാഴ, ഫേൺ എന്നിവ ഇൻഡോർ പ്ലാൻറുകളായി ഉൾപ്പെടുത്തുന്നത് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.  അകത്തളം കൂടുതൽ മനോഹരമാക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ബാൽക്കണി ഗ്രില്ലുകളിലും ഇൻഡോർ സ്ക്രീനുകളിലും ഡിവൈഡറുകളിലും വള്ളിച്ചെടികൾ വച്ചു പിടിപ്പിക്കാം. മുറ്റം നിറയെ ചെടികളും ചെറിയ വൃക്ഷങ്ങളും നട്ടുപിടിപ്പിച്ചാല്‍ നല്ല തണുപ്പ് ആസ്വദിക്കാം.ഇതിനുപുറമേ വീടിൻ്റെ കിഴക്ക്, പടിഞ്ഞാറ് വശങ്ങളിൽ തണൽ മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.

  • വിൻഡോ ബ്ലൈൻഡ് 

ജനാലകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് ചൂടിനെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നവയാണ്. ഇത് മുറിക്കുള്ളിലെ ചൂട് വർധിപ്പിക്കുന്നു. ജനാല  തുറന്നിടാനുള്ള സാഹചര്യമില്ലെങ്കിൽ വിൻഡോ ബ്ലൈൻഡുകൾ ഉപയോഗിക്കാവുന്നതാണ്. മുറിക്കുള്ളിൽ ഇരുട്ടുണ്ടാവാതിരിക്കാൻ പ്രകാശം കടത്തിവിടുന്ന തരത്തിലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കാം. 

  •  ഒരല്പം കരുതൽ മേൽക്കൂരയ്ക്കും കൊടുക്കാം

അധിക ചൂടിനെ പ്രതിരോധിക്കാൻ സാധിക്കുന്ന പെയിന്റോ കോട്ടിങ്ങോ ടെറസിൽ ഉപയോഗിക്കുന്നത് വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഹീറ്റ് റിഫ്ലക്റ്റൻസ് ടെക്നോളജി അടങ്ങിയ പെയിന്റുകൾ വിപണിയിൽ ലഭ്യമാണ്. ടെറസ്സ്, പാരപ്പറ്റ് തുടങ്ങിയ സ്‌ഥലങ്ങളിലെല്ലാം ഇവ ഉപയോഗിക്കുക. ടെറസിലേക്ക് ചൂട് ആഗിരണം ചെയ്യപ്പെടാതെ തടയുന്നതിന് ഇത് സഹായിക്കും.

Share this post