- Chinju MA
- 13 Oct 2025
ശ്രദ്ധിച്ചില്ലെങ്കിൽ സ്വന്തം ഭൂമിയുടെ പേരിൽ കോടതി കയറിയിറങ്ങേണ്ടി വരും; ഭൂമി ഇടപാടുകളിൽ ഉറപ്പായും പരിശോധിക്കേണ്ട രേഖകൾ
സ്വന്തമായി ഒരുതുണ്ട് ഭൂമി എന്നത് നമ്മളിൽ പലരുടെയും സ്വപ്നമാണ്. വർഷങ്ങളുടെ അധ്വാനവും ആയുഷ്കാലത്തെ സമ്പാദ്യവും നൽകിയാണ് പലരും ഈ സ്വപ്നം യാഥാർത്ഥ്യമാക്കുന്നത്. എന്നാൽ, വസ്തു ഇടപാടുകളിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും വലിയ സാമ്പത്തിക നഷ്ടത്തിനും നിയമപ്രശ്നങ്ങൾക്കും ഇടയാക്കിയേക്കാം. കഷ്ടപ്പെട്ട് സാമ്പാദിച്ച പണം കൊടുത്ത്, രജിസ്ട്രേഷൻ പൂർത്തിയാക്കി, വീടുവെച്ച് താമസിക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ ബാങ്കോ, മറ്റ് ധനകാര്യ സ്ഥാപനങ്ങളോ വലിയൊരു തുകയുടെ അറ്റാച്ച്‌മെന്റുമായി (ജപ്തി നടപടി) വന്നാൽ എന്ത് ചെയ്യും. മുൻ ഉടമ എന്തെങ്കിലും ഇടപാടിനായി നൽകിയ ഒരു നികുതി രസീതിന്റെ ബലത്തിൽ പോലും നിങ്ങളുടെ വസ്തുവിനെ അറ്റാച്ച് ചെയ്യാൻ അവർക്ക് കഴിഞ്ഞേക്കാം. ഇത്തരം ദുരവസ്ഥകൾ ഒഴിവാക്കാൻ, ഭൂമി വാങ്ങുമ്പോൾ നിർബന്ധമായും പരിശോധിക്കേണ്ട സുപ്രധാന രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭൂമി ഇടപാടുകളിൽ നിർബന്ധമായും പരിശോധിക്കേണ്ട രേഖകൾ
1. ആധാരം
വസ്തുവിന്റെ ഇപ്പോഴത്തെ ഉടമയ്ക്ക് അതിന്മേലുള്ള നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. വസ്തു വിൽക്കുന്നയാൾക്ക് അത് മുൻ ഉടമയിൽ നിന്ന് നിയമപരമായി ലഭിച്ചതാണോ എന്ന് ഉറപ്പാക്കണം.
2. മുന്നാധാരം
നമുക്ക് സ്ഥലം വിറ്റ വ്യക്തിക്ക് ആര് വിറ്റു എന്നതിന്റെ രേഖയാണിത്. പ്രധാന ആധാരവും മുന്നാധാരവും തമ്മിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ സങ്കീർണ്ണമായ നിയമനടപടികൾ വേണ്ടി വരും. ഒരു നിയമ വിദഗ്ധന്റെ സഹായം തേടുന്നത് ഇവിടെ ഉചിതമാണ്.
3. ബാധ്യത സർട്ടിഫിക്കറ്റ്
വസ്തു ഏതെങ്കിലും ബാങ്കിലോ, ധനകാര്യ സ്ഥാപനങ്ങളിലോ ഈടുവെച്ചിട്ടുണ്ടോ (ബാധ്യതപ്പെടുത്തിയിട്ടുണ്ടോ) എന്ന് അറിയാൻ ഈ സർട്ടിഫിക്കറ്റ് സഹായിക്കും. സബ് രജിസ്ട്രാർ ഓഫീസിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. 'EC' പരിശോധിച്ച് വസ്തു പൂർണ്ണമായും ബാധ്യത രഹിതമാണെന്ന് ഉറപ്പാക്കുക.
4. കൈവശാവകാശ സർട്ടിഫിക്കറ്റ്
സ്ഥലത്തിന്റെ കൈവശാവകാശം വിൽക്കുന്ന വ്യക്തിയിൽ തന്നെയാണെന്ന് ഉറപ്പാക്കാൻ ഇത് ആവശ്യമാണ്. വില്ലേജ് ഓഫീസിൽ നിന്നാണ് ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
5. നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റ്
പ്രസ്തുത വസ്തുവിന്മേൽ ഏതെങ്കിലും തരത്തിലുള്ള നിയമ നടപടികളോ, ജപ്തി നടപടികളോ, അറ്റാച്ച്‌മെന്റോ നിലവിലില്ല എന്ന് ഉറപ്പുവരുത്തുന്ന രേഖയാണിത്. ഇതും വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കും.
6. കരമടച്ച രസീത്
ഏറ്റവും പുതിയ തീയതിയിലുള്ള ഭൂനികുതി അടച്ച രസീതാണ് പരിശോധിക്കേണ്ടത്. വസ്തുവിന്റെ ഉടമസ്ഥാവകാശം വില്ലേജ് ഓഫീസിലെ രേഖകളിൽ വിൽക്കുന്നയാളുടെ പേരിൽത്തന്നെയാണെന്ന് ഉറപ്പുവരുത്തണം. ഇതിനെയാണ് പോക്ക് വരവ് എന്ന് പറയുന്നത്.
7. അവകാശങ്ങളുടെ രേഖ
വസ്തു ആരുടെ പേരിലാണ്, ഇതിന്മേൽ മറ്റ് അവകാശികൾ ആരെങ്കിലുമുണ്ടോ എന്ന് അറിയുന്നതിന് റവന്യു ഓഫീസിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റാണിത്.
8. ബേസിക് ടാക്സ് രജിസ്റ്റർ
നാം വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി ഏത് വിഭാഗത്തിൽപ്പെട്ടതാണ് (നിലം, തോട്ടം, പുരയിടം) എന്ന് ഈ രേഖ പരിശോധിച്ചാൽ മനസ്സിലാക്കാം. ഉദാഹരണത്തിന്, 'നിലം' ആയി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയിൽ കെട്ടിടം നിർമ്മിക്കാൻ സാധിച്ചെന്ന് വരില്ല.
9. ലൊക്കേഷൻ സ്കെച്ച്
വസ്തുവിന്റെ അതിരുകളും ബന്ധപ്പെട്ട റോഡുകളും അടയാളപ്പെടുത്തിയ ഈ രേഖ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കും.
ഈ രേഖകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പണം കൈമാറി ഇടപാട് നടത്തുക. പരിചയസമ്പന്നരായ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റുമാരുടെയും, നിയമ വിദഗ്ധരുടെയും സഹായം തേടുന്നത് എല്ലാ ഭവിഷ്യത്തുകളും ഒഴിവാക്കാൻ ഏറ്റവും ഉചിതമാണ്.
നിയമപരമായ പിഴവുകളില്ലാത്ത ഒരു വസ്തു ഇടപാട്, നിങ്ങളുടെ സ്വപ്ന ഭവനത്തിന് സുരക്ഷിതമായ അടിത്തറ നൽകും
Share this post