- Chinju MA
- 20 Oct 2025
വീടിനൊരു മേക്ക്ഓവർ ആയാലോ? കേരളത്തിൽ തരംഗമാകുന്ന "ഡീപ് ക്ലീനിംഗ് സർവീസ്" ഏജൻസികളെ വീട് ഏൽപ്പിക്കും മുൻപ് അറിയേണ്ടതെല്ലാം
സ്വന്തം ശരീരസംരക്ഷണം പോലെ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുവാൻ ഇഷ്ടമുള്ളവരാണ് മലയാളികൾ. എന്നാൽ ഒന്നിനും സമയം തികയാത്ത തിരക്കിട്ട ജീവിതത്തിന്റെ ഈ കാലഘട്ടത്തിൽ, നമ്മുടെ വീടുകൾക്ക് ആവശ്യമായ ശ്രദ്ധ നൽകാൻ പലപ്പോഴും സമയം കിട്ടാറില്ല എന്നതാണ് വാസ്തവം.ജോലി കഴിഞ്ഞ് വരുമ്പോഴേക്കും ക്ഷീണിക്കുന്ന യുവതലമുറ, ഒറ്റപ്പെട്ടുപോയ മാതാപിതാക്കൾ, വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന പ്രവാസി വീടുകൾ ഇവയുടെ ഒക്കെ ബാക്കിപത്രമായി കിട്ടുക പൊടിപിടിച്ച് അടുക്കുംചിട്ടയും ഇല്ലാതെ കിടക്കുന്ന വീടുകൾ ആയിരിക്കും.
ഈ സാഹചര്യത്തിലാണ്, ഒന്ന് താക്കോൽ ഏൽപ്പിച്ചാൽ വീടിന്റെ മുക്കും മൂലയും പോലും കഴുകി വെടിപ്പാക്കി തിരികെ നൽകുന്ന 'ഡീപ് ക്ലീനിംഗ് സർവീസുകൾ' പ്രസക്തമാകുന്നത്.
വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത ഇന്നത്തെ സാഹചര്യത്തിൽ, താക്കോൽ ഏൽപ്പിച്ചാൽ വീട് മുഴുവൻ മിനുക്കിയെടുത്ത് തിരികെ നൽകുന്ന ഈ ഏജൻസികൾ റിയൽ എസ്റ്റേറ്റ് രംഗത്തും ഒരു പുത്തൻ സാധ്യതയാണ് തുറന്നു നൽകുന്നത്. ഒരു നിക്ഷേപം എന്ന നിലയിൽ വീട് വാങ്ങി പൂട്ടിയിടുന്ന പ്രവാസികൾക്കും, പുതിയ വീടുകൾ പെട്ടെന്ന് വാടകയ്ക്ക് നൽകാനാഗ്രഹിക്കുന്നവർക്കും ഇത് വലിയ ആശ്വാസമാണ്.
- എന്താണ് ഡീപ് ക്ലീനിങ് സർവീസ്
സാധാരണ വൃത്തിയാക്കലിനപ്പുറം, വീടിന്റെ ഓരോ മൂലയും സൂക്ഷ്മമായി ശുചീകരിക്കുന്ന പ്രക്രിയയാണിത്.
- അകവും പുറവും മിനുക്കാം
കബോർഡുകളുടെ ഉൾഭാഗം, ഫ്രിഡ്ജ്, വാഷിങ് മെഷീൻ എന്നിവയിലെ അഴുക്ക്, സൺഷേഡിലെ പൂപ്പൽ, കൈയെത്താത്തയിടത്തെ മാറാലകൾ, സോഫാ സെറ്റുകൾ, തുടങ്ങി വീടിന്റെ മുക്കും മൂലയും ഇവർ വൃത്തിയാക്കുന്നു. ഹൈ-പവർ വാക്വം ക്ലീനറുകൾ, ഡ്രയറുകൾ, പ്രത്യേകം രൂപകൽപ്പന ചെയ്ത തുടയ്ക്കാനുള്ള ഉപകരണങ്ങൾ എന്നിവയുമായി അഞ്ചോ ആറോ പേരടങ്ങുന്ന ടീം ഒരു ദിവസം കൊണ്ട് വീട് പുത്തനാക്കും.
- വീടിനൊത്ത പാക്കേജുകൾ
ഫ്ലോർ വാഷ്, വാൾ വാഷ്, കിച്ചൻ ക്ലീനിങ്, കബോർഡ് ക്ലിയറൻസ്, റൂഫ് ക്ലീനിങ്, ഔട്ട്‌ഡോർ ക്ലീനിങ്, വേസ്റ്റ് മാനേജ്‌മെന്റ് തുടങ്ങി എല്ലാ സേവനങ്ങളും ഉൾപ്പെടുന്ന പാക്കേജുകൾ ഇന്ന് ലഭ്യമാണ്. കൂടാതെ, സോഫ, കിടക്ക, കാർപെറ്റ് എന്നിവയുടെ ക്ലീനിങ്ങും കീടാണുനശീകരണവും സെപ്റ്റിക് ടാങ്ക് വൃത്തിയാക്കലും വരെ സർവീസിന്റെ ഭാഗമായി ലഭിക്കും.
വീടിന്റെ വലുപ്പവും (ഏകദേശം 1200 ചതുരശ്ര അടി വീടിന് 4 മണിക്കൂർ), വൃത്തിയാക്കേണ്ട രീതിയും അനുസരിച്ചാണ് സമയവും ചെലവും നിശ്ചയിക്കുന്നത്. പരമാവധി 12 മണിക്കൂറിനുള്ളിൽ വീടിന് ഒരു സമ്പൂർണ്ണ 'മേക്ക് ഓവർ' നൽകാൻ ഈ ഏജൻസികൾക്ക് സാധിക്കും.
- ഏജൻസിയെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
വീട് വൃത്തിയാക്കാനായി ഏജൻസികളെ ഏൽപ്പിക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നിങ്ങളുടെ വിലയേറിയ വസ്തുക്കൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ സഹായിക്കും.
ഉപകരണങ്ങളെക്കുറിച്ച് ധാരണ നൽകുക- വീട്ടിലെ ഫർണിച്ചറുകൾ, ഫിറ്റിങ്സുകൾ, ഉപകരണങ്ങൾ എന്നിവയുടെ കാലപ്പഴക്കത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും ക്ലീനിങ്ങിന് എത്തുന്ന ടീമിന് മുൻകൂട്ടി വ്യക്തമായ ധാരണ നൽകുക. ഇത് ക്ലീനിങ്ങിനിടെ കേടുപാടുകൾ ഒഴിവാക്കാൻ സഹായിക്കും.
കെമിക്കലുകൾ അറിയുക- ഏതുതരം മെഷീനുകളും കെമിക്കലുകളുമാണ് വൃത്തിയാക്കലിനായി ഉപയോഗിക്കുന്നതെന്ന് മുൻകൂട്ടി ചോദിച്ചറിയണം. ഗുണനിലവാരത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അരുത്.
ആസിഡ് വാഷ് വേണ്ട- ബാത്ത്‌റൂം ക്ലീനിങ്ങിനായി ആസിഡ് വാഷുകൾ പരമാവധി ഒഴിവാക്കുക. ഇത് ടൈലുകളുടെയും വാഷ്ബേസിന്റെയും നിറം വേഗത്തിൽ മങ്ങാൻ കാരണമായേക്കാം.
വർഷത്തിലൊരിക്കലെങ്കിലും വീടിന് ഒരു പുതുജീവൻ നൽകാനോ, അല്ലെങ്കിൽ വാടകയ്ക്ക് കൊടുക്കുന്നതിന് മുൻപ് ആകർഷകമാക്കാനോ ഇന്ന് ഡീപ് ക്ലീനിങ് സർവീസുകൾ പ്രയോജനപ്പെടുത്താം. കേരളത്തിലെ എല്ലാ നഗരങ്ങളിലും ഈ സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. വീട്ടുടമകളുടെ ആവശ്യത്തിനനുസരിച്ച് സർവീസുകൾ കസ്റ്റമൈസ് ചെയ്തെടുക്കാനുള്ള സൗകര്യവും ഉണ്ട്.
Share this post