- Chinju MA
- 16 Mar 2026
കരുതലോടെ വേണം കരാർ: വീടുപണിയിലെ ചതിക്കുഴികൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓരോ മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായൊരു വീട്. കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വലിയ പ്രതീക്ഷകളും ചേർത്തുവെച്ചാണ് നാം ഓരോ കല്ലും പാകുന്നത്. എന്നാൽ, നിർമ്മാണം തുടങ്ങുന്നതിന് മുൻപ് കരാറുകാരനുമായി (Contractor) ഉണ്ടാക്കുന്ന ധാരണകളിൽ അല്പമൊന്ന് പിഴച്ചാൽ ആ സ്വപ്നം ഒരു വലിയ ബാധ്യതയായി മാറിയേക്കാം. വീടുപണി ആയാസരഹിതമായി പൂർത്തിയാക്കാൻ കൃത്യമായൊരു കരാർ അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഒരു വീട് നിർമ്മാണ കരാർ ഒപ്പിടുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
വീടുപണിയുടെ ആദ്യഘട്ടം മികച്ചൊരു കരാറുകാരനെ കണ്ടെത്തുക എന്നതാണ്. ഇതിനായി ചുരുങ്ങിയത് രണ്ടോ മൂന്നോ പ്രമുഖരായ കോൺട്രാക്ടർമാരിൽ നിന്നെങ്കിലും കൊട്ടേഷനുകൾ സ്വീകരിക്കണം. വിശദമായ ഡ്രോയിങ്ങുകളും എലിവേഷൻ ഡിസൈനും നൽകി വേണം കൊട്ടേഷൻ ചോദിക്കാൻ. കുറഞ്ഞ നിരക്ക് മാത്രം നോക്കി കരാർ ഉറപ്പിക്കുന്നത് ഗുണകരമാകില്ല. മറിച്ച്, ആർക്കിടെക്റ്റിന്റെ സഹായത്തോടെ ഓരോ കൊട്ടേഷനിലെയും നിരക്കുകൾ വിശകലനം ചെയ്യുകയും കരാറുകാരൻ മുൻപ് പൂർത്തിയാക്കിയ വീടുകൾ നേരിട്ട് സന്ദർശിച്ച് പണിയുടെ നിലവാരം ബോധ്യപ്പെടുകയും വേണം. അവിടുത്തെ വീട്ടുകാരോട് കരാറുകാരന്റെ പെരുമാറ്റത്തെയും തൊഴിലാളികളുടെ വൈദഗ്ധ്യത്തെയും കുറിച്ച് ചോദിച്ചറിയുന്നത് ഭാവിയിലെ ആശങ്കകൾ ഒഴിവാക്കാൻ സഹായിക്കും.
കരാർ പലവിധം
പ്രധാനമായും രണ്ടുതരം കരാറുകളാണ് നിലവിലുള്ളത്: ലേബർ കോൺട്രാക്ടും ടേൺ കീ കോൺട്രാക്ടും. വീടിന് ആവശ്യമായ നിർമ്മാണ സാമഗ്രികൾ ഉടമ തന്നെ വാങ്ങുകയും പണിക്കൂലി മാത്രം കരാർ നൽകുകയും ചെയ്യുന്ന രീതിയാണ് ലേബർ കോൺട്രാക്ട്. ഇതിൽ പണിയുടെ ഓരോ ഘട്ടത്തിലും ഉടമയുടെ നേരിട്ടുള്ള മേൽനോട്ടം ആവശ്യമാണ്. എന്നാൽ ടേൺ കീ കരാറിൽ സ്ഥലവും പ്രാഥമിക സൗകര്യങ്ങളും ഒഴികെ മറ്റെല്ലാം കരാറുകാരന്റെ ഉത്തരവാദിത്തമാണ്. പണി പൂർത്തിയാക്കി താക്കോൽ കൈമാറുന്ന ഈ രീതി ജോലി തിരക്കുള്ളവർക്ക് ഏറെ അനുയോജ്യമാണ്.
സമയക്രമവും പേയ്‌മെന്റും
വീടുപണി എന്ന് പൂർത്തിയാകും എന്നതിനെക്കുറിച്ച് കൃത്യമായൊരു കാലപരിധി കരാറിലുണ്ടാകണം. പണി വൈകുന്നത് നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കാൻ കാരണമാകും. അതുപോലെ തന്നെ പണം നൽകുന്ന രീതിയും ഘട്ടം ഘട്ടമായി നിശ്ചയിക്കണം. ഓരോ ഘട്ടവും ഉദാഹരണത്തിന് തറ കെട്ടൽ, വാർപ്പ്, പ്ലാസ്റ്ററിങ് പൂർത്തിയാകുന്നതിനനുസരിച്ച് മാത്രം പണം കൈമാറുന്നതാണ് ഉചിതം.
വേണം വ്യക്തമായ പ്ലാനും എസ്റ്റിമേറ്റും
വീടിന്റെ വിസ്തീർണ്ണം കണക്കാക്കുന്നതിൽ ഉടമയ്ക്ക് വ്യക്തമായ ധാരണയുണ്ടാകണം. ബിൽറ്റ് അപ്പ് ഏരിയ, കാർപെറ്റ് ഏരിയ എന്നിവ കൃത്യമായി മനസ്സിലാക്കിയിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുമതിക്കായി നൽകുന്ന ഡ്രോയിങ്ങിലെ അളവും കരാറിലെ അളവും തമ്മിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് നടുമുറ്റം പോലുള്ള ഭാഗങ്ങൾ അളവിൽ വരുത്തണോ എന്ന് മുൻകൂട്ടി തീരുമാനിക്കണം. കാർ പോർച്ച്, സിറ്റൗട്ട്, വരാന്ത, സൺഷെയ്ഡ് തുടങ്ങിയവയുടെ അളവുകൾക്ക് കരാറിൽ എങ്ങനെയാണ് തുക കണക്കാക്കിയിരിക്കുന്നത് എന്ന് ചോദിച്ചു മനസ്സിലാക്കണം. കൂടാതെ, മണ്ണ് ഫില്ലിങ്, സെപ്റ്റിക് ടാങ്ക്, ലാൻഡ്സ്കേപ്പിംഗ്, ചുറ്റുമതിൽ, ഗേറ്റ് തുടങ്ങിയവ കരാറിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ഇല്ലെങ്കിൽ അവയ്ക്കായി വരുന്ന അധികച്ചെലവുകൾ എത്രയാണെന്നും തുടക്കത്തിലേ വ്യക്തമാക്കേണ്ടതുണ്ട്.
മെറ്റീരിയലുകളും ഗുണനിലവാരവും
നിർമ്മാണത്തിന് ഉപയോഗിക്കുന്ന സിമന്റ്, കമ്പി മുതൽ വയറിങ്, പ്ലംബിങ്, കിച്ചൻ ഹാർഡ്‌വെയറുകൾ വരെയുള്ള ഓരോ മെറ്റീരിയലിന്റെയും ബ്രാൻഡും ക്വാളിറ്റിയും കരാറിൽ രേഖപ്പെടുത്തണം. സാധനങ്ങളുടെ വില കണക്കാക്കുമ്പോൾ അത് MRP നിരക്കാണോ അതോ ഡിസ്കൗണ്ട് നിരക്കാണോ എന്ന് പരിശോധിക്കണം. അടിത്തറയുടെ നിർമ്മാണ രീതി, ജനാലകളുടെയും വാതിലുകളുടെയും മെറ്റീരിയൽ, അളവ് എന്നിവയിലും കൃത്യത വരുത്തണം. പണി പൂർത്തിയാക്കാൻ എടുക്കുന്ന കാലാവധിയും പണം നൽകേണ്ട വിവിധ ഘട്ടങ്ങളും കരാറിൽ വ്യക്തമായിരിക്കണം. നിശ്ചിത സമയത്തിനുള്ളിൽ പണി തീർത്തില്ലെങ്കിൽ കരാറുകാരൻ നൽകേണ്ട നഷ്ടപരിഹാര വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തണം.
വീടുപണി എന്നത് വെറുമൊരു നിർമ്മാണമല്ല, മറിച്ച് ഒരു ജീവിതകാലത്തെ സമ്പാദ്യത്തിന്റെ അടയാളമാണ്. കരാറുകാരനെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ മുൻകാല പ്രവൃത്തി പരിചയവും വിശ്വാസ്യതയും നേരിട്ട് ബോധ്യപ്പെടാൻ ശ്രമിക്കുക. വികാരപരമായ തീരുമാനങ്ങൾക്കപ്പുറം പ്രായോഗികവും നിയമപരവുമായ മുൻകരുതലുകൾ എടുക്കുന്നതിലൂടെ പിഴവുകളില്ലാത്ത, സന്തോഷം നിറഞ്ഞ ഒരു സ്വപ്നഭവനം നിങ്ങൾക്ക് കെട്ടിപ്പടുക്കാം.