• Chinju MA
  • 19 Sep 2024

വീട്ടിലിരുന്നാൽ വീർപ്പുമുട്ടൽ, പോസിറ്റീവ് വൈബ് തേടി നാട് ചുറ്റേണ്ട ; ഒന്ന് ശ്രമിച്ചാൽ വീടൊരു സ്വർഗ്ഗമാക്കാം

'എന്തൊരു വീർപ്പുമുട്ടൽ പുറത്തിറങ്ങി അല്പം ശുദ്ധവായു ശ്വസിച്ച് ഒന്നു സ്വസ്ഥമാകണം'. വീടിനകത്തിരിക്കുമ്പോൾ  ഇങ്ങനെയൊരു ചിന്ത ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും  ഇനി പറയുന്ന കാര്യങ്ങൾ ഗൗരവമായി തന്നെ എടുക്കണം.   ഏതൊരു മനുഷ്യനും ഏറ്റവും സുരക്ഷിതവും സ്വസ്ഥതവുമായി കണക്കാക്കുന്ന ഒരിടം സ്വന്തം വീട് തന്നെയാണ്.  അതേ വീട്ടിലിരുന്നാൽ വീർപ്പുമുട്ടൽ അനുഭവപ്പെട്ടാൽ  അത് നമ്മളുടെ തന്നെ  വീഴ്ചയായി വേണം കണക്കാക്കാൻ.  വീട് വലുതായാലും ചെറുതായാലും അത് കൃത്യമായി ചിട്ടപ്പെടുത്തിയാൽ മാത്രമേ അവിടെ പോസിറ്റീവ് എനർജി നിലനിൽക്കുകയുള്ളൂ. ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ വീടിനകം മുഴുവൻ വലിച്ചുവാരിയിട്ടാൽ പിന്നെ അതിനെ വീടെന്നു പറയാനാകുമോ.  അതിനാൽ കൃത്യമായ ഒരു ആസൂത്രണത്തോട് കൂടി മാത്രമേ നമ്മൾ  വീടിനെ സമീപിക്കാവൂ. എത്ര ഭംഗിയായി വീട് ഒരുക്കിവെക്കാമോ അത്രത്തോളം ഭംഗിയായി നമ്മുടെ മനസ്സും തെളിഞ്ഞിരിക്കും.  അതിനു ഭാരിച്ച പണച്ചെലവോ അധിക സ്ഥലസൗകര്യമോ ഒന്നും ആവശ്യമില്ല. വീടിനെ കുറിച്ചുള്ള  നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തികളിലും തെരഞ്ഞെടുപ്പുകളിലും  അല്പസ്വല്പം മാറ്റങ്ങളുണ്ടായാൽ മതി. 

  • ആഡംബരമല്ല പോസിറ്റിവിറ്റിയാണ് വീട്ടിലെ തരാം
ധാരാളം പണം മുടക്കി പലവിധ അലങ്കാര വസ്തുക്കൾ കൊണ്ട് വീട് നിറച്ചിട്ടും വീടിനകത്തേക്ക് കയറുമ്പോൾ പോസിറ്റീവ് എനർജി കിട്ടുന്നില്ല എന്ന് പറഞ്ഞു വിഷമിക്കുന്നതിൽ ഒരു കാര്യവുമില്ല.  വിലകൂടിയ അലങ്കാരങ്ങളിലൊ അവയുടെ എണ്ണത്തിലോ ഒന്നുമല്ല കാര്യം വീട്ടിലേക്ക് ആവശ്യമായവ മാത്രം തിരഞ്ഞെടുത്ത് അവ കൃത്യമായി വിന്യസിക്കുന്നിടത്തേക്ക് പോസിറ്റീവ് എനർജി തനിയെ കടന്നുവരും.  അതിനുള്ള ചില ഐഡിയകൾ ഇനി പറയാം.

  • തിരഞ്ഞെടുക്കാം കണ്ണിന് കുളിരേകുന്ന നിറങ്ങൾ 
വീട്ടുകാരുടെ ഇഷ്ട നിറങ്ങൾ പെയിന്റ് ചെയ്ത് വയ്ക്കാനുള്ള ക്യാൻവാസായി വീടിനെ കാണരുത്. കടുംനിറങ്ങളൊഴിവാക്കി 'വാം' ആയ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.   വീടിനകത്ത് ഉപയോഗിക്കുന്ന ഫര്‍ണിച്ചറുകള്‍, മറ്റ് അലങ്കാരവസ്തുക്കള്‍, കർട്ടൻ എന്നിവ തെരഞ്ഞെടുക്കുമ്പോള്‍ ചേർച്ചയുള്ള നിറങ്ങൾ നോക്കിയെടുക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം.

  • പ്രകാശം പരക്കട്ടെ 
 മനോഹരമായി ലൈറ്റിംഗ് ചെയ്ത് വീട് മോഡി പഠിപ്പിക്കുന്നത് ഉചിതം തന്നെ. എന്നാല്‍ പുറത്തുനിന്നുള്ള വെളിച്ചം വേണ്ടത്ര വീട്ടിനകത്തേക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ബന്ധമായും കണ്ടെത്തണം. സ്വാഭാവിക വെളിച്ചം വീട്ടിലാകെ പോസിറ്റിവിറ്റി നിറയ്ക്കുന്നതിന് സഹായിക്കും 

  •  മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ ചെടികൾ
വീടിനകം ഇൻഡോർ പ്ലാന്റ്സ് കൊണ്ട് മനോഹരമാക്കുന്നത് മികച്ചൊരു ഐഡിയയാണ്. വീട്ടിനകത്ത് ചെടികള്‍ വയ്ക്കുന്നത് വീടിന്‍റെ ആകെ അന്തരീക്ഷത്തെ തന്നെ മാറ്റും. ഭംഗിയുള്ള പോട്ടുകളിലാക്കിയോ വെർട്ടിക്കൽ ഗാർഡനായൊ വീടിനുള്ളിൽ ചെടികൾ സ്ഥാപിക്കാം. ഈ പച്ചപ്പ് മനസ്സിനെ ശാന്തമാക്കുന്നതിനോടൊപ്പം വീടിനകത്തെ താപനില കുറയ്ക്കുവാനും ഏറെ സഹായകമാകും. 

  • മസ്റ്റാണ് അടുക്കും ചിട്ടയും 
വീടിനകം എപ്പോളും വലിച്ചു വാരി ഇട്ടാൽ അവിടെ താമസിക്കുന്നവരുടെ മനസും അതുപോലെയായി മാറുമെന്നാണ് പഴമൊഴി. 
ഒരു ചിട്ടയുമില്ലാതെ കിടക്കുന്ന വീട് വീർപ്പുമുട്ടൽ കൊണ്ട് ഇരിക്കാൻ തോന്നാത്ത 
മാനസികാവസ്ഥയിലേക്ക് നയിക്കും. അതിനാല്‍ വീടിനകം എപ്പോഴും ഒരുക്കി നല്ലതായി കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക. ഇതിന് ഓര്‍ഗനൈസറുകളും ഷെല്‍ഫുകളും മറ്റും നല്ലരീതിയില്‍ ഉപയോഗിക്കാവുന്നതാണ്
ഇത് ജീവിതത്തിനൊരു പോസിറ്റീവ് താളവും നൽകും.

  • വീട് സ്നേഹക്കൂടാക്കാം 
പരിധികളും ഉപാധികളും ഇല്ലാതെ സ്നേഹം വിളമ്പുന്ന ഇടമാകണം വീട്. സന്തോഷവും ഐക്യവും എപ്പോഴും നിലനിര്‍ത്തുന്നതിന് അത്തരത്തിലുള്ള അടയാളങ്ങളും വീട്ടില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കാം. വീട്ടുകാരുടെ പ്രിയപ്പെട്ട നിമിഷങ്ങളുടെയും പ്രിയപ്പെട്ടവരുടെയും മനോഹരമായ ഫോട്ടോകള്‍ വാളില്‍ തൂക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. കുട്ടികളുടെ പെയിന്‍റിംഗുകള്‍, പ്രിയപ്പെട്ടവര്‍ തന്ന സമ്മാനങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഭംഗിയായി ഒരു ഒരുക്കി സ്നേഹക്കൂടാരമാക്കി വീടിനെ മാറ്റം.

Share this post