- Chinju MA
- 18 Sep 2024
അതിരുകളിൽ നിന്ന് അല്പം അകന്നിരിക്കാം ; വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കെണി ഉറപ്പ്
സ്ഥലത്തിന്റെ അതിരുകളെ കുറിച്ച് കൃത്യമായ കണക്കുകൂട്ടലുകൾ ഇല്ലാതെ ഇഷ്ടപ്പെട്ട ഡിസൈൻ നോക്കി മാത്രം വീട് നിർമ്മിച്ച് പുലിവാല് പിടിക്കുന്ന നിരവധി പേരാണ് ഇന്ന് നമ്മുടെ നാട്ടിലുള്ളത്.
വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം ഒക്യുപൻസിക്കായി തദ്ദേശസ്ഥാപനങ്ങൾ കയറിയിറങ്ങേണ്ടി വരുമ്പോഴാണ് ഇതിന്റെ യഥാർത്ഥ ഗൗരവവും നമ്മുടെ നാട്ടിലെ കെട്ടിട നിർമ്മാണ ചട്ടത്തിന്റെ നൂലാമാലകളെയും കുറിച്ചും പലരും തിരിച്ചറിയുക അപ്പോഴേക്കും സ്ഥിതി വളരെ സങ്കീർണമായി മാറിയിരിക്കും.
കെട്ടിടം നിർമ്മിക്കുമ്പോൾ പ്രധാനമായും രണ്ട് തരത്തിലുള്ള അളവുകളാണ് നമ്മൾ പാലിക്കേണ്ടത്. ഒന്ന് തൊട്ടടുത്ത റോഡിലേക്കുള്ള അകലവും, കെട്ടിടത്തിന്റെ നാല് ചുറ്റുമുള്ള മുറ്റത്തിന്റെ അളവും. ഇത് ചട്ടപ്രകാരമാണെങ്കിൽ മാത്രമേ നമ്മുടെ നിർമ്മാണ പ്രവർത്തി സർക്കാർ അംഗീകരിക്കുകയുള്ളൂ.
അകന്നു നിൽക്കട്ടെ റോഡുമായി
കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം, മുൻസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടം എന്നിവ പ്രകാരം ദേശീയപാതകളോ സംസ്ഥാനപാതകളോ ജില്ലാ റോഡുകളോ വിജ്ഞാപനം ചെയ്യപ്പെട്ട റോഡുകളോ ആറുമീറ്ററിൽ അധികം വീതിയുള്ള റോഡുകളോ ആയ റോഡുകളോട് ചേർന്നുവരുന്ന കെട്ടിടങ്ങൾക്ക് റോഡതരിൽ നിന്നും മൂന്നു മീറ്റർ പരിധിക്ക് ഉള്ളിലും ഇത്തരത്തിലല്ലാത്ത റോഡുകളിൽ രണ്ടുമീറ്റർ പരിധിക്കുള്ളിലും യാതൊരുവിധ നിർമാണവും പാടില്ല.
അതേസമയം 75 മീറ്ററിൽ കൂടുതൽ ദൈർഘ്യം ഇല്ലാത്ത ചെറിയ നടപ്പാതകൾ കൈവഴികൾ എന്നിവയോട് ചേർന്നുവരുന്ന സ്ഥലത്ത് ഏഴു മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഒന്നര മീറ്റർ അകലം മതിയാകും. റോഡിന്റെ അതിരിൽ നിന്നാണ് ഈ പറഞ്ഞ അളവ് കണക്കാക്കുന്നത്. ഈ പറഞ്ഞ പരിധിക്കുള്ളിൽ യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കുകയുമില്ല. അതായത് കിണറുകൾ, സെപ്റ്റിക് ടാങ്കുകൾ മറ്റുതരത്തിൽ ഏതെങ്കിലും നിർമിതികൾ ഒന്നും ഇവിടെ നടത്തുവാൻ പാടുള്ളതല്ല പക്ഷേ മതിൽ നിർമ്മിക്കുന്നതിന് തടസ്സമില്ല.
അതിരിൽ നിന്ന് അല്പം അകന്നിരിക്കാം
കെട്ടിടത്തിന് നൽകേണ്ട മുറ്റത്തിന്റെ അളവ് കെട്ടിടത്തിന്റെ തരത്തിന് അനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. വീടുകളുടെ കാര്യം നോക്കുകയാണെങ്കിൽ വീടിനരികിൽ റോഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിരിൽ നിന്ന് മുൻവശം മൂന്നു മീറ്ററും പിൻവശം ഒന്നര മീറ്ററും മറ്റു രണ്ടു വശങ്ങൾ ഒരു മീറ്റർ വീതവും അകലം ആവശ്യമാണ്. കെട്ടിടത്തിന് 10 മീറ്ററിന് മുകളിൽ ഉയരം ഉണ്ടെങ്കിൽ തുടർന്നുള്ള ഓരോ മൂന്നു മീറ്ററിനും മുറ്റത്തിന്റെ വീതിയിൽ 50 സെൻറീമീറ്റർ വീതം ചേർക്കണം.
മൂന്ന് സെന്റ് കാർക്ക് ആശ്വസിക്കാം
മൂന്ന് സെന്റോ അതിൽ താഴെയോ ഉള്ള സ്ഥലത്ത് വീട് നിർമ്മിക്കുകയാണെങ്കിൽ അതിരിൽ നിന്ന് പാലിക്കേണ്ട അകലത്തിൽ കുറച്ചുകൂടി ഇളവുകൾ ലഭിക്കുന്നതാണ്. ഇത്തരം സ്ഥലത്ത് നിർമ്മിക്കുന്ന വീടുകൾക്ക് മുൻവശത്ത് 1.8 മീറ്റർ, പിൻവശത്ത് 1 മീറ്റർ, മറ്റു വശങ്ങളിൽ 60 സെ.മീറ്റർ എന്നിങ്ങനെയുള്ള അകലം മാത്രം അതിരിൽ നിന്ന് പാലിച്ചാൽ മതിയാകും. എന്നാൽ ഈ ഇളവുകൾ ലഭിക്കണമെങ്കിൽ ചില നിബന്ധനകളുമുണ്ട്. ഇത്തരം പ്ലോട്ടിൽ നിർമ്മിക്കുന്ന വീടിന്റെ വലിപ്പം 200 സ്ക്വയർ മീറ്ററോ (2152 സ്ക്വർ ഫീറ്റ് ) അതിൽ താഴയോ, ഉയരം 10 മീറ്ററോ അതിൽ താഴെയോ വരെ മാത്രമേ ആകാവുള്ളൂ.
അടയ്ക്കലും തുറക്കലും ശ്രദ്ധയോടെ മതി
റോഡിൽ നിന്നുള്ള അകലവും മുറ്റത്തിനായി മാറ്റി വയ്ക്കേണ്ട സ്ഥലവും മാത്രമല്ല കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും വെന്റിലേഷനുകളും നൽകുന്നതിനും ചില ചട്ടവട്ടങ്ങളുണ്ട്. കെട്ടിടത്തിന്റെ ഒരു മീറ്ററിൽ കുറവ് അകലമുള്ള ഒരിടത്തും വാതിലുകളോ ജനലുകളോ അനുവദനീയമല്ല എന്നാൽ 60 സെൻറീമീറ്റർ അകലമുണ്ടെങ്കിൽ അവിടെ തറ നിരപ്പിൽ നിന്നും 7 അടിക്കു മുകളിൽ വെന്റിലേഷൻ നൽകാം. 125 ചതുരശ്ര മീറ്ററിൽ കുറവുള്ള പ്ലോട്ടിൽ 60 സെൻറീമീറ്റർ വരുന്ന വശത്ത് ജനൽ വയ്ക്കാവുന്നതാണ്.
നമ്മുടെ നാട്ടിലെ നിർമ്മാണ മേഖലയിൽ അതിരിനും അകലത്തിനുമുള്ള പ്രാധാന്യത്തെ കുറിച്ചുള്ള ഏകദേശം രൂപം ഇപ്പോൾ വ്യക്തമായി കാണുമല്ലോ. അതുകൊണ്ടുതന്നെ പുതിയ കെട്ടിടം നിർമ്മിക്കാൻ ആലോചിക്കുമ്പോൾ ഈ ചട്ടങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉള്ളവരുമായി കൂടിയാലോചിച്ചു പ്ലാൻ വരയ്ക്കുന്നതായിരിക്കും എപ്പോഴും ഉചിതം. കുറച്ച് സമയം എടുത്ത് ചില വിട്ടുവീഴ്ചകൾ ചെയ്ത് നിയമാനുസൃതമായി പ്ലാൻ വരച്ചു കെട്ടിടം നിർമ്മിക്കുകയാണെങ്കിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ പ്രശ്നങ്ങളിൽ നിന്നും മാറി നിൽക്കാം.
Share this post