• Chinju MA
  • 17 Oct 2024

കിണർ കുത്താനും നിയമമോ ? അനുമതി വാങ്ങിയില്ലെങ്കിൽ നടപടി ഉറപ്പ്

മനോഹരമായ വീട് അരികത്തായി കൊച്ചു കിണർ. വീട് വയ്ക്കാൻ പ്ലാൻ ചെയ്യുന്ന ഭൂരിഭാഗം മലയാളികളുടെയും സങ്കൽപ്പങ്ങളിലുള്ള വീട് ഇങ്ങനെയായിരിക്കും. എന്നാൽ നോക്കിയും കണ്ടും സ്ഥലം വാങ്ങിച്ചില്ലെങ്കിൽ  ഈ ആഗ്രഹങ്ങളെല്ലാം പൂട്ടിക്കെട്ടി "ഇഷ്ടപ്പെട്ട് വാങ്ങിയ സ്ഥലത്ത് കഷ്ടപ്പെട്ട് വീട് വെക്കേണ്ടി വരും". നമ്മുടെ നാട്ടിലെ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ  കർശനമായവ്യവസ്ഥകൾ തന്നെയാണ് ഇതിന് കാരണം.  സ്ഥലം വാങ്ങി വീട് വെച്ച് ബാക്കിയുള്ള സ്ഥലത്ത് ഒരു കിണർ കുഴിച്ചു കളയാം എന്ന് കരുതിയാൽ ചിലപ്പോൾ നടപ്പാകില്ല.  കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന  അകലം പാലിക്കാനുള്ളത്ര വിസ്തൃതി കൂടി നമ്മുടെ വസ്തുവിൽ ഉണ്ടാകണം. അല്ലാത്തപക്ഷം നിയമം തെറ്റിച്ചതിന്റെ പേരിലുള്ള നടപടികൾ കൂടി നമ്മൾ നേരിടേണ്ടി വരും. 

നോക്കി പണിതില്ലെങ്കിൽ കിണർ കെണിയാകും 

പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ  എന്നിവിടങ്ങളിലെല്ലാം കിണർ നിർമാണത്തിനുള്ള നിയമ നിയന്ത്രണങ്ങളുണ്ട്. നിയമപ്രകാരം നിലവിൽ കേരളത്തിൽ എവിടെയും അതത് തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി കൂടാതെ  കിണർ കുഴിക്കാൻ പാടുള്ളതല്ല.  അതിൽ കുഴൽ കിണർ തുറന്ന കിണർ എല്ലാം ഉൾപ്പെടും. അനുമതിക്കായി ആദ്യം നിശ്ചിത ഫോറത്തിൽ സെക്രട്ടറിക്ക്  അപേക്ഷ സമർപ്പിക്കണം.  ഒപ്പം വസ്തുവിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ, സൈറ്റ് പ്ലാൻ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി എന്നിവ നൽകണം. കിണർ കുഴിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഏഴര മീറ്റർ ചുറ്റളവിലുള്ള നിർമിതികൾ സൈറ്റ് പ്ലാനിൽ വ്യക്തമായി കാണിച്ചിരിക്കണം. ഈ ദൂരപരിധിക്കുള്ളിൽ സെപ്ടിക് ടാങ്ക് പോലെയുള്ളവയൊന്നും ഉണ്ടാകാൻ പാടില്ല. അപേക്ഷ അംഗീകരിച്ചാൽ നിശ്ചിത ഫീസടച്ച് നിർമാണാനുമതി (പെർമിറ്റ് ) ലഭിക്കും. നിർമാണം പൂർത്തീകരിച്ചതിന് ശേഷവും സെക്രട്ടറിയെ അറിയിക്കേണ്ടതുണ്ട്. 

കിണർ കെട്ടിടത്തിന് വെളിയിലോ കെട്ടിടത്തോട് ചേർന്നോ കെട്ടിടത്തിനുള്ളിലോ ആകുന്നതിന് തടസമൊന്നുമില്ല. പക്ഷെ റോഡല്ലാത്ത മറ്റ് അതിരുകളിൽ നിന്നും കുറഞ്ഞത് 1.20 മീറ്റർ അകലം ഉണ്ടായിരിക്കണം. മുമ്പിലൂടെ കടന്നുപോകുന്ന റോഡ് 
പൊതുമരാമത്ത് വകുപ്പ് വിജ്ഞാപനം ചെയ്തതാണെങ്കിൽ മൂന്ന് മീറ്ററും അതല്ലാത്ത റോ‍‍ഡിൽ നിന്ന് രണ്ട് മീറ്ററും അകലം പാലിക്കണം. തുറന്ന കിണറുകൾക്ക് (open well ) കുറഞ്ഞത് 1 മീ. ഉയരത്തിൽ ആൾമറയും നിർബന്ധമാണ്.

 സ്വന്തം പറമ്പിലൊരു കിണർ കുത്താനും അനുവാദം വാങ്ങിക്കണോ എന്നോർത്ത് നെറ്റി ചുളിക്കേണ്ട. ഇതൊന്നും ആരും ശ്രദ്ധിക്കാൻ പോകുന്നില്ല എന്നോർത്ത് പണി നടത്തിയാൽ നിയമം പാലിക്കാതെ നിർമ്മിച്ച കിണർ മൂടാനുള്ള നടപടി സ്വീകരിക്കാനുള്ള അധികാരവും തദ്ദേശസെക്രട്ടറിക്ക് ഉണ്ട്.

#openwell #borewell #legal #localbody
Share this post