- Chinju MA
- 11 Dec 2024
ഗുരുഗ്രാമില്‍ 190 കോടി രൂപയ്ക്ക് ഫ്ലാറ്റ്; ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയെ ഞെട്ടിച്ച് യുവ വ്യവസായി ഋഷി പാർതി
ഋഷി പാർതി എന്ന യുവ വ്യവസായി പുതുതായി വാങ്ങിയ ഫ്ലാറ്റിനെ കുറിച്ചാണ് ഇപ്പോൾ നാട്ടിലിങ്ങും ചർച്ച. ആളുകൾ ഫ്ലാറ്റുകൾ വാങ്ങുന്നതും മറിച്ചു വിൽക്കുന്നതുമെല്ലാം നാട്ടിൽ സാധാരണമായി മാറിയ ഇക്കാലത്ത് ഇതിനെന്ത് പ്രസക്തി എന്നല്ലേ ചിന്തിക്കുന്നത്. എന്നാൽ ഉണ്ട്, ഈ ഒരൊറ്റ ഡീലിലൂടെ ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ഋഷി.
ഫ്ലാറ്റ് വാങ്ങാനായി അദ്ദേഹം മുടക്കിയ തുകയാണ് അതിന് കാരണം. 190 കോടി മുടക്കി
ഗുരുഗ്രാമിലെ ഡിഎല്‍എഫിന്റെ കാമെലിയാസ് അൾട്രാ ലക്ഷ്വറി പെൻ്റ്‌ഹൗസാണ് ഋഷി പാർതി സ്വന്തമാക്കിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചെലവേറിയ അപ്പാര്‍ട്ട്‌മെന്റ് ഡീലുകളില്‍ ഒന്നാണ് ഇതെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഡിഎല്‍എഫിന്റെ ഏറ്റവും പുതിയ അൾട്രാ ലക്ഷ്വറി പ്രോജക്ടായ ദ ഡാലിയാസ് ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇടപാടുമായി ബന്ധപ്പെട്ട കരാര്‍ ഡിസംബര്‍ രണ്ടിന് രജിസ്റ്റര്‍ ചെയ്തു. സ്റ്റാമ്പ് ഡ്യൂട്ടിയായി 13.30 കോടി രൂപയാണ് അടച്ചത്.
16,290 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഈ ഫ്ലാറ്റിനുള്ളത്.
റിയൽ എസ്റ്റേറ്റ് ഡാറ്റ അനലിറ്റിക് ഫേമായ പ്രൊപ്പിക്വിറ്റിയുടെ സ്ഥാപകനായ സമീർ ജാസുജയുടെ അഭിപ്രായത്തിൽ, "ഇന്ത്യയിലെ മുൻനിര അപ്പാർട്ട്മെന്റുകൾക്ക് ഇതുവരെ ലഭിച്ച ഏറ്റവും ഉയർന്ന ചതുരശ്ര അടി വിലയാണ് ഈ ഡീൽ." അതുകൊണ്ടുതന്നെ ഇന്ത്യൻ റിയൽ എസ്റ്റേറ്റ് വിപണിയുടെ ചരിത്രത്തിൽ അടയാളപ്പെടുത്താവുന്ന ഒരു ഡീൽ കൂടിയാണിത്.
സമ്പന്നരുടെ ഗുരുഗ്രാം
മുംബൈയ്ക്കും ബെംഗളൂരുവിനുമൊപ്പം അതിവേഗം പ്രീമിയം പ്രോപ്പർട്ടി മാർക്കറ്റായി ഗുരുഗ്രാമും മാറുകയാണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഋഷി പാർതിയുടെ പുതിയ ഡീൽ. ആഡംബര ഭവനങ്ങള്‍ക്കായി അതിസമ്പന്നരെല്ലാം ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് ഇപ്പോൾ നടത്തിവരുന്നത്. അതുകൊണ്ട്തന്നെ 'നോര്‍ത്ത് ഇന്ത്യാസ് ബില്യണേഴ്‌സ് റോ’ എന്നാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡ് ഇപ്പോൾ അറിയപ്പെടുന്നത് പോലും. ഡിഎൽഎഫ് കാമെലിയാസിലെ ഈ ഫ്ലാറ്റിന്റെ വിൽപ്പന റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രദേശത്തിന്റെ പ്രസക്തി കൂടുതൽ ഉറപ്പിക്കുന്നതാണെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
കാമെലിയാസിനടുത്തായി പുതുതായി വരുന്ന ഡിഎൽഎഫ് ഡാലിയാസ് പ്രൊജക്റ്റ് ഈ വിപണിയെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകുമെന്നും വിദഗ്ധർ പറയുന്നുണ്ട്. അതിന് തെളിവെന്നോണം പ്രീ-ലോഞ്ച് ഘട്ടത്തിൽ 100-ലധികം ഫ്ലാറ്റുകൾ ഇപ്പോഴേ വിറ്റു പോയിട്ടുണ്ട്. ഈ ഫ്ലാറ്റുകളുടെ എല്ലാം വില 60 കോടിക്കും നൂറുകോടിക്കും ഇടയിലാണ്.
ആരാണ് ഋഷി പാർതി
ലോജിസ്റ്റിക്‌സ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ടുള്ള ഇൻഫോ-എക്‌സ് സോഫ്റ്റ്‌വെയർ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡിൻ്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ഇദ്ദേഹം. ഫൈൻഡ് മൈ സ്റ്റേ പ്രൈവറ്റ് ലിമിറ്റഡ്, ഇൻ്റഗ്രേറ്റർ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. 2001ലാണ് റിഷി പാർടി ഇൻഫോ-എക്‌സ് സോഫ്റ്റ്‌വെയർ ടെക്‌നോളജിയുടെ സഹസ്ഥാപകനായത്. ഗുരുഗ്രാം കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഷിപ്പിങ് മേഖലയിലടക്കം കമ്പനി ലോജിസ്റ്റിക്സ് സൊല്യൂഷനുകൾ നൽകുന്നുണ്ട്. 15 രാജ്യങ്ങളിലായി കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്. 150ഓളം ജീവനക്കാരാണ് കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നത്.
Share this post