- Chinju MA
- 20 Dec 2024
2024ൽ തൊട്ടതെല്ലാം പൊന്നാക്കി ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല; ഭവന വിപണിയിൽ കുതിപ്പ്
ആഗോള സമ്പദ്‍വ്യവസ്ഥയുടെ മൂന്നിലൊന്ന് ഭാഗവും സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാകുമെന്ന
രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) മേധാവി ക്രിസ്റ്റലീന ജോർജീവയുടെ മുന്നറിയിപ്പിനൊപ്പമാണ് 2024 ലെ പുതുവർഷത്തെ ലോകരാജ്യങ്ങൾ വരവേറ്റത്. മാന്ദ്യം ഇന്ത്യയിലെ വ്യാപാര വ്യവസായ മേഖലകൾക്കൊപ്പം റിയൽ എസ്റ്റേറ്റ് വിപണിയെ പോലും മോശമായി ബാധിക്കുമെന്ന ആശങ്കകളും അതിനൊപ്പം ഉയർന്നുവന്നിരുന്നു. എന്നാൽ 12 മാസങ്ങൾക്കിപ്പുറം 2025ലെ പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഈ കണക്കൂട്ടലുകളും ആശങ്കകളും എല്ലാം കാറ്റിൽ പറത്തി കുതിച്ചുയരുകയാണ് ഇന്ത്യയുടെ ഭവന വിപണി. പലവിധ സാമ്പത്തിക വെല്ലുവിളികൾക്കിപ്പുറവും ഭവനവിൽപനയിൽ മികച്ച പ്രകടനമാണ് 2024 ൽ ഇന്ത്യ കാഴ്ചവച്ചത്.
രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, ഡൽഹി എൻസിആർ, ബെംഗളൂരു, പുണെ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഭൂരിഭാഗം വിൽപ്പനയും നടന്നിട്ടുള്ളത്. ആഗോളതല റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ജെ.എൽ.എല്ലിന്റെ കണക്കുകൾ പ്രകാരം 2024 അവസാനിക്കുമ്പോഴേക്കും ഈ നഗരങ്ങളിലെ ആകെ ഭവനവിൽപനയുടെ മൂല്യം 510,000 കോടി രൂപ ആയിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 485 ദശലക്ഷം ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന 300,000 വീടുകളുടെ വിൽപന 2024 അവസാനത്തോടെ പൂർത്തിയാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
നഗരങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ വിൽപന മൂല്യത്തിലും വിറ്റ ഏരിയയുടെ കാര്യത്തിലും ഡൽഹി എൻസിആർ ആണ് മുന്നിട്ട് നിൽക്കുന്നത്. 120,000 കോടി രൂപ വിലമതിക്കുന്ന 39,300 യൂണിറ്റുകൾ ഈ കാലയളവിൽ ഡൽഹി എൻസിആറിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. 2023ലെ ആകെ ഭവന വിൽപന കണക്കുകളെ ഈ കാലയളവിനുള്ളിൽ തന്നെ ഡൽഹി എൻസിആർ മറികടക്കുകയും ചെയ്തിരുന്നു.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ റിയൽ എസ്റ്റേറ്റിലേക്ക് തിരിഞ്ഞതും അനുകൂല ഘടകമാണ്. കോവിഡിനു ശേഷം രാജ്യത്ത് ഭവന വിൽപനയുടെ പ്രതിവർഷ കണക്കുകൾ കൃത്യമായി ഉയരുന്നുണ്ട്. 2023 ൽ 2.7 ലക്ഷം ഭവന വിൽപന എന്ന ഉയർന്ന നിലയിലേക്ക് കണക്കുകൾ എത്തിയിരുന്നു. എന്നാൽ 2024 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിനിടയിൽ 2.3 ലക്ഷം ഭവന ഇടപാടുകൾ പൂർത്തിയായി കഴിഞ്ഞു. ഇവയെല്ലാം ചേർത്ത് 380,000 കോടി രൂപയാണ് വിലമതിപ്പ്. ശരാശരി കണക്കെടുത്താൽ വർഷത്തിൻ ഓരോ പാദത്തിലും 110,000 കോടി രൂപയുടെ ഭവന കച്ചവടങ്ങൾ നടന്നിട്ടുണ്ട്.
2024 അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ശേഷിക്കെ ഈ ട്രെൻഡിന്റെ ചുവടുപിടിച്ച് ഇനിയും ഭവനവിൽപനയുടെ കാര്യത്തിൽ ഇന്ത്യ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് സൂചന. ഭവന വിപണിയുടെ ഉയരുന്ന സാധ്യത മുന്നിൽകണ്ട് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ മെട്രോ സിറ്റികളിൽ റസിഡൻഷ്യൽ പദ്ധതികൾക്കായി ഭൂമി സ്വന്തമാക്കുന്നുണ്ട്. ഭവന വിപണിയുടെ ഈ കുതിച്ചു കയറ്റം 2025ലും തുടരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖല.
Share this post