• Chinju MA
  • 31 Mar 2025

29 കോടിക്ക് വാണിജ്യ പ്രോപ്പർട്ടി; റിയൽ എസ്റ്റേറ്റിലെ പുതിയ 'ബോളിവുഡ് ട്രെൻഡ്' പിന്തുടർന്ന് കജോളും, ലക്ഷ്യം സുരക്ഷിത നിക്ഷേപം

രണ്ടു വർഷത്തിനിടെ രണ്ടാം തവണയും  റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് മികച്ച ചുവടുവയ്പ്പ് നടത്തി ബോളിവുഡ് താരം കജോൾ.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മുംബൈയിലെ ഗോരേഗാവ് വെസ്‌റ്റ് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു വാണിജ്യ പ്രോപ്പർട്ടിയാണ് കോടികൾ വില നൽകി താരം വാങ്ങിയിരിക്കുന്നത്. 
ഭാരത് റിയൽറ്റി വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പക്കൽ നിന്നുമാണ് ഒരു റെസിഡൻഷ്യൽ ടവറിൻ്റെ താഴത്തെ നിലയിലുള്ള പ്രോപ്പർട്ടി 28.78 കോടി രൂപ വില നൽകി താരം സ്വന്തമാക്കിയിരിക്കുന്നത്. മാർച്ച് ആറിന് ഇടപാടുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ട്.1.72 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ താരം അടച്ചിട്ടുണ്ട്. 4365 ചതുരശ്ര അടിയാണ്  കെട്ടിടത്തിന്റെ വിസ്തീർണ്ണം. 65940 രൂപയാണ് ഒരു ചതുരശ്ര അടിക്ക് കജോൾ നൽകിയിരിക്കുന്നത്.  അഞ്ച് കാർ പാർക്കിങ് സ്ലോട്ടുകൾ ഉൾപ്പെടുന്നതാണ് പ്രോപ്പർട്ടി.
2023 ൽ മുംബൈയിലെ ഒഷിവാരയിലുള്ള സിഗ്നേച്ചർ ബിൽഡിങ്ങിലെ 194.67 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഓഫിസ് കെട്ടിടം 7.64 കോടി രൂപയ്ക്ക് താരം സ്വന്തമാക്കിയിരുന്നു. 2023 ൽ റസിഡൻഷ്യൽ പ്രോപ്പർട്ടിയിലും കജോൾ നിക്ഷേപം നടത്തിയിട്ടുണ്ട്. 
റിസ്കുള്ള മറ്റു ബിസിനസുകളിൽ നിന്നെല്ലാം ഒഴിഞ്ഞുനിന്ന് ഇന്ത്യയിലെ പ്രധാന മേഖലകളിലെ പ്രൊപ്പർട്ടികളിൽ നിക്ഷേപങ്ങൾ നടത്തുന്നതിലെ ലാഭവും സുരക്ഷിതത്വവും  കണക്കിലെടുത്ത്  നിരവധി അതിസമ്പന്നരും സെലിബ്രിറ്റികളും റിയൽ എ‌സ്റ്റേറ്റ് മേഖലയിലേക്ക് ഇപ്പോൾ കടന്നു വരുന്നുണ്ട്. കണ്ണായ സ്ഥലത്തെ റസിഡൻഷ്യൽ പ്രോപ്പർട്ടികളും  
 വാണിജ്യ പ്രോപ്പർട്ടികളും സ്വന്തമാക്കുന്നതിലൂടെ സ്‌ഥിരമായ വാടക വരുമാനവും ദീർഘകാല മൂലധന വളർച്ചയും ഉറപ്പാക്കാൻ സാധിക്കുമെന്നാണ്  കണക്കുകൂട്ടൽ.
ഡൽഹി, മുംബൈ തുടങ്ങിയ റിയൽ എസ്റ്റേറ്റ്  സെൻസേഷണൽ  ഏരിയകളിൽ നിന്ന് സ്വന്തമാക്കിയ സ്ഥലങ്ങൾ മുടക്കിയ തുകയുടെ ഇരട്ടി ലാഭത്തിൽ കൈമാറ്റം ചെയ്യുന്ന ട്രെൻഡ് തുടരുന്നതിനിടെ നിരവധി ബോളിവുഡ് താരങ്ങൾ ഈ മേഖലയിലേക്ക് ഇപ്പോൾ കടന്നുവരുന്നുണ്ട്.

Share this post