• Chinju MA
  • 15 Jun 2026

ബഡ്ജറ്റ് തെറ്റിക്കുന്ന യുദ്ധകാലം: ഭവനസ്വപ്നങ്ങൾക്ക് 'പണി' കിട്ടാതിരിക്കാൻ വാങ്ങുന്നവരും വയ്ക്കുന്നവരും അറിയേണ്ട കാര്യങ്ങൾ

പശ്ചിമേഷ്യയിൽ വീണ്ടും പുകയുന്ന യുദ്ധമേഘങ്ങൾ ഭൂമിശാസ്ത്രപരമായി ഏറെ അകലെയാണെങ്കിലും കേരളത്തിലെ സാധാരണക്കാരുടെ സ്വപ്നഭവന നിർമ്മാണത്തിന്മേൽ കരിനിഴൽ വീഴ്ത്തുകയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെയും ഇന്ധനവിലയെയും ഉലയ്ക്കുമ്പോൾ, അതിന്റെ നേരിട്ടുള്ള ആഘാതം വന്നെത്തുന്നത് കേരളത്തിലെ കെട്ടിടനിർമ്മാണ മേഖലയിലാണ്. നിർമ്മാണ സാമഗ്രികളുടെ വില പ്രതിദിനം കുതിച്ചുയരുന്നതോടെ സാധാരണക്കാർക്ക് വീട് നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. 


ഗൾഫ് നാടുകളിലെ തൊഴിൽ മേഖലയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന കേരളത്തിന്, പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിക്കുന്ന പണപ്പെരുപ്പവും വിപണിയിലെ മരവിപ്പും ഇരട്ടി പ്രഹരമാണ് സമ്മാനിക്കുന്നത്.

യുദ്ധം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കുള്ളിൽ തന്നെ കേരളത്തിലെ വിപണിയിൽ കമ്പി, സിമന്റ്, പ്ലംബിങ്-വയറിങ് സാമഗ്രികൾ എന്നിവയുടെ വില കുതിച്ചുയർന്നു കഴിഞ്ഞു. ഉരുക്ക് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾക്ക് ആവശ്യമായ എൽ.പി.ജി ക്ഷാമം നേരിട്ടതും അന്താരാഷ്ട്ര തലത്തിൽ കടത്തുകൂലി വർദ്ധിച്ചതുമാണ് കമ്പിവില ഉയരാ ൻ പ്രധാന കാരണം. ഏതാനും ആഴ്ചകൾക്ക് മുൻപ് കിലോയ്ക്ക് 57 രൂപയായിരുന്ന കമ്പി വില ഇപ്പോൾ ബ്രാൻഡുകൾക്കനുസരിച്ച് 75 രൂപ വരെ എത്തിനിൽക്കുകയാണ്. 


സിമന്റ് വിലയാകട്ടെ ചാക്കിന് 300 രൂപയിൽ നിന്ന് 330 മുതൽ 350 രൂപ വരെയായി വർദ്ധിച്ചു. റൂഫിങ് ഷീറ്റുകൾ, ജി.ഐ പൈപ്പുകൾ, അലൂമിനിയം ഷീറ്റുകൾ എന്നിവയ്ക്കും വലിയ തോതിൽ വില കൂടിയിട്ടുണ്ട്. വയറിങ് സാമഗ്രികൾക്ക് 40 ശതമാനവും പ്ലംബിങ് സാമഗ്രികൾക്ക് 20 ശതമാനത്തോളവും വില ഉയർന്നതോടെ കേരളത്തിലെ മൊത്തം നിർമ്മാണച്ചെലവ് 25 ശതമാനത്തോളം വർദ്ധിച്ചതായാണ് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്.


ഇതിനുപുറമെ, ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങളും ഭവന വായ്പയെ ആശ്രയിക്കുന്ന മധ്യവർഗ്ഗക്കാരെ പ്രതിസന്ധിയിലാക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് തടസ്സപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 110 മുതൽ 125 ഡോളർ വരെയായി കുതിച്ചുയർന്നു. ഇന്ധന ഇറക്കുമതിക്കായി വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാവുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ഈ ആഗോള പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കുകൾ ഉയർത്താൻ നിർബന്ധിതരായാൽ അത് സാധാരണക്കരുടെ ഭവന വായ്പാ ഇ.എം.ഐ  തുകകൾ ഭാരമേറിയതാക്കി മാറ്റും. വിപണിയിലെ അനിശ്ചിതത്വം കാരണം പ്രവാസി മലയാളികളിൽ ചിലർ കേരളത്തിലെ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിൽ ജാഗ്രത പുലർത്തുന്നതും ഈ മേഖലയിലെ മരവിപ്പിന് ആക്കം കൂട്ടുന്നു. 


വിലക്കയറ്റത്തിന്റെ ഈ കഠിനമായ സാഹചര്യത്തിൽ വീട് നിർമ്മാണം ആസൂത്രണം ചെയ്യുന്നവർ വിവേകത്തോടെയുള്ള തീരുമാനങ്ങളാണ് കൈക്കൊള്ളേണ്ടത്. വിപണിയിലെ വില ഇനിയും കുറയുമെന്ന പ്രതീക്ഷയിൽ നിർമ്മാണം പൂർണ്ണമായി നീട്ടിവെക്കുന്നത് ലാഭകരമാകില്ല, കാരണം അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ പുതിയ പ്രൊജക്ടുകളുടെ തറവില ഉയർത്താനേ ഇടയാക്കൂ. അതിനാൽ നിലവൽ നിർമ്മാണം പുരോഗമിക്കുന്ന വീടുകൾ വേഗത്തിൽ പൂർത്തിയാക്കാനോ, അല്ലെങ്കിൽ നിർമ്മാണച്ചെലവ് കുറഞ്ഞ തദ്ദേശീയമായ ബദൽ സാമഗ്രികൾ ഉപയോഗക്കാനോ ശ്രദ്ധിക്കണം. ഒപ്പം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ കാരണം പദ്ധതികൾ വൈകാനുള്ള സാധ്യത മുന്നിൽക്കണ്ട് കൃത്യമായ ആസൂത്രണത്തോടെയും മികച്ച സാമ്പത്തിക അച്ചടക്കത്തോടെയും മുന്നോട്ട് പോയാൽ മാത്രമേ ഈ പശ്ചിമേഷ്യൻ യുദ്ധകാലത്ത് സാധാരണക്കാരന് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കുകയുള്ളൂ.

Share this post