• Chinju MA
  • 17 Feb 2025

ആശ്വാസം...പ്രതീക്ഷ... വീട് വെക്കാനുള്ള അനുമതിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

ഭൂസംരക്ഷണ നിയമങ്ങളിൽപെട്ട് 
 വീടുവയ്ക്കാൻ സ്ഥലമില്ലാതെ    വിഷമിക്കുന്ന നിരവധി ആളുകൾ ഇന്നും നമുക്കിടയിലുണ്ട്.  നിയമപരമായി അർഹത ഉണ്ടായിട്ടും 
 ഇത്തരം ഭൂമികളിൽ വീട് നിർമ്മിക്കാൻ അനുമതി തേടി സർക്കാർ ഓഫീസുകളിൽ എത്തുന്ന ജനങ്ങളെ ഡാറ്റ ബാങ്ക്/നെല്‍വയല്‍-തണ്ണീര്‍ത്തട നിയമങ്ങൾ ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ മടക്കി അയക്കുന്നതും സ്ഥിരം കാഴ്ചയാണ്. ഇത്തരം പ്രവണതകൾക്കെതിരെ  കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എം. എൽ. എ ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടിയയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ  പറഞ്ഞത്. 

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന്  വീട് വെയ്ക്കാന്‍ ഡാറ്റ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കണമെന്നും അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

സ്വന്തമായി ഭൂമി ഉണ്ടായിട്ടും വീട് നിര്‍മ്മിക്കുവാന്‍ അനുമതി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കാലതാമസവും തടസ്സവാദങ്ങളും സാധാരണക്കാര്‍ നേരിടുന്ന പ്രധാന പ്രശ്നമാണ്. അതേസമയത്ത് സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് അവര്‍ ആഗ്രഹിച്ചപോലെ കേറിക്കിടക്കാനൊരിടം ഉണ്ടാകണമെന്നതും പ്രധാനപ്പെട്ടതാണ്. അതിന് കഴിയാത്തവണ്ണം നെല്‍വയല്‍ നികത്തുന്നതിന് തടസ്സമായി നിലനിന്ന 2008 ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലെ വ്യവസ്ഥയില്‍ സര്‍ക്കാര്‍ 2018-ല്‍ ഭേദഗതി കൊണ്ടുവന്നു.ഈ ഭേദഗതി പ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത 'നിലം' ഇനത്തില്‍പ്പെട്ട ഭൂമിയുടെ വിസ്തീര്‍ണ്ണം 10 സെന്‍റില്‍ കവിയാത്ത പക്ഷം അവിടെ 120 ച.മീ (1291.67 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് ഭൂമി തരംമാറ്റം ആവശ്യമില്ല.ഇത്തരം ഭൂമിയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും പെര്‍മിറ്റ് ലഭിക്കുന്നതിന് ഒരു തടസവാദവും ഉന്നയിക്കാന്‍ കഴിയില്ല. ഇത്തരം അപേക്ഷകളില്‍ വീട് നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റ് അനുവദിക്കുന്നതിന് ഭൂമി ബി ടി ആറില്‍  നിലം  എന്നു രേഖപ്പെടുത്തിയത് തടസ്സമാവില്ല എന്ന് ഉറപ്പുവരുത്തുന്നതാണ്.

അതുപോലെ 5 സെന്‍റ് വരെയുള്ള ഭൂമിയില്‍ 40 ച. മീ (430.56 ച.അടി) വരെ വിസ്തീര്‍ണ്ണമുള്ള വാണിജ്യ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും പ്രസ്തുത നിയമത്തിലെ 27 (എ) വകുപ്പു പ്രകാരം തരംമാറ്റല്‍ ആവശ്യമില്ല. കെട്ടിടനിര്‍മ്മാണ അപേക്ഷയോടൊപ്പം നിര്‍ദ്ദിഷ്ട ഭൂമി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ല എന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറി മുമ്പാകെ സമര്‍പ്പിച്ചാല്‍ മതിയാകും.
മേല്‍പ്രകാരമുള്ള ഇളവ് ലഭ്യമാണ് എന്നതറിയാതെ തരം മാറ്റത്തിനായി അപേക്ഷകര്‍ റവന്യൂ അധികാരികളെ  ഇപ്പോഴും സമീപിക്കുന്ന നിലയുണ്ട്. അത്തരം അപേക്ഷകള്‍ പരിശോധിച്ച് മേല്‍പ്പറഞ്ഞ ആനുകൂല്യം അവര്‍ക്ക് ലഭ്യമാണ് എന്നത് തങ്ങളെ സമീപിക്കുന്ന അപേക്ഷകനെ അറിയിക്കുകയാണ് കൃഷി, തദ്ദേശസ്വയംഭരണം, റവന്യൂ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. പലപ്പോഴും ഇതിന് തയ്യാറാകാത്ത സ്ഥിതിയുണ്ട്. ഇക്കാരണത്താല്‍ 2018-ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഭേദഗതി വരുത്തിയതിന്‍റെ ആനുകൂല്യം ജനങ്ങള്‍ക്ക് അനുഭവേദ്യമാകുന്നില്ല എന്നത് വസ്തുതയാണ്. അപേക്ഷകള്‍ സ്വീകരിക്കാതെയും വസ്തുതകള്‍ മനസ്സിലാക്കാതെയും  ഉദ്യോഗസ്ഥര്‍ വരുത്തുന്ന കാലതാമസം കാരണം നിരവധി പേരാണ് ഒരു ചെറിയ വീട് പണിയുന്നതിനുവേണ്ടി ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത് ഉദ്യോഗസ്ഥതലത്തില്‍ വരുത്തുന്ന ഗുരുതരമായ അനാസ്ഥയായി മാത്രമേ കാണാന്‍ കഴിയൂ.

ഇത്തരം ആനുകൂല്യങ്ങള്‍ നിലവിലുണ്ട് എന്ന കാര്യം പൊതുജനങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ്. നിലവില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അവ അടിയന്തരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്ന 2008 ല്‍ ഉടമസ്ഥാവകാശം ഉണ്ടായിരുന്നതും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതുമായ നെല്‍വയലിന്‍റെ ഉടമസ്ഥനോ അയാളുടെ കുടുംബത്തിനോ വീട് വയ്ക്കാന്‍ പറ്റിയ സ്ഥലം സ്വന്തം ജില്ലയില്‍ ഇല്ലാത്തപക്ഷം ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും, നഗരപ്രദേശങ്ങളില്‍ 5 സെന്‍റും നിലം വീട് വയ്ക്കാനും അനുമതി ലഭിക്കും.
എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓരോ കാരണവും പറഞ്ഞ് മടക്കലാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന് കരുതാന്‍ പാടില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിത മായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Share this post