• Chinju MA
  • 17 Mar 2025

ഡൽഹിയിൽ സ്ഥലം വാങ്ങിക്കൂട്ടി സമ്പന്നർ; റിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ച.

 സമ്പന്നരുടെ ഇഷ്ട നഗരമായ മുംബൈയെ പിന്തള്ളി റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം കുത്തനെ ഉയർത്തി ഡൽഹി. ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് ഡാറ്റാ അനലിറ്റിക്സ് സ്ഥാപനമായ പ്രോപ്ഇക്വിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് ഡൽഹി-എൻസിആറിൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം ഒരു ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുകയാണ് ഇപ്പോൾ. 

 റിയൽ എസ്റ്റേറ്റ് പ്രമുഖർ കണ്ണുവച്ചതോടെ ഡൽഹി-എൻസിആറിലെ മൊത്തം വിൽപ്പനയുടെ മൂല്യം 2024 ൽ 63 ശതമാനം വർധിച്ച് 1.53 ലക്ഷം കോടി രൂപയായി മാറി. നിലവിൽ ഡൽഹി-എൻസിആറിൽ, ശരാശരി വിൽപ്പന വില ചതുരശ്ര അടിക്ക് 12,469 രൂപയായി ഉയർന്നിട്ടുണ്ട്.
2229 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള വീടുകളാണ് വിറ്റുപോയതിലധികവും. അതിൽ പകുതിയിലധികവും 2 കോടി രൂപയും അതിൽ കൂടുതലും വിലയുള്ള വീടുകളുമാണ്. 1-2 കോടി രൂപയ്ക്കിടയിൽ വിലയുള്ള വീടുകൾക്കാണ് പിന്നീട് ഡിമാൻഡ് ഉയരുന്നത്. 

ഡൽഹി-എൻസിആറിൽ റിയൽ എസ്റ്റേറ്റ് വിപണിക്ക് ഡിമാൻഡ് ഉയരാൻ പ്രധാന കാരണം അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വള‍ർച്ചയാണ്. കൂടുതൽ കോർപ്പറേറ്റ് കമ്പനികൾ വരുന്നതും ലീസിംഗ് കരാറുകൾ ഉയരുന്നതും ഒക്കെ ഡൽഹിക്ക് നേട്ടമാണ്. വരും വർഷങ്ങളിൽ റിയൽ എസ്റ്റേറ്റ് വിപണി കൂടുതൽ മുന്നേറാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ പറയുന്നു. 

അതേസമയം മുംബൈയുടെ റിയൽ എസ്റ്റേറ്റ് വിൽപ്പനയിൽ 13 ശതമാനം വർദ്ധനയും ഉണ്ടായിട്ടുണ്ട്. 1.38 ലക്ഷം കോടി രൂപയായാണ് മൂല്യം ഉയർന്നത്. ഹൈദരാബാദിലെ റിയൽ എസ്റ്റേറ്റ് വിപണിയുടെ മൂല്യം 1.05 ലക്ഷം കോടി രൂപയാണ്. 18 ശതമാനം ഇടിവുണ്ട്. ഗുരുഗ്രാമിൽ റിയൽ എസ്റ്റേറ്റ് വിൽപ്പന മൂല്യത്തിൽ 66 ശതമാനമാണ് വളർച്ച.

 2024 ൽ ഡൽഹിയെയും മുംബൈയെയും ഹൈദരാബാദിനെയും പിന്തള്ളി ഏറ്റവും കൂടുതൽ പ്രോപ്പർട്ടികൾ വിറ്റഴിക്കപ്പെടുന്ന വിപണിയായി ഗുരുഗ്രാം മാറിയിരുന്നു.  യുവ വ്യവസായി ഋഷി പാർതി 190 കോടി മുടക്കി ഗുരുഗ്രാമിലെ ഡിഎല്‍എഫിന്റെ കാമെലിയാസ് അൾട്രാ ലക്ഷ്വറി പെൻ്റ്‌ഹൗസ് സ്വന്തമാക്കിയത് റിയൽ എസ്റ്റേറ്റ് മേഖലയിൽ തന്നെ വലിയ ചർച്ചയായിരുന്നു.
Share this post