• Chinju MA
  • 10 Feb 2025

സംസ്ഥാന ബജറ്റ് 2025: ഇനിമുതൽ എത്ര രൂപ അധികം നല്‍കേണ്ടി വരും, അറിയാം മാറിയ ഭൂനികുതി നിരക്കുകള്‍

സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെ ഭൂനികുതി 50% ആയി ഉയർത്തിയതിനെക്കുറിച്ച് സമ്മിശ്ര പ്രതികരണത്തോടെയുള്ള ചർച്ചകളാണ് ഉയർന്നുവരുന്നത്. 
"സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തെ തുടർന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭൂമിയുടെ വരുമാന സാധ്യതകളും മൂല്യവും പതിന്മടങ്ങ് വർധിച്ചു. എന്നാൽ ഈടാക്കുന്ന അടിസ്ഥാന ഭൂനികുതി നാമമാത്രമാണ്. ഭൂമിയിൽ നിന്ന് സർക്കാരിന് ലഭിക്കേണ്ട വരുമാനം മെച്ചപ്പെടുത്തുന്നതിനായി നിലവിലുള്ള നികുതി സ്ലാബുകളിലെ നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു"
  ബജറ്റ് അവതരണ വേളയിൽ നികുതി വർദ്ധിപ്പിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് ധനമന്ത്രി പറഞ്ഞ വാക്കുകളാണിത്. 

 നികുതി ഉയർത്താൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള ധനമന്ത്രിയുടെ വിശദീകരണവും കുത്തനെ കൂട്ടി നികുതിയെ കുറിച്ചുള്ള  ആശങ്കകളും മാധ്യമങ്ങളിലൂടെ തുടരെത്തുടരെ കേൾക്കുമ്പോഴും തന്റെ ഭൂമിക്കുള്ള നികുതിയിൽ എത്രയാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്ന കണക്ക് സാധാരണക്കാരന് ഇപ്പോഴും പിടി കിട്ടിയിട്ടില്ല.   ആ സംശയത്തിനുള്ള കൃത്യമായ മറുപടി പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ അടിസ്ഥാനത്തിൽ  വളരെ ലളിതമായി താഴെ വിവരിക്കാം.

  •  പഞ്ചായത്ത് 

​നിലവില്‍ പഞ്ചായത്തിൽ താമസിക്കുന്ന ഒരാൾക്ക്  20 സെന്‍റ് (8.1ആര്‍) വരെ ഭൂമിയാണ് ഉള്ളതെങ്കിൽ ഈടാക്കുന്ന നികുതി 40.50രൂപയാണ്. നികുതി പരിഷ്കരിക്കുന്നതോടെ ഇത് 60രൂപ 75 പൈസയായി ഉയരും. 8.1 ആറിന് മുകളില്‍ ഭൂമിയുള്ളവരുടെ നികുതി ആറിന് 8രൂപയില്‍ നിന്ന് പന്ത്രണ്ട് രൂപയായി ഉയര്‍ത്തി. അതായത് 8.2 ആര്‍ (20.25സെന്‍റ്) ഭൂമിയുള്ളവര്‍ നിലവില്‍ നല്‍കിയിരുന്ന  നികുതി 65.6  രൂപയായിരുന്നു. പുതുക്കിയ നികുതി നിരക്ക് പ്രകാരം ഇത്  98.4 രൂപയായി ഉയരും.​​

  • നഗരസഭ

 ആറുസെന്‍റുവരെ (2.43 ആര്‍)  ഭൂമിയുള്ള നഗരസഭ നിവാസികൾ  നിലവില്‍ ഒരു ആറിന് 10രൂപ ക്രമത്തില്‍  24.3 രൂപയാണ്  ഭൂനികുതിയായി  നല്‍കിയിരുന്നത് . ഇനിയത് ആറിന് 15രൂപ പ്രകാരം 37.05രൂപ നല്‍കണം .  അറുസെന്‍റിന് മുകളില്‍ ഭൂമിയുളള്ളവരുടെ നികുതി ആര്‍ ഒന്നിന്  15 രൂപയില്‍ നിന്ന് 22.50 പൈസയായി ഉയര്‍ത്തി .അതായത്  മൂന്ന് ആര്‍ (7.41സെന്‍റ്)  ഭൂമിയുള്ളവര്‍  നിലവില്‍45 രൂപയാണ് നല്‍കിയിരുന്നത് . പുതുക്കിയ നിരക്ക് പ്രകാരം  ഇനിമുതല്‍  67.5 രുപ നൽകേണ്ടിവരും.

  • ​കോര്‍പ്പറേഷന്‍

 1.62 ആര്‍ (4സെന്‍റ്) വരെ  വിസ്തൃതിയുള്ള കോര്‍പ്പറേഷന്‍ പരിധിയിലെ ഭൂമിക്ക് നിലവില്‍ ആര്‍ ഒന്നിന് 20 രൂപ ക്രമത്തില്‍  32 രൂപയാണ് നികുതി ഈടാക്കിയിരുന്നത് . ഇനിയിത് 30 രൂപ ക്രമത്തില്‍ 48.60രൂപ നല്‍കണം.നാലുസെന്‍റിന്‍ മേല്‍ ഭൂമിയുള്ളവരുടെ നികുതി ആര്‍ ഒന്നിന്  30 രൂപയായിരുന്നത് 45 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതായത് 2ആര്‍(4.94സെന്‍റ്) ഭൂമിയുള്ളയാള്‍ 60 രൂപ നികുതി നല്‍കിയിരുന്നത്  90 രൂപയായാണ് വർദ്ധിച്ചത്.
Share this post