• Chinju MA
  • 17 Oct 2024

ചതിക്കെണിയിൽ പെടരുത് ; ഫ്ലാറ്റ് വാങ്ങുമ്പോൾ ഉറപ്പായും ശ്രെദ്ധിക്കണം ഇക്കാര്യങ്ങൾ

ഇന്നത്തെ കാലത്ത് നാടുവിട്ട് നഗരങ്ങളിലേക്ക് കുടിയേറുന്ന ഏതൊരാൾക്കും സ്വന്തമായൊരു കിടപ്പാടം എന്ന ആഗ്രഹം മനസ്സിൽ ഉദിക്കുമ്പോൾ തന്നെ ആദ്യം മനസ്സിൽ എത്തുക ഒരു ഫ്ലാറ്റ് വാങ്ങിയാലോ എന്ന ചിന്തയാണ്. സമയം, സൗകര്യം, സുരക്ഷ എന്നിവയ്‌ക്കൊപ്പം നഗരത്തിൽ വർധിച്ചു വരുന്ന സ്ഥലപരിമിതിയും ഭൂമിയുടെ വിലക്കയറ്റവുമെല്ലാം ഫ്ലാറ്റ് ജീവിതം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടങ്ങളാണ്.  എന്നിരുന്നാലും കൃത്യമായ വീക്ഷണത്തോടെയും പരിശോധനയോടെയും മാത്രമേ ഫ്ലാറ്റ് വാങ്ങാനുള്ള നടപടികളിലേക്ക് കടക്കാവുള്ളൂ. ഇല്ലെങ്കിൽ വലിയൊരു ചതിക്കുഴിയിലേക്കും  സാമ്പത്തിക ബാധ്യതകളിലേക്കും ഒക്കെ അത് നമ്മളെ കൊണ്ടെത്തിക്കും. വാങ്ങുമ്പോൾ  കരുതലോടെ വാങ്ങുക എന്നത് മാത്രമാണ് ഇതിന് പോംവഴി. ഫ്ലാറ്റ് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങളിൽ ശ്രദ്ധ വേണമെന്ന് നോക്കാം.

  •  പരിശോധിക്കണം രേഖകൾ 
ഫ്‌ളാറ്റ് പണിതിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള പ്രമാണങ്ങൾ വിശദമായി പരിശോധിക്കണം. ഭൂമിയുടെ ആധാരം, മുന്നാധാരം, ബാധ്യത ഇല്ലെന്നു തെളിയിക്കുന്ന രേഖകൾ തുടങ്ങിയവയുടെ പകർപ്പെടുത്ത് ആവശ്യമെങ്കിൽ ഒരു നിയമ വിദഗ്ധന്റെ സഹായം തേടി കൃത്യമായി പരിശോധിക്കണം. 
ബിൽഡർ സ്വന്തം സ്ഥലത്തല്ലാതെ മറ്റൊരാളുടെ സ്ഥലത്താണ് ഫ്‌ളാറ്റ് നിർമിച്ചിരിക്കുന്നതെങ്കിൽ അതിന് ബിൽഡർക്ക് സ്ഥലമുടമ അനുവാദം കൊടുത്തിരിക്കുന്ന പവർ ഓഫ് അറ്റോർണിയുടെ പകർപ്പും  പരിശോധിക്കേണ്ടത് പ്രധാനമാണ്.

  •  കൃത്യമാകണം  നിർമ്മാണ അനുമതിയും, ചട്ടങ്ങളും 
  ഫ്ലാറ്റ് വാങ്ങിയവരെയും വാങ്ങാനിരിക്കുന്നവരെയും ഒരുപോലെ ഞെട്ടിച്ച ഒന്നായിരുന്നു കൊച്ചി മരടിൽ തീരദേശനിയമം ലംഘിച്ചു നിർമിച്ചതിന്റെ പേരിൽ അപാർട്മെന്റുകൾ പൊളിച്ചു നീക്കിയ സംഭവം.  അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കെണികളിൽ ചെന്ന് വീഴാതിരിക്കാൻ  ഫ്ലാറ്റിന് നിയമപരമായ അനുമതികൾ ലഭിച്ചതാണോ എന്ന് പരിശോധിക്കണം. അതതു പഞ്ചായത്ത്‌,മുനിസിപ്പൽ, കോർപറേഷൻ അല്ലെങ്കിൽ പ്ലാനിങ് അതോറിറ്റി, വിവിധ സർക്കാർ വകുപ്പുകൾ എന്നിവയുടെ അനുമതിയോടുകൂടി പെർമിറ്റ് നേടിയാണോ ഫ്ലാറ്റ് നിർമ്മിക്കുന്നതെന്നും  ഫ്ലാറ്റിനു മുന്നിലൂടെ കടന്നുപോകുന്ന റോഡ്, മാലിന്യ സംസ്കരണം, കുടിവെള്ളം  അതിരുകളിൽ നിന്നുള്ള അകലം, ഭൂമിയുടെ തരം തുടങ്ങിയ കാര്യങ്ങളെല്ലാം നിയമപരമാണോ എന്നും കൃത്യമായി അന്വേഷിച്ച്   മനസ്സിലാക്കണം. 

  •  അന്വേഷിക്കാം ബിൽഡറെക്കുറിച്ച് 
ഫ്ലാറ്റ് ഒരു സ്ഥിര നിക്ഷേപമാണെന്നിരിക്കെ ബിൽഡറെ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം. 
ബിൽഡറെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. ബിൽഡറിന്റെ ട്രാക്ക് റെക്കോഡ് പരിശോധിക്കാം. അവർ നടത്തിയ വിൽപനകളും അവരുടെ വർക്കും പണികൾ തീർക്കാനെടുക്കുന്ന സമയപരിധി, നിർമ്മാണ ക്വാളിറ്റി, മുൻപ് എന്തെങ്കിലും പരാതി ഉയർന്നിട്ടുണ്ടോ  തുടങ്ങിയവയെല്ലാം കൃത്യമായി അന്വേഷിച്ച് അറിഞ്ഞിരിക്കണം.

  •  ശ്രദ്ധയോടെ വേണം കരാറും പണമിടപാടും 
 ഫ്ലാറ്റിനായി ബിൽഡർ പറഞ്ഞ തുകയ്ക്ക് പുറമേ ഏതെങ്കിലും ഹിഡൻ ചാർജുകൾ കൂടി വരുന്നുണ്ടോ, മാസം നൽക്കേണ്ട പരിപാലന ചാർജ് എത്രയാണ് എന്നിവ കൂടി കൃത്യമായി അറിഞ്ഞതിനുശേഷം മാത്രമേ കരാർ എഴുതി പണം കൈമാറുവാൻ പാടുള്ളൂ. ഇനി ഏതെങ്കിലും കാരണവശാൽ പറഞ്ഞ സമയത്തുതന്നെ ഫ്ലാറ്റ് പണി പൂർത്തിയാക്കി കൈമാറിയില്ലെങ്കിലൊ നിർമ്മാണത്തിൽ ഏതെങ്കിലും തരത്തിലുള്ള ചട്ടലംഘനങ്ങൾ  കാണിച്ചാലോ ഉപഭോക്താവ് എന്ന നിലയ്ക്ക് ബിൽഡറിൽനിന്നു നഷ്ടപരിഹാരം നേടാൻ കഴിയുന്ന രീതിയിൽ വേണം കരാർ എഴുതുവാൻ.  

  •  നിർമ്മാണം പൂർത്തിയാക്കാത്ത ഫ്ലാറ്റുകൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ വേണം
 പണി തീരും മുൻപ് അഡ്വാൻസ് നൽകി ഫ്ലാറ്റുകൾ ഉറപ്പിക്കുന്ന രീതി ഇന്ന് പൊതുവേ കണ്ടു വരാറുണ്ട്.  ഇത്തരം സാഹചര്യങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി  നടക്കുന്നുണ്ടോ എന്നും പ്ലാനിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്നും  പരിശോധിക്കണം. പറഞ്ഞ സമയത്ത് ഫ്ലാറ്റ് കൈമാറ്റം ചെയ്തില്ല എങ്കിൽ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ചട്ട പ്രകാരം പരാതിപ്പെടാവുന്നതാണ്.

#tipsforbuying #apartment #builder #rera #developer
Share this post